Home കർണാടക അമേരിക്കയിലെ ഉയർന്ന ശമ്പളമുള്ള ഐടി ജോലി ഉപേക്ഷിച്ച് കറവക്കാരനായി; ഇന്ന് 600 കോടിയുടെ ഡെയറി സാമ്രാജ്യത്തിന്റെ ഉടമ

അമേരിക്കയിലെ ഉയർന്ന ശമ്പളമുള്ള ഐടി ജോലി ഉപേക്ഷിച്ച് കറവക്കാരനായി; ഇന്ന് 600 കോടിയുടെ ഡെയറി സാമ്രാജ്യത്തിന്റെ ഉടമ

by ടാർസ്യുസ്

ബെംഗളൂരു: സുഖകരമായ കോര്‍പ്പറേറ്റ് ജീവിതവും മികച്ച ശമ്പളവും ഉപേക്ഷിച്ച്‌ കൃഷിയിലേക്ക് ഇറങ്ങാന്‍ പലരും മടിക്കുമ്പോള്‍, ആ റിസ്‌ക് ഏറ്റെടുത്ത് 600 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ കഥ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.യുഎസിലെ വിപ്രോയിലെ സുഖകരമായ ഐടി ജോലി ഉപേക്ഷിച്ച്‌ ‘അക്ഷയകല്‍പ’ എന്ന ഓര്‍ഗാനിക് ഡെയറി സംരംഭത്തിന് തുടക്കമിട്ട ശശി കുമാര്‍ എന്ന സംരംഭകന്റെ പ്രചോദനാത്മകമായ കഥയാണ് ഇപ്പോള്‍ വൈറലാകുന്നത്.വികാസ് എന്ന എക്‌സ് ഉപയോക്താവാണ് ശശിയുടെ ഈ വിജയഗാഥ പങ്കുവെച്ചത്.

ബെംഗളൂരു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.ടെക് പൂര്‍ത്തിയാക്കിയ ശശി കുമാര്‍, വിപ്രോയില്‍ 12 വര്‍ഷത്തോളം ജോലി ചെയ്ത ശേഷമാണ് കര്‍ഷകരെ സഹായിക്കാനും ഓര്‍ഗാനിക് കൃഷി പ്രോത്സാഹിപ്പിക്കാനുമായി ജോലി രാജിവെച്ച്‌ ഇന്ത്യയിലേക്ക് മടങ്ങിയത്. എന്നാല്‍ തുടക്കത്തില്‍ കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരുന്നില്ല. ശശി വീണ്ടും കൃഷിയിലേക്ക് തന്നെ മടങ്ങുന്നതില്‍ നിരാശനായ പിതാവ് എട്ടുവര്‍ഷത്തോളമാണ് മകനോട് സംസാരിക്കാതിരുന്നത്.സംരംഭത്തിന്റെ ആദ്യ ഒന്‍പത് വര്‍ഷത്തിനിടെ പത്ത് തവണയോളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട കമ്പനി ആറുതവണ പാപ്പരത്തത്തിന്റെ വക്കിലെത്തിയിരുന്നു. ഈ ഘട്ടത്തില്‍ ശശിയുടെ ഭാര്യയുടെ 30 ലക്ഷം രൂപയുടെ സമ്പാദ്യമാണ് അക്ഷയകല്‍പയെ വീഴാതെ താങ്ങിനിര്‍ത്തിയത്.

എന്നാല്‍ കഠിനാധ്വാനവും ഉറച്ച നിലപാടുകളും ഒടുവില്‍ ഫലം കണ്ടു.ഇന്ന് 2,800-ലധികം കര്‍ഷകരാണ് അക്ഷയകല്‍പയുമായി പങ്കാളികളായിരിക്കുന്നത്. ഓരോ കര്‍ഷകനും പ്രതിമാസം ശരാശരി 1.28 ലക്ഷം രൂപ വരെ വരുമാനം ലഭിക്കുന്നുണ്ട്. അതായത് കര്‍ഷകര്‍ക്കായി മാത്രം വര്‍ഷത്തില്‍ 480 കോടി രൂപയാണ് കമ്പനി നല്‍കുന്നത്. നിലവില്‍ 600 കോടി രൂപ വാര്‍ഷിക വിറ്റുവരവുള്ള ബിസിനസ് സാമ്രാജ്യമായി അക്ഷയകല്‍പ വളര്‍ന്നു കഴിഞ്ഞു.വലിയ റിസ്‌ക് ഏറ്റെടുത്ത് വിജയം കൊയ്ത ശശി കുമാറിനെ പ്രശംസിച്ച്‌ നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തുന്നത്. പ്രതിസന്ധികളില്‍ തളരാതെ മുന്നേറാന്‍ ആഗ്രഹിക്കുന്ന ഏതൊരു സംരംഭകനും വലിയൊരു മാതൃകയാണ് ശശി കുമാറിന്റെ ജീവിതം.

You may also like

error: Content is protected !!
Join Our WhatsApp Group