ന്യൂഡല്‍ഹി: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് വരികയായിരുന്ന ഫ്ലൈദുബായ് വിമാനം തകർക്കാൻ ശ്രമിച്ച കോ-പൈലറ്റിനെ ചെറുത്തുതോല്‍പ്പിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചറിനെ ആദ്യം “ഹീറോ” എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, “ഒരു ഇന്ത്യക്കാരനാണ് 9/11 മാതൃകയിലുള്ള ദുരന്തം തടഞ്ഞത്” എന്ന് അദ്ദേഹത്തെ വീണ്ടും പ്രശംസിച്ചു.പ്രധാനമന്ത്രി ക്യാപ്റ്റന്റെ ഭാര്യയുമായും മാതാപിതാക്കളുമായും ആശയവിനിമയം നടത്തിയെന്നും ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നു.”ക്യാപ്റ്റൻ സ്മിത് മച്ചർ ഒരു ഹീറോ ആണ്. ഏറ്റവും വലിയ അപായത്തെ അഭിമുഖീകരിക്കുമ്പോഴും, ഗുരുതരമായി പരിക്കേറ്റിട്ടും, മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാൻ അദ്ദേഹം അപാരമായ ധൈര്യവും അടിയുറച്ച നിശ്ചയദാർഢ്യവും പ്രകടിപ്പിച്ചു.
അദ്ദേഹത്തിന്റെ ധീരത നൂറുകണക്കിന് ജീവൻ രക്ഷിക്കാനും വലിയൊരു ദുരന്തം ഒഴിവാക്കാനും സഹായിച്ചു. ഇന്ത്യ ക്യാപ്റ്റൻ മച്ചറിനെ ഓർത്ത് അഭിമാനിക്കുന്നു. അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും കൂടുതല്‍ കരുണയോടെയും നല്ല ആരോഗ്യത്തോടെയും തിരിച്ചെത്തട്ടെയെന്നും പ്രാർത്ഥിക്കുന്നു,” അദ്ദേഹം എക്സില്‍ എഴുതി.
ഡല്‍ഹിയില്‍ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ശതാബ്ദി ആഘോഷ വേളയില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്രകാരം പറഞ്ഞു: “ഇന്നലെ നടന്ന സംഭവത്തില്‍, ഇന്ത്യയുടെ ക്യാപ്റ്റൻ സ്മിത് ശ്രദ്ധേയമായ സംയമനവും സമചിത്തതയും ധൈര്യവും പ്രകടിപ്പിച്ചു; ഇസ്രായേല്‍ പ്രധാനമന്ത്രി ഇന്ന് പ്രസ്താവിച്ചതുപോലെ, ഒരു ഇന്ത്യൻ വ്യക്തിയാണ് 9/11 മാതൃകയിലുള്ള ഒരു ദുരന്തം തടഞ്ഞത്”.കോ-പൈലറ്റിനെ ചെറുത്തുതോല്‍പ്പിച്ച് വലിയൊരു ആകാശ ദുരന്തം ഒഴിവാക്കിയ പരിക്കേറ്റ ഇന്ത്യൻ പൈലറ്റിന്റെ “അസാധാരണമായ ധൈര്യത്തെ” ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രശംസിച്ചു. “ഇത് അത്ഭുതകരമായ ഒരു വീരകൃത്യമാണ് – അദ്ദേഹത്തിന്റെ, ഇന്ത്യൻ പൈലറ്റിന്റെ, അവരെ സഹായിച്ച ആളുകളുടെ ഒക്കെ. ലോകവ്യാപകമായ ഒരു ദുരന്തമാണ് അവർ തടഞ്ഞത്,” നെതന്യാഹു പറഞ്ഞു.