Home കർണാടക കര്‍ണാടകയിലെ മുസ്‌ലിം വോട്ടുകള്‍ വെട്ടല്‍; ബിജെപി നേതാക്കള്‍ക്കെതിരെ കേസ്

കര്‍ണാടകയിലെ മുസ്‌ലിം വോട്ടുകള്‍ വെട്ടല്‍; ബിജെപി നേതാക്കള്‍ക്കെതിരെ കേസ്

ബെംഗളൂരു: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) മറവില്‍ കര്‍ണാടകയില്‍ മുസ്‌ലിംകളുടെ വോട്ടുകള്‍ കൂട്ടത്തോടെ വെട്ടാന്‍ ശ്രമം നടത്തിയതില്‍ ബിജെപി നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.ബിജെപി നേതാവ് രവി പാട്ടീല്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍. വ്യാജ രേഖകള്‍ ഉപയോഗിച്ച്‌ വോട്ട് നീക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.ബൂത്ത് ലെവല്‍ ഏജന്റിന്റെ പരാതിയിലാണ് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്തത്. ബെലഗാവിയില്‍ 198 മുസ്‌ലിം വോട്ടര്‍മാരെ നീക്കം ചെയ്യാന്‍ വ്യാജ അപേക്ഷ നല്‍കിയെന്ന് ബിഎല്‍ഒ പരാതിയില്‍ പറയുന്നു. രവി പാട്ടീലിന്റെ ഇരുപതിലധികം അനുയായികള്‍ക്കെതിരെയും കേസുണ്ട്.

ഫോം-7 പ്രകാരമുള്ള അപേക്ഷകളില്‍ വ്യാജരേഖ ചമച്ച്‌ 198 മുസ്‌ലിം വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ ഗൂഢാലോചന നടത്തിയെന്ന പരാതിയിലാണ് കേസ്.ബെലഗാവിയിലെ ബൂത്ത് ലെവല്‍ ഓഫീസറായ മീരാസാബ് സനാദിയാണ് പരാതി നല്‍കിയത്. രവി പാട്ടീലിന്റെ നേതൃത്വത്തിലുള്ള സംഘം മുസ്‌ലിം വോട്ടുകള്‍ വെട്ടാന്‍ മന:പൂര്‍വം ഇടപെട്ടതായി പരാതിയില്‍ പറയുന്നു. ഭീഷണിപ്പെടുത്തിയും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ പേരില്‍ വ്യാജമായി സംസാരിച്ചും രേഖകളില്‍ ഒപ്പ് പതിപ്പിച്ചെടുക്കുകയായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. പരാതിക്കാരന്റെയും കുടുംബത്തിന്റെയും പേരുകള്‍ ഉള്‍പ്പെടെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രമം നടന്നിട്ടുണ്ട്.മൈസൂരുവിലും ബീദറിലും സമാനമായ പരാതിയുയര്‍ന്നിട്ടുണ്ട്.

മൈസൂരുവില്‍ സയീദ് ഹസ്രത്തുല്ല എന്നയാളാണ് പരാതി നല്‍കിയത്. താനും കുടുംബവും വര്‍ഷങ്ങളായി മേഖലയില്‍ താമസമില്ലെന്ന് കാട്ടി ഫോം 7 സമര്‍പ്പിച്ച്‌ വോട്ട് വെട്ടാന്‍ ശ്രമം നടന്നതായാണ് പരാതി. തനിക്ക് അറിയാവുന്ന മറ്റ് 28 പേരുടെ വോട്ടുകള്‍ ഇത്തരത്തില്‍ വെട്ടാന്‍ ശ്രമം നടന്നതായും പരാതിയില്‍ പറയുന്നു. ബീദറിലെ ഭാല്‍ക്കിയില്‍ വ്യാജ ഫോം-7 ഉപയോഗിച്ച്‌ തന്റേതുള്‍പ്പെടെ 3244 വോട്ടര്‍മാരെ ‘സ്ഥലം മാറിയവരും അല്ലാത്തവരും’ ആയി കാണിച്ച്‌ ഒഴിവാക്കാന്‍ ശ്രമിച്ചതായി മുഹമ്മദ് അതീഖ് അഹമ്മദ് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതില്‍ 32 പേര്‍ക്കെതിരെ കേസെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group