ബെംഗളൂരു:പശ്ചിമ ഘട്ട മലനിരകളുടെ വന്യമായ സൗന്ദര്യത്തിന് നടുവിലൂടെ ഇന്ത്യൻ റെയില്‍വേയുടെ അഭിമാനമായ വന്ദേഭാരത് എക്സ്പ്രസിന്റെ വിജയക്കുതിപ്പ്.ദുർഘടവും അപകടം നിറഞ്ഞതുമായ ബെംഗളൂരു – മംഗളൂരു ഘട്ട് പാതയില്‍ ട്രയല്‍ റണ്‍ നടത്തി വന്ദേഭാരത് എക്സ്പ്രസ്. ബാങ്കർ എൻജിനുകളുടെ സഹായമില്ലാതെ, അത്യാധുനിക ബ്രേക്കിംഗ് സംവിധാനങ്ങളുമായി പശ്ചിമഘട്ടത്തെ വന്ദേഭാരത് കീഴടക്കിയപ്പോള്‍ പിറന്നത് റെയില്‍വേ ചരിത്രത്തിലെ പുതിയൊരു അധ്യായം.പ്രകൃതി അതിന്റെ എല്ലാ ഭംഗിയും വന്യതയും ഒളിപ്പിച്ചുവച്ച പശ്ചിമഘട്ടത്തിലെ സുന്ദരമായ ‘ഗ്രീൻ റൂട്ട്’. സഖ്‌ലേഷ്പുരയ്ക്കും സുബ്രമണ്യ റോഡിനും ഇടയിലുള്ള 55 കിലോമീറ്റർ ദൂരം കാഴ്ചക്കാരുടെ മനം കവരുമെങ്കിലും ട്രെയിൻ ഗതാഗതത്തിന് ഇത് വെല്ലുവിളികളുടെ പാതയാണ്.
57 തുരങ്കങ്ങളും, 226-ലധികം പാലങ്ങളും, 108 വളവുകളും നിറഞ്ഞ പാത. ഓരോ 50 മീറ്റർ മുന്നോട്ട് പോകുമ്പോഴും ട്രാക്കില്‍ ഒരു മീറ്റർ വീതം ഉയർച്ചയോ താഴ്ചയോ അനുഭവപ്പെടുന്ന 1 ഇൻ 50 ഗ്രേഡിയന്റ് എന്ന പ്രതിഭാസം നേരിടുന്ന പാത. നിലവില്‍ ഈ പാതയിലൂടെ കടന്നുപോകുന്ന എക്സ്പ്രസ് ട്രെയിനുകള്‍ക്കും ചരക്ക് വണ്ടികള്‍ക്കും കുത്തനെയുള്ള മലകയറാൻ മുന്നിലെ എൻജിന് പുറമെ, പിന്നില്‍ നിന്ന് തള്ളാനായി ‘ബാങ്കർ ലോകോമോട്ടീവ്’ എന്ന പ്രത്യേക എൻജിനുകള്‍ ഘടിപ്പിക്കാറുണ്ട്.ഈ കീഴ്‌വഴക്കങ്ങളെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ടാണ് വന്ദേഭാരത് ചരിത്രം കുറിച്ചത്. ബാങ്കർ എൻജിനുകളുടെ യാതൊരു സഹായവുമില്ലാതെ, സ്വന്തം കരുത്തില്‍ വന്ദേഭാരത് ഈ ഘട്ട് സെക്ഷൻ കയറിയിറങ്ങി. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ പ്രത്യേകം സജ്ജമാക്കിയ ‘ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്’ സിസ്റ്റം ഘടിപ്പിച്ച 20 കോച്ചുകളുള്ള റേക്കാണ് പരീക്ഷണ ഓട്ടത്തിനായി റെയില്‍വേ ഉപയോഗിച്ചത്. എന്നാലും വെല്ലുവിളികളുണ്ട്. 30 കിലോമീറ്ററാണ് സഖ്‍ലേഷ്പുരയ്ക്കും സുബ്രഹ്മണ്യ റോഡിനും ഇടയിലെ പരമാവധി വേഗത.
ഈ വേഗപരിധിയില്‍ വേണം ഈ ഭാഗത്ത് കൂടി വന്ദേഭാരത് കടന്നുപോകാൻ.ഓഗസ്റ്റ് 20 വരെ തുടരുന്ന പരീക്ഷണ ഓട്ടം പൂർത്തിയാക്കി സർവീസ് തുടങ്ങുന്നതോടെ യാത്രക്കാർക്ക് ലഭിക്കുന്നത് സമാനതകളില്ലാത്ത യാത്രാനുഭവമായിരിക്കും. കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന പച്ചപ്പും, കോടമഞ്ഞും, മലനിരകളില്‍ നിന്ന് ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടങ്ങളും വന്ദേഭാരതിന്റെ വലിയ വിൻഡോ ഗ്ലാസുകളിലൂടെ കണ്‍കുളിർക്കെ കാണാം. കാഴ്ച്ചകള്‍ക്കപ്പുറം സമയലാഭമാണ് ഈ ട്രെയിനിന്റെ പ്രധാന ആകർഷണം. ബാങ്കർ എൻജിനുകള്‍ ഘടിപ്പിക്കാനും മാറ്റാനുമുള്ള സമയം ലാഭിക്കാൻ കഴിയുന്നതിലൂടെയും വന്ദേഭാരതിന്റെ അതിവേഗതയിലൂടെയും ബെംഗളൂരു മംഗളൂരു പാതയിലെ നിലവിലുള്ള ഒമ്പതര മണിക്കൂർ 7 മണിക്കൂറോ അതില്‍ താഴെയോ ആയി ചുരുങ്ങും