ബംഗളൂരു നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ വീണ്ടും ഒരു ജീവൻ കവരുമായിരുന്ന വലിയൊരു ദുരന്തത്തിന് വഴിയൊരുക്കി. ഗുഞ്ചൂരില്‍ മഴവെള്ളം കെട്ടിക്കിടന്ന റോഡിലെ വലിയ കുഴിയില്‍ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വീണ ഐടി ജീവനക്കാരനായ സൗരഭ്, നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് മരണമുഖത്തുനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.റോഡിലേക്ക് മറിഞ്ഞുവീണയുടൻ സൗരഭ് സമയോചിതമായി വശത്തേക്ക് മാറിമാറിയതിനാല്‍ തൊട്ടുപിന്നാലെയെത്തിയ കൂറ്റൻ ടാങ്കർ ലോറി ബൈക്കിന് മുകളിലൂടെ കയറിയിറങ്ങി. അപകടത്തിന് പിന്നാലെ നിർത്താതെ പാഞ്ഞുപോയ ടാങ്കറിനെ സമീപത്തുണ്ടായിരുന്ന മറ്റ് യാത്രക്കാർ പിന്തുടർന്ന് തടയുകയായിരുന്നു.തുടർന്ന് നാട്ടുകാരും യാത്രക്കാരും ചേർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ടാങ്കറിന് നമ്പർ പ്ലേറ്റ് ഇല്ലായിരുന്നുവെന്നും വാഹനം ഓടിക്കാൻ പഠിച്ചുതുടങ്ങിയ ഡ്രൈവർക്ക് ലൈസൻസ് പോലും ഉണ്ടായിരുന്നില്ലെന്നും വ്യക്തമായത്.
സംഭവത്തില്‍ ഡ്രൈവർക്കെതിരെ പോലീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്.മാസങ്ങളായി തകർന്നു കിടക്കുന്ന ഗുഞ്ചൂർ റോഡിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി അധികൃതർക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിരുന്നില്ലെന്ന് അപകടം മൊബൈലില്‍ പകർത്തിയ വിദ്യാസാഗർ എന്ന യാത്രക്കാരൻ വ്യക്തമാക്കി.റോഡിലെ വെള്ളക്കെട്ടും കുഴികളും കാണിച്ച് മുഖ്യമന്ത്രിയടക്കമുള്ള ജനപ്രതിനിധികള്‍ക്ക് വിഡിയോ സഹിതം പരാതി അയച്ചിട്ടും ഭരണകൂടം തികഞ്ഞ അനാസ്ഥയാണ് കാട്ടിയതെന്നും, അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താൻ വീണ്ടും ദൃശ്യങ്ങള്‍ പകർത്തുന്നതിനിടെയാണ് തന്റെ കണ്‍മുന്നില്‍ ഈ ഭയാനകമായ സംഭവം അരങ്ങേറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.