Home കർണാടക ബെംഗളൂരുവിലെ ഗതാഗത കുരുക്ക് കുറയ്ക്കാൻ നടപടി; 270 കി.മീയില്‍ ആര്‍ആര്‍ടിഎസ്, മൂന്നിടത്തേക്ക്

ബെംഗളൂരുവിലെ ഗതാഗത കുരുക്ക് കുറയ്ക്കാൻ നടപടി; 270 കി.മീയില്‍ ആര്‍ആര്‍ടിഎസ്, മൂന്നിടത്തേക്ക്

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി 270 കിലോമീറ്റർ ദൈർഘ്യമുള്ള ആർആർടിഎസ് ശൃംഖല ഒരുക്കാൻ നിർദേശവുമായി കർണാടക സർക്കാർ.ബെംഗളൂരുവിനെ തുമകൂരു, മൈസൂരു, കോലാർ ഗോള്‍ഡ് ഫീല്‍ഡ്‌സ് എന്നിവയുമായി ബന്ധിപ്പിക്കുന്ന മൂന്ന് പ്രധാന പാതകളിലായിരിക്കും നിർദ്ദിഷ്‌ട ആർആർടിഎസ് ശൃംഖല. ബെംഗളൂരു മെട്രോപൊളിറ്റൻ മേഖലയുടെ അടുത്ത 10 മുതല്‍ 15 വർഷത്തേക്കുള്ള സമഗ്ര വികസന പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 5ന് മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് നിർദേശം ചർച്ച ചെയ്‌തത്‌.ബെംഗളൂരു തുമകൂരു, ബെംഗളൂരു മൈസൂരു, ബെംഗളൂരു കെജിഎഫ് എന്നീ മൂന്ന് പാതകളിലായാണ് 270 കിലോമീറ്റർ ആർആർടിഎസ് ശൃംഖല പരിഗണിക്കുന്നത്.

നഗരത്തില്‍ നിന്ന് പുറത്തുള്ള പ്രധാന നഗരങ്ങളിലേക്കുള്ള വേഗമേറിയ യാത്രാസൗകര്യം ഒരുക്കുന്നതിലൂടെ ബെംഗളൂരുവിലേക്ക് ദിവസേന എത്തുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും നഗരത്തിലെ ഗതാഗത സമ്മർദം കുറയ്ക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.ഇതോടൊപ്പം ബെംഗളൂരുവിലെ മെട്രോ ശൃംഖലയും കാര്യമായി വികസിപ്പിക്കാൻ സർക്കാർ ഒരുങ്ങുകയാണ്. നിലവില്‍ ഏകദേശം 96 കിലോമീറ്ററുള്ള മെട്രോ ശൃംഖല 2037ഓടെ 312 കിലോമീറ്ററായി ഉയർത്തുകയാണ് ലക്ഷ്യം. ബെംഗളൂരു ഉപനഗര റെയില്‍ ശൃംഖലയിലും 72 കിലോമീറ്റർ അധിക പാത ഉള്‍പ്പെടുത്താനുള്ള പദ്ധതിയുണ്ട്. നഗരത്തിനുള്ളിലെ പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനൊപ്പം നഗരത്തിന് പുറത്തുള്ള മേഖലകളുമായി വേഗത്തിലുള്ള റെയില്‍ ബന്ധം ഒരുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.റിംഗ് റോഡ് ശൃംഖല വികസിപ്പിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. 10 അധിക നഗരകേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 210 കിലോമീറ്റർ റിംഗ് റോഡ് നിർമ്മിക്കുന്നതിനുള്ള നിർദേശവും യോഗത്തില്‍ ചർച്ച ചെയ്‌തു. പെരിഫറല്‍ റിംഗ് റോഡിന്റെ രണ്ടാം ഘട്ടത്തെ നൈസ് റോഡുമായി ബന്ധിപ്പിക്കുന്നതും പരിഗണനയിലുണ്ട്.

നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലേക്ക് പുറത്തുനിന്നുള്ള വാഹനങ്ങള്‍ പ്രവേശിക്കാതെ തന്നെ വിവിധ മേഖലകളിലേക്ക് പോകാൻ കഴിയുന്ന രീതിയില്‍ ഗതാഗത സംവിധാനം ക്രമീകരിക്കുകയാണ് ലക്ഷ്യം.ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്കുള്ള അതിവേഗ റെയില്‍ ബന്ധവും നിർദേശങ്ങളില്‍ ഉള്‍പ്പെടുന്നു. മുംബൈ ബെംഗളൂരു മൈസൂരു ഹൈസ്‌പീഡ് റെയില്‍ പാത നീട്ടുന്നതുമായി ബന്ധപ്പെട്ട സാധ്യതകളും യോഗത്തില്‍ ചർച്ച ചെയ്‌തിട്ടുണ്ട്. നേരത്തെ തന്നെ ബെംഗളൂരുവില്‍ നിന്ന് മൈസൂരു, തുമകൂരു, കെജിഎഫ് ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് ആർആർടിഎസ് പാതകള്‍ ഒരുക്കുന്നതിനുള്ള നിർദേശങ്ങള്‍ സംസ്ഥാന സർക്കാർ മുന്നോട്ടുവച്ചിരുന്നു.ബെംഗളൂരുവിന്റെ വളർച്ച നഗരത്തിന്റെ കേന്ദ്രഭാഗത്ത് മാത്രം കേന്ദ്രീകരിക്കാതെ പ്രാന്തപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി ഒമ്പത് സംയോജിത വ്യവസായ നഗരങ്ങള്‍ വികസിപ്പിക്കാനും പദ്ധതിയുണ്ട്. വ്യവസായ മേഖലകള്‍ക്ക് ആവശ്യമായ ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതിനകം 7900 ഏക്കർ ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്നും 5600 ഏക്കർ കൂടി ഏറ്റെടുക്കാനുള്ള നടപടികള്‍ നടക്കുകയാണെന്നും സർക്കാർ അറിയിച്ചു.ബെംഗളൂരുവില്‍ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച എഐ നഗരവും ഈ വികസന പദ്ധതിയുടെ ഭാഗമാണ്. സിംഗപ്പൂരിലെ പുംഗോളിന്റെ മാതൃകയില്‍ എഐ നഗരം വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി അനുയോജ്യമായ ഭൂമി കണ്ടെത്തുന്നതിനൊപ്പം എഐ സർവകലാശാല സ്ഥാപിക്കാനുള്ള സ്ഥലവും കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

സാങ്കേതികവിദ്യ, വ്യവസായം, ഗതാഗതം എന്നിവയെ ഒരുമിച്ച്‌ വികസിപ്പിക്കുന്ന രീതിയിലാണ് ബെംഗളൂരു മെട്രോപൊളിറ്റൻ മേഖലയ്ക്കുള്ള പുതിയ വികസന കാഴ്‌ചപ്പാട്.2037ഓടെ ബെംഗളൂരു മെട്രോപൊളിറ്റൻ മേഖലയ്ക്ക് പ്രതിദിനം ഏകദേശം 3600 ദശലക്ഷം ലിറ്റർ വെള്ളം ആവശ്യമായി വരുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. അതിനാല്‍ കുടിവെള്ള ആവശ്യങ്ങള്‍ക്കൊപ്പം വ്യവസായ മേഖലയ്ക്കുള്ള ജലലഭ്യത ഉറപ്പാക്കാനും ശുദ്ധീകരിച്ച മലിനജലം പുനരുപയോഗിക്കുന്ന പദ്ധതികള്‍ക്കും തടാകങ്ങള്‍ നിറയ്ക്കുന്നതിനുമാണ് മുൻഗണന നല്‍കുന്നത്. ജലവിതരണവും മലിനജല സംവിധാനവും കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.താമസ സൗകര്യ വികസനവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏകദേശം 6 മുതല്‍ 6.5 ലക്ഷം വരെ വീടുകള്‍ നിർമ്മിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വ്യവസായ മേഖലകളില്‍ ജോലി ചെയ്യുന്ന ഏകദേശം 40,000 മുതല്‍ 50,000 വരെ തൊഴിലാളികള്‍ക്ക് താങ്ങാവുന്ന നിരക്കിലുള്ള താമസസൗകര്യം ഒരുക്കാനും പദ്ധതിയുണ്ട്. ഗതാഗതം, വ്യവസായം, വെള്ളം, താമസം എന്നിവയെ ഏകോപിപ്പിച്ചുള്ള വികസനത്തിലൂടെ ബെംഗളൂരുവിന്റെ ഭാവി സുരക്ഷിതമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

You may also like

error: Content is protected !!
Join Our WhatsApp Group