Home കർണാടക റാപിഡോ അപകടം മൂലം കിടപ്പിലായ സനി കൃഷ്ണയ്ക്ക് ആശ്വാസം; മുഴുവൻ ചികിത്സാ ചെലവും നല്‍കുമെന്ന് കമ്പനി

റാപിഡോ അപകടം മൂലം കിടപ്പിലായ സനി കൃഷ്ണയ്ക്ക് ആശ്വാസം; മുഴുവൻ ചികിത്സാ ചെലവും നല്‍കുമെന്ന് കമ്പനി

by ടാർസ്യുസ്

ബെംഗളൂരു: ജൂണ്‍ പകുതിയോടെ ബൈക്ക് ടാക്സിയില്‍ ജോലിക്ക് പോകുന്നതിനിടയിലുണ്ടായ അപകടത്തില്‍ പരുക്കേറ്റ് കിടപ്പിലായ 32 കാരിയായ കുന്ദമംഗലം സ്വദേശി സനി കൃഷ്ണയുടെ ചികിത്സാ ചെലവ് റാപിഡോ നല്‍കും.ഇൻഷുറൻസ് പങ്കാളി വഴി മുഴുവൻ ചികിത്സാച്ചെലവും നല്‍കാൻ കമ്പനി സമ്മതിച്ചു. നടപടികള്‍ വേഗത്തിലാക്കുമെന്ന് റാപിഡോ വക്താവ് വ്യക്തമാക്കി.പ്ലാറ്റ്ഫോം വഴി ബുക്ക് ചെയ്യുന്ന എല്ലാ ബൈക്ക് ടാക്സി യാത്രക്കാർക്കും ക്യാപ്റ്റൻമാർക്കും ഇൻഷുറൻസ് പരിരക്ഷയുണ്ടെന്ന് മൊബിലിറ്റി അഗ്രഗേറ്റർ വെളിപ്പെടുത്തി. എന്നാല്‍, ഈ പോളിസി പ്രകാരം ക്ലെയിം ചെയ്യാവുന്ന പരമാവധി തുക 1 ലക്ഷം രൂപ മാത്രമായിരുന്നു. എന്നാല്‍ സനിയുടെ ചികിത്സയ്ക്കായി 20 ലക്ഷം രൂപയിലധികം ചെലവായിട്ടുണ്ടായിരുന്നു. റാപിഡോ പരമാവധി ഇൻഷുറൻസ് ക്ലെയിം നല്‍കാൻ സമ്മതിച്ചുവെങ്കിലും മുഴുവൻ ചികിത്സാ ബില്ലും നല്‍കാൻ തയ്യാറായിരുന്നില്ല.

ബൈരസാന്ദ്രയ്ക്കും ഡോംലൂരിനും ഇടയില്‍ ജോലിസ്ഥലത്തേക്ക് യാത്ര ചെയ്യുന്നതിനിടയില്‍ ജൂണ്‍ 17-നാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഒരു ട്രാക്ടര്‍ അവളുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. ആഗസ്റ്റ് 6-ന് സനിയുടെ അഭിഭാഷകൻ റാപിഡോയ്ക്ക് ഔദ്യോഗികമായി വക്കീല്‍ നോട്ടീസ് അയച്ചു. മാപ്പ് പറയണമെന്നും മുഴുവൻ ചികിത്സാ ചെലവും നല്‍കണമെന്നുമായിരുന്നു ആവശ്യം. പരമാവധി ഇൻഷുറൻ തുക നല്‍കാമെന്നു മാത്രമായിരുന്നു തുടക്കത്തില്‍ കമ്പനിയുടെ നിലപാട്.എന്നാല്‍ പിന്നീട്, ഇതൊരു അസാധാരണ സാഹചര്യമാണെന്ന് കണ്ട് നിലപാട് മാറ്റിയതായി റാപിഡോ വ്യക്തമാക്കി. കേസിലെ അസാധാരണമായ സാഹചര്യങ്ങള്‍ മുൻനിർത്തി, സാധാരണ പോളിസി പരിധി ബാധകമാക്കാതെ തന്നെ യോഗ്യമായ മുഴുവൻ ചികിത്സാച്ചെലവും ലഭ്യമാക്കാൻ റാപിഡോ തയ്യാറാണെന്ന് കമ്പനി വക്താവ് വ്യക്തമാക്കി. ഇൻഷുറൻസ് ക്ലെയിം വഴി സനിയുടെ കുടുംബത്തിന് മുഴുവൻ ചികിത്സാച്ചെലവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും കമ്പനി അറിയിച്ചു.

മരണമുഖത്തുനിന്നും രക്ഷപെട്ട് നിലവില്‍ വിശ്രമത്തില്‍ കഴിയുന്ന സനിയെ സംബന്ധിച്ചിടത്തോളം ഈ വാർത്ത വലിയ ആശ്വാസമാണ്. എങ്കിലും, മുഴുവൻ ചികിത്സാച്ചെലവും ഇൻഷുറൻസ് വഴി നല്‍കാമെന്ന തീരുമാനം റാപിഡോ ഇതുവരെ നേരിട്ട് അറിയിച്ചിട്ടില്ല. സംഭവത്തിന്റെ പേരില്‍ അവർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും മാപ്പ് പറയണമെന്നുമുള്ള ആവശ്യവും അംഗീകരിച്ചിട്ടില്ല.യാത്ര ചെയ്യാനോ ജോലി ചെയ്യാനോ കഴിയാത്ത ബെംഗളൂരു സ്വദേശിയായ ഇന്റീരിയർ ഡിസൈനർ, താൻ ദിവസവും കടുത്ത യാതനകളിലൂടെയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞു. മുഖത്തിന് പ്ലാസ്റ്റിക് സർജറി ഉള്‍പ്പെടെ നിരവധി ശസ്ത്രക്രിയകള്‍ക്ക് സനി വിധേയയായി. അപകടത്തില്‍ അവളുടെ നിരവധി പല്ലുകള്‍ നഷ്ടപ്പെടുകയും ഏഴ് വാരിയെല്ലുകള്‍ ഒടിയുകയും ചെയ്തിരുന്നു.അപകടത്തിന് കാരണമായ സാഹചര്യങ്ങളും, ബൈക്ക് ടാക്സി ക്യാപ്റ്റന്റെ അനുമതിയും പെരുമാറ്റവും സംബന്ധിച്ച കാര്യങ്ങളും അന്വേഷണത്തിലാണ് എന്ന് റാപിഡോ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group