Home കർണാടക ജിംനേഷ്യത്തിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിനിടെ തര്‍ക്കം; സഹപ്രവര്‍ത്തകരുടെ ക്രൂരമര്‍ദനത്തില്‍ ട്രെയിനര്‍ കൊല്ലപ്പെട്ടു

ജിംനേഷ്യത്തിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിനിടെ തര്‍ക്കം; സഹപ്രവര്‍ത്തകരുടെ ക്രൂരമര്‍ദനത്തില്‍ ട്രെയിനര്‍ കൊല്ലപ്പെട്ടു

ബെംഗളൂരു: ജിംനേഷ്യത്തിന്റെ ഒന്നാം വാർഷികാഘോഷത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് സഹപ്രവർത്തകരുടെ മർദനമേറ്റ് ട്രെയിനറായ യുവാവ് കൊല്ലപ്പെട്ടു.ബെംഗളൂരു സഹകരണ നഗറിലെ ‘മാസീവ് ഫിറ്റ്നെസ്’ ജിംനേഷ്യത്തിലെ ട്രെയിനറായ നന്ദൻ (25) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മഹേന്ദ്ര-മഞ്ജുള ദമ്പതിമാരുടെ ഏകമകനാണ്.സംഭവവുമായി ബന്ധപ്പെട്ട് ജിമ്മിലെ മറ്റ് ട്രെയിനർമാരായ വിശ്വനാഥ് (22), ശരത് (27), നിശാന്ത് (24) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. ജിമ്മിലെ അംഗമായ അനുഷ് എന്നയാള്‍ക്കെതിരെയും നന്ദന്റെ അമ്മയുടെ പരാതിയില്‍ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഒരു വർഷമായി സഹകരണ നഗറിലെ ജിമ്മില്‍ ട്രെയിനറായി ജോലി ചെയ്തുവരികയായിരുന്നു നന്ദൻ. ശനിയാഴ്ചയായിരുന്നു ജിമ്മിന്റെ ഒന്നാം വാർഷികാഘോഷം. ആഘോഷങ്ങള്‍ക്ക് ശേഷം നന്ദനും മറ്റ് മൂന്ന് പ്രതികളും ചേർന്ന് ജിം അംഗമായ അനുഷിന്റെ ജാക്കൂർ ലേഔട്ടിലെ ഫ്ലാറ്റിലേക്ക് പോയി. ഇവിടെ വെച്ച്‌ മദ്യമോ മറ്റ് ലഹരിപദാർത്ഥങ്ങളോ ഉപയോഗിച്ചതായി സംശയിക്കുന്നുണ്ട്.ഞായറാഴ്ച പുലർച്ചെ മൂന്നരയോടെ സംഘം തമ്മില്‍ വാക്കുതർക്കമുണ്ടാവുകയും അത് പിന്നീട് കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നു. ഈ സംഘർഷത്തിനിടെയാണ് നന്ദന് ഗുരുതരമായി മർദനമേറ്റത്. മൃതദേഹത്തില്‍ ഒട്ടേറെ മുറിവുകളുണ്ടെന്നും ശ്വാസംമുട്ടിച്ചാണോ കൊലപാതകമെന്നും പൊലിസ് സംശയിക്കുന്നുണ്ട്. സംഘർഷത്തില്‍ പ്രതികള്‍ക്കും പരുക്കേറ്റിട്ടുണ്ട്. അക്രമത്തില്‍ ഫ്ലാറ്റിലെ ചില്ലുകളും വാഷ്ബേസിനും തകർന്നിട്ടുണ്ട്.സംഭവസമയം താൻ ഉറങ്ങുകയാണെന്നും ഞായറാഴ്ച രാവിലെ പത്തരയോടെ എഴുന്നേറ്റപ്പോഴാണ് പരുക്കേറ്റ നിലയില്‍ നന്ദനെ കാണുന്നതെന്നുമാണ് ഫ്ലാറ്റുടമ അനുഷ് പൊലിസിന് നല്‍കിയ മൊഴി.

ഉടൻ തന്നെ പരിചയക്കാരനായ ഡോക്ടറെ വീഡിയോ കോളില്‍ വിളിച്ച്‌ സഹായം തേടുകയും ഡോക്ടറുടെ നിർദേശപ്രകാരം ആംബുലൻസില്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തും മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.നന്ദൻ പരിക്കേറ്റ് അബോധാവസ്ഥയില്‍ കിടക്കുമ്പോഴും പ്രതികളായ മൂന്ന് പേരും ഫ്ലാറ്റില്‍ തന്നെയുണ്ടായിരുന്നെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്നും അനുഷ് പൊലിസിനോട് വ്യക്തമാക്കിയിട്ടുണ്ട്. എന്താണ് തർക്കത്തിന് കാരണമെന്ന് വ്യക്തമല്ലെന്നും, പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളൂവെന്നും പൊലിസ് അറിയിച്ചു. നന്ദന്റെ അമ്മയുടെ പരാതിയില്‍ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലിസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group