ബഹറൈൻ: ഓണാഘോഷ പരിപാടിയില്‍ നടന്ന കുട്ടികളെ ഉപയോഗിച്ചുള്ള ‘ചരട് പിന്നിക്കളി’ യുടെ പേരില്‍ വിവാദത്തില്‍പെട്ട് ബഹറൈൻ കേരളീയ സമാജം.കുട്ടികളെ കയറില്‍ പിടിച്ച് ഉയരത്തില്‍ നിർത്തി, ദേഹത്ത് ചരട് പിന്നിയെടുത്തുള്ള ഇനം സോഷ്യല്‍ മീഡിയയില്‍ വൻ വിമർശനത്തിനിരയായി. രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍, പരിശീലനത്തിന് ശേഷമാണ് പരിപാടി നടത്തിയതെന്ന് ബഹറൈൻ കേരളീയ സമാജം വിശദീകരണവുമായി രംഗത്തെത്തി.ബഹറൈൻ കേരളീയ സമാജത്തിലെ ഓണാഘോഷത്തോടനുബന്ധിച്ച നടന്ന പരിപാടിയിലാണ് സംഭവം.

കയറില്‍ തൂങ്ങിക്കിടക്കുന്ന കുട്ടിയെ ചുറ്റി നൃത്തം ചെയ്യുന്നതും പതിയെ ദേഹത്ത് ചരട് പിന്നിയെടുക്കുന്നതും ചിലർ രക്ഷിതാക്കളുടെ ചുമലിലും ചിലർ കയറില്‍ തൂങ്ങിയും നില്ക്കുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം. കളി തീരുംവരെ കയറില്‍ തൂങ്ങിക്കിടക്കും വിധം കുട്ടികളുടെ സുരക്ഷ അപകടത്തിലാക്കി എന്ന പേരില്‍ വൻ വിമർശനമാണ് ഉയർന്നത്.പിന്നാലെ ബഹറൈൻ കേരളീയ സമാജം വിശദീകരണവുമായി എത്തി. വീഡിയോയുടെ ചില ഭാഗങ്ങള്‍ മാത്രം കണ്ടാണ് വിമർശനമെന്നും ചിട്ടയായ പരിശീലനത്തോടെയും രക്ഷിതാക്കളുടെ ഇടപെടലോടെയും ആണ് പരിപാടി നടന്നതെന്നാണ് വിശദീകരണം.
കണ്ടവർക്കോ മാതാപിതാക്കള്‍ക്കോ പരാതി ഉണ്ടായില്ലെന്നും കഴിഞ്ഞ അഞ്ചുവർഷമായി നടക്കുന്നതാണെന്നും സമാജം വിശദീകരിച്ചു.എന്നാല്‍ കുട്ടികളില്ലാതെ തന്നെ പൂർത്തിയാക്കാവുന്ന ഒന്നാണ് പിന്നല് തിരുവാതിരയെന്നും ചരടു പിന്നിക്കളി എന്നും പറയുന്ന കലാരൂപമെന്നിരിക്കെ, കുട്ടികളെ ഉള്‍പ്പെടുത്തിയത് എന്തിനെന്നതാണ് ചോദ്യം. സമാജം തന്നെ പങ്കുവെച്ച ഇതേ കളിയുടെ മറ്റു വീഡിയോകളില്‍ കുട്ടികളില്ല താനും.