Home കർണാടക ശമ്പളം വാങ്ങിയിട്ടും ജോലിക്ക് ഹാജരായില്ല; ഡോക്ടറുടെ ക്രമക്കേട് സിഇഒ അന്വേഷണത്തിൽ പുറത്ത്, വിശദീകരണം തേടി അധികൃതർ

ശമ്പളം വാങ്ങിയിട്ടും ജോലിക്ക് ഹാജരായില്ല; ഡോക്ടറുടെ ക്രമക്കേട് സിഇഒ അന്വേഷണത്തിൽ പുറത്ത്, വിശദീകരണം തേടി അധികൃതർ

by ടാർസ്യുസ്

ബെംഗളൂരു: സർക്കാർ ക്ലിനിക്കില്‍ ജോലി ചെയ്യാതെ ശമ്പളം കൈപ്പറ്റുകയും അതേസമയം സ്വകാര്യ കോളേജില്‍ പി.ജി. പഠനം നടത്തുകയും ചെയ്ത വനിതാ ഡോക്ടറെ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കി.കർണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ. ഉമേഷ് മേട്ടിയുടെ ബന്ധുവായ ഡോ. അങ്കിത യാറഗലിനെതിരെയാണ് മെഡിക്കല്‍ ഓഫീസർ ചുമതലയില്‍നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള കർശന നടപടി ഉണ്ടായിരിക്കുന്നത്.ബാഗല്‍കോട്ടില്‍ പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരിന്റെ നമ്മ ക്ലിനിക്കിലെ മെഡിക്കല്‍ ഓഫീസറായിരുന്നു ഡോ. അങ്കിത. പ്രമുഖ രാഷ്ട്രീയ നേതാവിന്റെ അനന്തരവളായ ഇവർ കഴിഞ്ഞ മാർച്ച്‌ മാസം മുതല്‍ ക്ലിനിക്കില്‍ ജോലിക്ക് ഹാജരായിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.ഡ്യൂട്ടിക്ക് എത്താതിരുന്ന മാസങ്ങളിലും പ്രതിമാസം 70,000 രൂപ വീതം ഇവർ കൃത്യമായി ശമ്പള ഇനത്തില്‍ കൈപ്പറ്റിയിരുന്നു.

സർക്കാർ ക്ലിനിക്കില്‍ നിന്ന് ശമ്പളം വാങ്ങുന്ന അതേ കാലയളവില്‍ തന്നെ ഇവർ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ഉന്നത പഠനത്തിന് (പി.ജി.) പ്രവേശനം നേടുകയും പഠനം തുടരുകയുമായിരുന്നു.നമ്മ ക്ലിനിക്കില്‍ ഡോക്ടറുടെ സേവനം ലഭിക്കാതെ രോഗികള്‍ ബുദ്ധിമുട്ടിയതോടെയാണ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്. ബാഗല്‍കോട്ട് ജില്ലാ പഞ്ചായത്ത് സി.ഇ.ഒ. നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഡോക്ടറുടെ തട്ടിപ്പും ഇരട്ട ആനുകൂല്യ ഉപഭോഗവും പുറത്തുവന്നത്.തുടർന്ന് വിഷയത്തില്‍ വിശദീകരണം നല്‍കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപാകെ ഹാജരാകാൻ ബുധനാഴ്ച ഡോ. അങ്കിതയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. പഠിക്കുന്ന മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ അനുമതി നല്‍കിയിട്ടും ഡോക്ടർ ഹാജരാകാൻ തയ്യാറായില്ല.ഹാജരാകാതിരുന്നതിനെ തുടർന്ന് സെപ്റ്റംബർ 18-ന് മുൻപായി എത്തി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് അധികൃതർ ഡോക്ടർക്ക് വീണ്ടും രണ്ടാമത്തെ നോട്ടീസ് അയച്ചു.

ഇത്തവണയും ഹാജരായി വിശദീകരണം നല്‍കിയില്ലെങ്കില്‍ ഇവരുടെ ഭാഗം കേള്‍ക്കാതെ തന്നെ സർവീസില്‍ നിന്ന് സ്ഥിരമായി പുറത്താക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം.അതിനിടെ, കഴിഞ്ഞ മാർച്ച്‌ മുതല്‍ അനധികൃതമായി ഇവർ കൈപ്പറ്റിയ മുഴുവൻ ശമ്പള തുകയും മറ്റ് ആനുകൂല്യങ്ങളും തിരിച്ചടപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി. എന്നാല്‍ മകള്‍ക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് അങ്കിതയുടെ പിതാവും ജില്ലാ ആരോഗ്യ ഓഫീസറുമായ ഡോ. രാജ്കുമാർ യാറഗല്‍ രംഗത്തെത്തി. പി.ജി. പഠനത്തില്‍ പ്രവേശിച്ച ശേഷം മകള്‍ സർക്കാർ ശമ്പളം വാങ്ങിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.

You may also like

error: Content is protected !!
Join Our WhatsApp Group