സ്ഥിരമായ ജോലി ഉപേക്ഷിച്ച് കുടുംബത്തിന്റെ ക്ഷീരവ്യാപാരം വളർത്താൻ വ്യത്യസ്തമായൊരു വഴി തിരഞ്ഞെടുത്ത ഒഡീഷ സ്വദേശിയുടെ കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.ദേശീയ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ ജോലി ഉപേക്ഷിച്ച ദിനേഷ് എന്ന യുവാവാണ് ബെംഗളൂരുവിലെത്തിയത്. ഇവിടെ ബൈക്ക് ടാക്സി ഓടിക്കുന്നതിനൊപ്പം ഭാവിയിലെ സംരംഭത്തിനായുള്ള വിപണി പഠനവും നടത്തുകയാണ് ഇയാള്‍.ഒഡീഷയിലെ കുടുംബത്തിന്റെ ക്ഷീരകൃഷിയുമായി ബന്ധപ്പെട്ട് പുതിയൊരു വ്യാപാരം ആരംഭിക്കാനാണ് ദിനേഷ് ലക്ഷ്യമിടുന്നത്. എന്നാല്‍ വലിയ നിക്ഷേപം നടത്തുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ക്ക് എന്താണ് ആവശ്യമെന്ന് നേരിട്ട് മനസ്സിലാക്കണമെന്നായിരുന്നു തീരുമാനം. അതിനായി ഒരു വർഷത്തോളം ബെംഗളൂരുവില്‍ തുടരാനാണ് യുവാവ് പദ്ധതിയിട്ടിരിക്കുന്നത്.
പ്രത്യേകിച്ച് സാങ്കേതിക മേഖലയില്‍ ജോലി ചെയ്യുന്നവരെയാണ് ഭാവിയിലെ ഉപഭോക്താക്കളായി കണക്കാക്കുന്നത്.ബൈക്ക് ടാക്സി ഓടിക്കുന്നതിനിടെ യാത്രക്കാരുമായി സംസാരിച്ച് അവരുടെ പാലുല്‍പ്പന്നങ്ങളുടെ ഉപയോഗത്തെക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും ദിനേഷ് ചോദിച്ചറിയുകയാണ്. പാലിന് പുറമെ ഏതൊക്കെ ക്ഷീരോല്പ്പന്നങ്ങളാണ് വാങ്ങുന്നതെന്നും എന്താണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നും യാത്രക്കാരില്‍നിന്ന് മനസ്സിലാക്കുന്നു. ഇതിലൂടെ വിപണി പഠനത്തിനായി പ്രത്യേകം പണം ചെലവഴിക്കാതെ യഥാർഥ ഉപഭോക്താക്കളില്‍നിന്ന് നേരിട്ട് അഭിപ്രായം ശേഖരിക്കുകയാണ് യുവാവ്. ഒരേ സമയം വരുമാനവും ഉപഭോക്താക്കളുടെ അഭിപ്രായവും ലഭിക്കുന്നതിനാലാണ് ഈ വഴി തിരഞ്ഞെടുത്തതെന്നും ദിനേഷ് വ്യക്തമാക്കിയതായി കുറിപ്പില്‍ പറയുന്നു.ബെംഗളൂരുവിലെ ഒരു യാത്രയ്ക്കിടെയാണ് വരുണ്‍ രാജ് എന്നയാള്‍ ദിനേഷിനെ പരിചയപ്പെടുന്നത്.
സംസാരത്തിനിടെ യുവാവിന്റെ വ്യത്യസ്തമായ സമീപനം മനസ്സിലാക്കിയ വരുണ്‍ രാജ് സംഭവം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതോടെയാണ് കഥ ശ്രദ്ധ നേടിയത്. പരമ്പരാഗത വിപണി പഠനങ്ങളെയും വലിയ പദ്ധതികളെയും ആശ്രയിക്കുന്നതിന് പകരം നേരിട്ട് ഉപഭോക്താക്കളുമായി സംസാരിച്ച് ആശയം രൂപപ്പെടുത്തുന്ന ദിനേഷിന്റെ രീതിയെ നിരവധി പേരാണ് അഭിനന്ദിച്ചത്. ഒരു വർഷത്തെ പഠനത്തിന് ശേഷം ഒഡീഷയിലേക്ക് മടങ്ങി കുടുംബത്തിന്റെ ക്ഷീരവ്യാപാരം വികസിപ്പിക്കാനാണ് ദിനേഷിന്റെ ലക്ഷ്യം.