ബെംഗളൂരു: നഗരത്തിലെ സുപ്രധാനമായ ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവറിലെ ടോള്‍ പിരിവ് നിർത്തണമെന്നും റോഡിന്റെ ഭാവിയിലെ പ്രവർത്തനവും പരിപാലനവും സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ട് ഓണ്‍ലൈൻ ഹർജി.ദേശീയപാത അതോറിറ്റിയോടും കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തോടുമാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.ടോള്‍ പിരിവ് നിർത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ചേഞ്ച് ഡോട്ട് ഓർഗിലാണ് ആരംഭിച്ചിരിക്കുന്നത്. നിർമ്മാണം, പ്രവർത്തനം, പരിപാലനം എന്നിവയ്ക്കുള്ള ചെലവ് തിരിച്ചുപിടിക്കുന്നതിനും പദ്ധതി നടപ്പാക്കിയ കമ്പനിയുടെ നിക്ഷേപത്തിന് ന്യായമായ വരുമാനം ഉറപ്പാക്കുന്നതിനുമാണ് ടോള്‍ പിരിവ് നിശ്ചയിച്ചിരുന്നതെന്ന് ഹർജിയില്‍ പറയുന്നു.

സെപ്റ്റംബർ 10ന് കരാർ കാലാവധി അവസാനിച്ചതിനാല്‍ സെപ്റ്റംബർ 11 മുതല്‍ ടോള്‍ പിരിവ് നിർത്തണമെന്നും മേല്‍പ്പാത ദേശീയപാത അതോറിറ്റി ഏറ്റെടുത്ത് പരിപാലിക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു.സിറ്റിസണ്‍സ് ഫോർ സിറ്റിസണ്‍സ് എന്ന സംഘടനയുടെ സ്ഥാപകനും കണ്‍വീനറുമായ രാജ്കുമാർ ദുഗാറാണ് ഹർജി ആരംഭിച്ചത്. ടോള്‍ പ്ലാസ അടച്ചുപൂട്ടണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു. മേല്‍പ്പാതയിലെ താഴ്ന്ന ഭാഗത്ത് മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രശ്നം പരിഹരിക്കണമെന്നും റോഡിന്റെ സുരക്ഷയും പരിപാലനവും ഉറപ്പാക്കണമെന്നും ഹർജിയില്‍ പറയുന്നു.മേല്‍പ്പാതയില്‍ നിന്ന് ഏകദേശം 14 കിലോമീറ്റർ തെക്ക് അത്തിബെലെ ടോള്‍ പ്ലാസയുണ്ടെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.ഒരേ ദേശീയപാത ഭാഗത്തെ രണ്ട് ടോള്‍ പ്ലാസകള്‍ തമ്മില്‍ പൊതുവെ 60 കിലോമീറ്റർ ദൂരം വേണമെന്ന വ്യവസ്ഥയും ഇതുമായി ബന്ധപ്പെട്ട് ഹർജിയില്‍ പരാമർശിക്കുന്നുണ്ട്. സെൻട്രല്‍ സില്‍ക്ക് ബോർഡ് ജംഗ്ഷനില്‍ നിന്ന് ഇലക്ട്രോണിക്സ് സിറ്റിയിലേക്ക് നീളുന്ന 9.9 കിലോമീറ്റർ മേല്‍പ്പാതയുടെ കരാർ കാലാവധി സെപ്റ്റംബർ 10ന് അവസാനിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു.
ഇതിന് ശേഷം ഈ പാതയിലെ ടോള്‍ പിരിവ് തുടരണോ എന്ന കാര്യത്തില്‍ കേന്ദ്ര സർക്കാർ തീരുമാനമെടുക്കുമെന്നായിരുന്നു റിപ്പോർട്ടുകള്‍. ബെംഗളൂരു-ഹോസൂർ പാതയുടെ ഭാഗമായ ഇലക്ട്രോണിക്സ് സിറ്റി മേല്‍പ്പാത കർണാടക-തമിഴ്നാട് അതിർത്തിയിലേക്കുള്ള പ്രധാന ഗതാഗതപാതയാണ്. മേല്‍പ്പാതയുടെ പരിപാലനം, സുരക്ഷ, വെള്ളക്കെട്ട് തുടങ്ങിയ വിഷയങ്ങളിലും ഹർജിയില്‍ ആശങ്ക ഉയർത്തിയിട്ടുണ്ട്.ടോള്‍ പിരിവ് തുടരുമോ, റോഡ് ആരാണ് പരിപാലിക്കുക, ഭാവിയിലെ പരിപാലന ചെലവ് എങ്ങനെ കണ്ടെത്തും തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വേണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു. സെൻട്രല്‍ സില്‍ക്ക് ബോർഡിനും ഇലക്ട്രോണിക്സ് സിറ്റിക്കും ഇടയിലുള്ള ഏകദേശം 10 കിലോമീറ്റർ മേല്‍പ്പാത ബെംഗളൂരു എലിവേറ്റഡ് ടോള്‍വേ ലിമിറ്റഡ് എന്ന കമ്പനിയാണ് നിർമ്മിച്ചത്. നിർമ്മാണം, പ്രവർത്തനം, പിന്നീട് കൈമാറ്റം എന്ന രീതിയിലുള്ള കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു പദ്ധതി.
2006ല്‍ നിർമ്മാണം ആരംഭിച്ച മേല്‍പ്പാത 2010 ജനുവരിയിലാണ് ഉദ്ഘാടനം ചെയ്തത്. ഈ വർഷം സെപ്റ്റംബർ 10ന് പദ്ധതിയുടെ കരാർ കാലാവധി അവസാനിച്ചു. നിലവില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് ഒരു യാത്രയ്ക്ക് 25 രൂപയും കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ എന്നിവയ്ക്ക് 65 രൂപയുമാണ് ടോള്‍. ഒന്നിലധികം യാത്രകള്‍ക്കുള്ള നിരക്ക് യഥാക്രമം 40 രൂപയും 100 രൂപയുമാണ്.പ്രതിമാസ പാസ് നിരക്ക് ഇരുചക്ര വാഹനങ്ങള്‍ക്ക് 785 രൂപയും കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് 1960 രൂപയുമാണ്. വലിയ വാഹനങ്ങള്‍ക്ക് ഒരു യാത്രയ്ക്ക് ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്കും മിനി ബസുകള്‍ക്കും 90 രൂപയാണ് നിരക്ക്. ബസുകള്‍ക്കും ട്രക്കുകള്‍ക്കും 185 രൂപയും ഒമള്ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് 365 രൂപയുമാണ് നിലവിലെ ടോള്‍ നിരക്ക്.