Home കർണാടക ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ചൈനയില്‍ നിന്ന് പ്ലാറ്റ്‌ഫോം സ്ക്രീൻ ഡോറുകള്‍ ചെന്നൈ തുറമുഖത്തേക്ക്

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ചൈനയില്‍ നിന്ന് പ്ലാറ്റ്‌ഫോം സ്ക്രീൻ ഡോറുകള്‍ ചെന്നൈ തുറമുഖത്തേക്ക്

ബെംഗളൂരു: നമ്മ മെട്രോയിലെ ആദ്യത്തെ പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകള്‍ ചൈനയില്‍ നിന്ന് എത്തിച്ചേരുന്നു. ബെംഗളൂരു മെട്രോയില്‍ ആദ്യമായി ‘പിഎസ്‌ഡി’ സ്ഥാപിക്കുന്നത് പിങ്ക് ലൈനിലെ ഭൂഗർഭ പാതയിലാണ്.ചൈനയില്‍ നിന്ന് അയച്ച പിഎസ്ഡി ഉപകരണങ്ങള്‍ ഉടൻ ചെന്നൈ തുറമുഖത്തെത്തും. നമ്മ മെട്രോയുടെ പിങ്ക് ലൈൻ തുരങ്കപാത പൂർത്തീകരണത്തിലേക്ക് നീങ്ങുകയാണിപ്പോള്‍. 2026 നവംബർ – ഡിസംബർ മാസങ്ങളില്‍ ട്രയല്‍ റണ്‍ തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. 2027 മാർച്ച്‌ മാസത്തോടെ ജോലികളെല്ലാം പൂർത്തീകരിക്കാനാണ് നിർമാതാക്കള്‍ക്ക് ബിഎംആർസി നല്‍കിയിരിക്കുന്ന നിർദ്ദേശം. ഇതില്‍ കേളേന അഗ്രഹാര മുതല്‍ തവരക്കരെ വരെയുള്ള 7.5 കി.മീ എലിവേറ്റഡ് പാത ഈമാസം (2026 ഒക്ടോബറില്‍) തന്നെ ഉദ്ഘാടനം ചെയ്യുമെന്നും വിവരമുണ്ട്.

പലവട്ടം നീട്ടിവെക്കപ്പെട്ടതാണ് ഈ ഉദ്ഘാടനം.പിങ്ക് ലൈനിന്റെ ആകെ നീളം 21.25 കിലോമീറ്ററാണ്. ഡെയറി സർക്കിള്‍ മുതല്‍ നാഗവാര വരെയുള്ള ഭൂഗർഭ പാതയ്ക്ക് 13.76 കിലോമീറ്റർ നീളവും മൊത്തം 12 സ്റ്റേഷനുകളുമുണ്ട്. എംജി റോഡ് വഴി നഗരത്തിന്റെ വടക്കൻ മേഖലയെയും തെക്കൻ മേഖലയെയും ബന്ധിപ്പിക്കുന്ന ഈ പാത, ബെംഗളൂരു മെട്രോയുടെ നാലാമത്തെ ഇന്റർചേഞ്ച് സ്റ്റേഷനായി എംജി റോഡിനെ മാറ്റും.ഈ ഭാഗത്തെ തുടങ്കനിർമാണം 2024 ഒക്ടോബറിലും ട്രാക്ക് നിർമ്മാണം 2026 മേയിലും പൂർത്തിയായിരുന്നു. ഡെയറി സർക്കിള്‍ മുതല്‍ പോട്ടറി ടൗണ്‍ വരെയുള്ള (എംജി റോഡ് ഉള്‍പ്പെടെ) 8 സ്റ്റേഷനുകളില്‍ സിസ്റ്റം ഇൻസ്റ്റാലേഷനും വൈദ്യുതീകരണവും പൂർത്തിയായി. താനറി റോഡ് മുതല്‍ നാഗവാര വരെയുള്ള അവസാന 4 സ്റ്റേഷനുകളിലെ ജോലികള്‍ ഏകദേശം രണ്ടാഴ്ചയ്ക്കുള്ളില്‍ പൂർത്തിയാകും.

ഡെയറി സർക്കിള്‍ മുതല്‍ എംജി റോഡ് വരെയുള്ള ഭാഗത്ത് വരും ആഴ്ചകളില്‍ ട്രെയിനുകള്‍ ഓടിച്ച്‌ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തും. ഔട്ട്ഡോർ സിഗ്നലിങ് പൂർത്തിയായിട്ടുണ്ട്. ഇൻഡോർ സിഗ്നലിങ് പുരോഗമിക്കുന്നു.ഡെയറി സർക്കിളില്‍ നിന്ന് ആരംഭിക്കുന്ന രീതിയില്‍ ആങ്കറിങ് ബേസ്-ഫ്രെയിം നിർമ്മാണം തുടങ്ങിയിട്ടുണ്ട്. അടുത്ത 2-3 മാസത്തിനുള്ളില്‍ സംവിധാനങ്ങള്‍ പൂർണ്ണമായി സംയോജിപ്പിച്ച്‌ അണ്ടർഗ്രൗണ്ട് പാതയിലുടനീളം ട്രയല്‍ റണ്‍ ആരംഭിക്കും. അതിനുശേഷം റോളിങ് സ്റ്റോക്ക് അനുമതി, സിഎംആർഎസ് സുരക്ഷാ അനുമതി എന്നിവ ലഭ്യമാക്കും. ഫോള്‍സ് സീലിംഗ്, തറയോടുകള്‍ പാകല്‍, പെയിന്റിങ് തുടങ്ങിയ മറ്റ് ഫിനിഷിങ് ജോലികള്‍ ട്രയല്‍ റണ്ണിനൊപ്പം നടക്കും.

You may also like

error: Content is protected !!
Join Our WhatsApp Group