എസ്‌ഐആര് വിരുദ്ധ സമരത്തിന് ഇന്ന് ബെംഗളൂരു സാക്ഷിയാകും. ഫ്രീഡം പാര്‍ക്കില്‍ രാവിലെ 10.30നാണ് സമരം എന്ന് നടന്‍ പ്രകാശ് രാജ് അറിയിച്ചു.സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളവേഴ്‌സുള്ള ധ്രുവ് റാഠി സമരത്തിന്റെ ഭാഗമാകും. കൂടാതെ കൊക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ അഭിജത് ദീപ്‌കെ, സൗരവ് ദാസ്, എസ്‌എഫ്‌ഐ നേതാവ് ഐഷ ഘോഷ്, ഐസ നേതാവ് നേഹ ബോറ എന്നിവരും എത്തുന്ന സമരത്തിന് വിദ്യാര്‍ഥികളുടെ വന്‍ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.ഇന്നലെ രാവിലെ സമരത്തെ കുറിച്ച് വിശദീകരിച്ച് പ്രകാശ് രാജ് ഒരു വീഡിയോ പങ്കുവച്ചിരുന്നു. അപ്രതീക്ഷിത അതിഥി സമരത്തില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. വൈകീട്ട് പങ്കുവെച്ച മറ്റൊരു വീഡിയോയിലാണ് ധ്രുവ് റാഠി എത്തുമെന്ന് പരസ്യമാക്കിയത്.
ബെംഗളൂരുവില്‍ പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ ധ്രുവ് റാഠി വരുന്നത് ആദ്യമാണെന്നും എസ്‌ഐആര് വിരുദ്ധ സമരത്തിന് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു എന്നും പ്രകാശ് രാജ് അറിയിച്ചു.അര്‍ഹരായ ഒട്ടേറെ വോട്ടര്‍മാരെ എസ്‌ഐആറിലൂടെ പട്ടികയില്‍ നിന്ന് നീക്കി എന്ന ആരോപണം ശക്തമാണ്. പ്രകാശ് രാജ് കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശിച്ച് ജനങ്ങളില്‍ നിന്ന് ഇക്കാര്യത്തില്‍ വിശദാംശങ്ങള്‍ തേടുകയും ചെയ്തിരുന്നു. നിരവധി വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് പുറത്താക്കിയ എസ്‌ഐആര്‍ റദ്ദാക്കണം എന്നാണ് പ്രകാശ് രാജ് ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം.ഡല്‍ഹി സമരത്തിന്റെ പ്രതീകമായി പ്രചരിപ്പിക്കുന്ന നേഹ ബോറയും ബെംഗളൂരുവിലെത്തുന്നുണ്ട്. യുവജനങ്ങളും വിദ്യാര്‍ഥികളും സമരത്തിന്റെ ഭാഗമാകണം എന്ന് പ്രകാശ് രാജ് അഭ്യര്‍ഥിച്ചു. കര്‍ണാടകയില്‍ നടത്തിയ എസ്‌ഐആറില്‍ നിരവധി പേര്‍ പട്ടികയില്‍ നിന്ന് പുറത്തായിട്ടുണ്ട്.
എല്ലാവരും ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ എത്തുമെന്നും ഒരുമിച്ച് നമുക്ക് ശബ്ദം ഉയര്‍ത്താമെന്നും പ്രകാശ് രാജ് പറഞ്ഞു.സിജെപിയാണ് ബെംഗളൂരുവിലെ ചപ്പല്‍ സമരം പ്രഖ്യാപിച്ചത്. ഇതിന് പ്രകാശ് രാജ് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ വഴി സംഘാടകര്‍ വലിയ പ്രചാരണം നടത്തുന്നുണ്ട്. ഇന്ത്യയിലെ പ്രമുഖ യുട്യൂബര്‍ ആണ് ധ്രുവ് റാഠി. ഇന്ത്യന്‍ രാഷ്ട്രീയത്തെ കുറിച്ച് അദ്ദേഹം ചെയ്യുന്ന വീഡിയോ കോടിക്കണക്കിന് ആളുകളാണ് കാണുന്നത്. ഹരിയാനയില്‍ ജനിച്ച ധ്രുവ് റാഠി ജര്‍മനയിലാണ് പഠിച്ചത്.രണ്‍വീര്‍ സിങിന്റെ ധുരന്തര്‍ ദി റിവഞ്ച് എന്ന ചിത്രത്തിനെ രൂക്ഷമായി വിമര്‍ശിച്ച ധ്രുവ് റാഠിയുടെ പ്രതികരണം അടുത്തിടെ ഏറെ ചര്‍ച്ചയായിരുന്നു. ഒരു പാര്‍ട്ടിയെ രാജ്യവിരുദ്ധമാക്കി ചിത്രീകരിക്കുന്നു എന്നാണ് ധ്രുവ് റാഠി പറയുന്നത്. ഇത് പ്രോല്‍സാഹിപ്പിച്ചാല്‍ ഭാവിയില്‍ കൂടുതല്‍ പേര്‍ ഇത്തരം ചിത്രങ്ങളുമായി രംഗത്തുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയില്‍ സിജെപി പ്രഖ്യാപിച്ച സമരം ഈ മാസം പത്ത് മുതലാണ്. അതിന് മുന്നോടിയായിട്ടാണ് ബെംഗളൂരു സമരം.