ബെംഗളൂരു: ഏറെ വിവാദമായ ഹൊസൂർ-ബൊമ്മസാന്ദ്ര അന്തർസംസ്ഥാന മെട്രോ പദ്ധതിയില്‍ നിന്ന് പിൻമാറാൻ ഒരുക്കമല്ലെന്ന നിലപാടിലാണ് തമിഴ്നാട്.ദക്ഷിണേന്ത്യയിലെ ആദ്യത്തെ അന്തർസംസ്ഥാന പാതയായിരിക്കും ഇത്. ബെംഗളൂരുവിനൊപ്പം വളരാൻ ശ്രമം നടത്തുന്ന ഹൊസൂരിന് ഇതൊരു സ്വപ്ന പദ്ധതി തന്നെയാണ്. കർണാടകയെ സമ്മർദ്ദത്തിലൂടെ വഴിക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് തമിഴ്നാട് നടത്തുന്നത്.കർണാടകയിലെ കഴിഞ്ഞ ബിജെപി സർക്കാരിന്റെ കാലത്ത് ഈ പദ്ധതി മുമ്പോട്ട് വെക്കപ്പെട്ടിരുന്നു. ചില മന്ത്രിമാർ അനുകൂലമായ നിലപാടെടുക്കുകയും ചെയ്തു. എന്നാല്‍ കടുത്ത എതിർപ്പുകളെ തുടർന്ന് സർക്കാരിന് പിൻവാങ്ങേണ്ടി വന്നു. നിലവില്‍ കർണാടകയുടെ ഭാഗത്തു നിന്ന് യാതൊരു അനുകൂല മറുപടിയും ലഭിച്ചിട്ടില്ല.
മേക്കെദാട്ടു ഡാം അടക്കമുള്ള വിഷയങ്ങളില്‍ തമിഴ്നാടിന്റെ സഹായം കർണാടകയ്ക്ക് ആവശ്യമാണ്. എല്ലാം ഒത്തുവന്നാല്‍ പദ്ധതി നടക്കുമെന്ന് തന്നെയാണ് കരുതേണ്ടത്.എന്താണ് ഹൊസൂർ – ബൊമ്മസാന്ദ്ര മെട്രോ ലൈൻ പദ്ധതി?23 കിലോമീറ്റർ ദൈർഘ്യമാണ് ബൊമ്മസാന്ദ്രയില്‍ നിന്ന് ഹൊസൂർ വരെയുള്ള മെട്രോ ലൈനിന് ഉണ്ടാവുക. തമിഴ്‌നാട്ടില്‍ 11 കിലോമീറ്റർ, കർണാടകയില്‍ 12 കിലോമീറ്റർ എന്ന നിലയിലായിരിക്കും ഇത്. നമ്മ മെട്രോയുടെ യെല്ലോ ലൈനുമായാണ് ഹൊസൂരില്‍ നിന്നുള്ള ഈ ലൈനിനെ ബന്ധിപ്പിക്കുക. ഈ പാതയില്‍ ഏതാണ്ട് 12 സ്റ്റേഷനുകള്‍ ഉണ്ടാകും. ഹെബ്ബഗോഡി, ചന്ദാപുര, ഹുസ്‌കൂർ റോഡ്, അത്തിബെലെ ഇൻഡസ്ട്രിയല്‍ ഏരിയ, അത്തിബെലെ ടൗണ്‍, അത്തിബെലെ ചെക്ക് പോസ്റ്റ്, സൂഴഗിരി, സിപ്കോട്ട്, ഹൊസൂർ ബസ് സ്റ്റാൻഡ് തുടങ്ങിയ സ്റ്റേഷനുകളാണ് ചർച്ചയിലുള്ളത്.
2024ല്‍ ചെന്നൈ മെട്രോ റെയില്‍ കോർപ്പറേഷൻ തയ്യാറാക്കിയ സാധ്യതാ പഠനത്തിലാണ് ഈ സ്റ്റേഷനുകള്‍ പരാമർശിക്കുന്നത്.പദ്ധതിച്ചെലവ് കർണാടകവും തമിഴ്നാടും ഒപ്പം കേന്ദ്രവും ചേർന്ന് സംഘടിപ്പിക്കുന്ന രീതിയിലാണ് ആലോചന. സർവേ നടപടികളും, പഠനങ്ങളും, ഡിപിആർ തയ്യാറാക്കലുമെല്ലാം രണ്ട് സംസ്ഥാനങ്ങളും ചേർന്ന് നടപ്പിലാക്കും. ആയിരക്കണക്കിന് ആളുകളാണ് ദിനംപ്രതി ഹൊസൂരില്‍ നിന്ന് ബെംഗളൂരുവിലേക്കും, ബെംഗളൂരു മേഖലയില്‍ നിന്ന് ഹൊസൂരിലേക്കും യാത്ര ചെയ്യുന്നത്. ഇവർക്കെല്ലാം വലിയ സൗകര്യമായിത്തീരും മെട്രോ ലൈൻ. ഇക്കാരണത്താല്‍ തന്നെ ഹൊസൂരിലും ബൊമ്മസാന്ദ്രയിലുമെല്ലാം പദ്ധതിയോട് അനുകൂല മനോഭാവമാണ് ജനങ്ങള്‍ക്കുള്ളത്.എന്നാല്‍, ബെംഗളൂരുവിന്റെ വളർച്ചയുടെ പങ്ക് പറ്റാനാണ് തമിഴ്നാടിന്റെ നീക്കമെന്ന് കർണാടകയില്‍ ഒരു വിഭാഗം ആളുകള്‍ സംശയിക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ രാഷ്ട്രീയ നേതാക്കളുമുണ്ട്. എന്നാല്‍ ഒരുമിച്ച് വളരാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും, ബെംഗളൂരുവിന്റെ വളർച്ചയെ തട്ടിയെടുക്കാൻ ഹൊസൂരിന് ഒരിക്കലുമ കഴിയില്ലെന്നും വാദിക്കുന്നവരുമുണ്ട്.