ബെംഗളൂരു: കോളേജ് കാലത്തെ സഹപാഠിയായ യുവാവില്‍ നിന്നുള്ള നിരന്തരമായ ഭീഷണിയെയും ബ്ലാക്ക്മെയിലിംഗിനെയും തുടർന്ന് 22-കാരിയായ യുവതി ബെംഗളൂരുവില്‍ തടാകത്തില്‍ ചാടി ജീവനൊടുക്കി.കർണാടക ഷിമോഗ സ്വദേശിയായ വാണിയാണ് മരിച്ചത്.സംഭവത്തില്‍ അഭിഷേക് എന്ന യുവാവിനെതിരെ ബെംഗളൂരു പോലീസ് ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 108 പ്രകാരം കേസ് എടുത്തു. സ്വകാര്യ ചിത്രങ്ങളും വീഡിയോകളും വാട്സ്ആപ്പിലൂടെ അയച്ച് തന്നോട് സംസാരിക്കാനും നേരിട്ട് കാണാനും നിർബന്ധിച്ച് അഭിഷേക് ഭീഷണിപ്പെടുത്തിയിരുന്നതായി വാണി എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
വഴങ്ങിയില്ലെങ്കില്‍ കുടുംബത്തിന്റെ മാനം കെടുത്തുമെന്ന് പറഞ്ഞ് ഇയാള്‍ മാനസികമായി ഉപദ്രവിച്ചു.ഒരു വർഷം മുൻപാണ് തൊഴില്‍ അന്വേഷിച്ച് വാണി ബെംഗളൂരുവില്‍ എത്തിയത്. നഗരത്തിലെ ഒരു ജുവലറിയില്‍ ജോലി ചെയ്ത് പി.ജി ഹോസ്റ്റലില്‍ താമസിച്ച് വരികയായിരുന്നു. വാണിയെ കാണാത്തതിനെ തുടർന്ന് സഹമുറിയിലുള്ള കുട്ടിയാണ് മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്. തുടർന്ന് ബന്ധുക്കളും പോലീസും നടത്തിയ തെരച്ചിലില്‍ സമീപത്തെ തടാകത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഒളിവില്‍ പോയ പ്രതി അഭിഷേകിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.