ബെംഗളൂരു: ഹൊസൂർ – ബൊമ്മസാന്ദ്ര നിർദിഷ്ട മെട്രോ റെയില്‍ ഇടനാഴി പച്ചക്കൊടി കാട്ടാൻ മടിച്ച കർണാടക സർക്കാർ തമിഴ്നാട് അതിർത്തിയിലേക്ക് നമ്മ മെട്രോ യെല്ലോ ലൈൻ നീട്ടാൻ കർണാടക സർക്കാർ ലക്ഷ്യമിടുന്നു.ബാംഗ്ലൂർ മെട്രോ റെയില്‍ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎല്‍) തയാറാക്കിയ സാധ്യതാ പഠനമനുസരിച്ച് കർണാടകയിലെ ബൊമ്മസാന്ദ്രയില്‍ നിന്ന് തമിഴ്നാട് അതിർത്തിയായ അട്ടിബെലെ വരെയാണ് ലക്ഷ്യമിടുന്നത്.10.5 കിലോമീറ്റർ ദൈർഘ്യമുള്ളതാകും തമിഴ്നാട് അതിർത്തിയിലേക്കുള്ള മെട്രോ റെയില്‍ ഇടനാഴി. ഹൊസൂർ റോഡിന് (ദേശീയപാത 44) വലതുവശത്തുകൂടിയാണ് ഈ പാത കടന്നുപോകുന്നത്.
പാതയില്‍ ഒൻപത് മെട്രോ സ്റ്റേഷനുകള്‍ ഉള്‍പ്പെടും. ഇടനാഴിയിലെ ആദ്യ സ്റ്റേഷൻ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയാക് സയൻസസിലാണ് നിർദേശിക്കപ്പെട്ടിരിക്കുന്നത്. ഇത് യെല്ലോ ലൈനിന്റെ നിലവിലുള്ള ടെർമിനല്‍ സ്റ്റേഷനായ ബൊമ്മസാന്ദ്രയില്‍ നിന്ന് ഏകദേശം 1.5 കിലോമീറ്റർ തെക്കാണ്. അടുത്ത സ്റ്റേഷൻ ചന്ദപുര സർക്കിളില്‍ ആയിരിക്കും.നിർദേശിക്കപ്പെട്ട ഒൻപത് സ്റ്റേഷനുകള്‍* നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയാക് സയൻസസ്.* ചന്ദാപുര സർക്കിള്‍.* ഹാലെ (പഴയ) ചന്ദാപുര* തിരുമഗൊണ്ടനഹള്ളി* ബാലഗരനഹള്ളി* അട്ടിബെലെ ഇൻഡസ്ട്രിയല്‍ ഏരിയ* യാദവനഹള്ളി* അട്ടിബെലെ* അട്ടിബെലെ ടെർമിനല്നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയാക് സയൻസസിലെ ആദ്യ സ്റ്റേഷൻ നിലവിലുള്ള ബൊമ്മസാന്ദ്ര ടെർമിനലില്‍ നിന്ന് ഏകദേശം 1.5 കിലോമീറ്റർ അകലെയായിരിക്കും.
ചന്ദപുര സർക്കിള്‍ നിർദിഷ്ട റൂട്ടില്‍ ഏകദേശം 1.8 കിലോമീറ്റർ ദൂരത്തിലായിരിക്കും. യാദവനഹള്ളി സ്റ്റേഷൻ ജിഗാല, ഗിഡ്ഡനഹള്ളി, കൃഷ്ണസാഗര എന്നിവയ്ക്കും സേവനം നല്‍കും.ആവശ്യമുള്ളിടത്തെല്ലാം സമീപ പ്രദേശങ്ങളുമായി ഓവർബ്രിഡ്ജുകളും സബ്വേകളും വഴി സ്റ്റേഷനുകള്‍ ബന്ധിപ്പിക്കും. സംസ്ഥാന സർക്കാരിന് പദ്ധതിയുടെ സാധ്യതാ പഠനം സമർപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കാൻ സർക്കാർ അനുമതി നല്‍കിയിട്ടുണ്ട്. ഡിപിആർ തയ്യാറാക്കുന്നതിനുള്ള ടെൻഡറുകള്‍ ഉടൻ ക്ഷണിക്കും.തമിഴ്നാട് ധനമന്ത്രി എൻ മേരി വില്‍സണ്‍ തന്റെ ബജറ്റ് പ്രസംഗത്തില്‍ ഹൊസൂരിനും ബൊമ്മസാന്ദ്രയ്ക്കും ഇടയില്‍ 12 സ്റ്റേഷനുകളുള്ള 23 കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോ റെയില്‍ പാത പദ്ധതി നടപ്പിലാക്കാനുള്ള ആഗ്രഹം പങ്കുവച്ച് ദിവസങ്ങള്‍ക്കകമാണ് കർണാടക സർക്കാരിൻ്റെ പുതിയ നീക്കമുണ്ടായത്.
ചെന്നൈ മെട്രോ റെയില്‍ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎല്‍) കർണാടകയില്‍ 12 കിലോമീറ്ററും തമിഴ്നാട്ടില്‍ 11 കിലോമീറ്ററും പാത നിർദേശിക്കുന്ന ഒരു സാധ്യതാ പഠനം തയാറാക്കിയിട്ടുണ്ട്. തമിഴ്നാടിൻ്റെയും കർണാടകയുടെയും മെട്രോ സംവിധാനങ്ങള്‍ സംയോജിപ്പിക്കുന്നതില്‍ കർണാടക സർക്കാർ സാങ്കേതിക പരിമിതികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.മെട്രോ ട്രെയിനുകളിലെ വൈദ്യുതി സംവിധാനമാണ് പ്രധാന വെല്ലുവിളി. ബംഗളൂരു മെട്രോ 750V DC (Third Rail) ഉപയോഗിക്കുമ്പോള്‍ തമിഴ്നാട് നിർദേശിച്ചത് 25kV AC (Overhead Electrification) ആണ്. ബംഗളൂരു മെട്രോ ആറ് കോച്ചുകളുള്ള ട്രെയിനുകള്‍ ഓടിക്കുമ്പോള്‍ തമിഴ്നാട് മൂന്ന് കോച്ച് ട്രെയിനുകളാണ് നിർദേശിച്ചത്.ഇതിനൊപ്പം പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കലിലും ടിക്കറ്റ് വരുമാനം പങ്കുവെക്കുന്നതിലും തടസ്സങ്ങള്‍ വേറെയുമുണ്ട്.