ബെംഗളൂരു: സ്കൂള്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ഭാഗം അടർന്നുവീണുണ്ടായ അപകടത്തില്‍ വിദ്യാർഥികള്‍ക്ക് പരിക്ക്.കർണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ മുഗല്ലൊള്ളിയില്‍ സർക്കാർ സ്കൂളിലായിരുന്നു സംഭവം. ക്ലാസ്സ് നടക്കുന്നതിനിടെ മേല്‍ക്കൂരയില്‍ നിന്നും കോണ്‍ക്രീറ്റ് ഭാഗം അടർന്നുവീഴുകയായിരുന്നു. ക്ലാസിലുണ്ടായിരുന്ന ആറുകുട്ടികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.ബുധനാഴ്ചയായിരുന്നു സംഭവം. പരുക്കേറ്റ വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബാഗല്‍കോട്ട് ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഗജാനൻ ബെയ്ല്‍ പറഞ്ഞു. സ്കൂള്‍ കെട്ടിടം അപകടാവസ്ഥയിലാണെന്ന് അധ്യാപകർ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നതായാണ് വിവരം. 20 വർഷം മുൻപ് നിർമിച്ച കെട്ടിടത്തിലാണ് കുട്ടികള്‍ പഠിക്കുന്നത്. കെട്ടിടത്തിന്റെ ജീർണാവസ്ഥയെപ്പറ്റി പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെയും ആരോപണം.
