ബംഗളൂരു: സംസ്ഥാനത്തിന്റെ വളർച്ചയ്ക്കായി യുവാക്കളെ കേന്ദ്രീകരിച്ചുള്ള ഒരു കർമ്മപദ്ധതി വേണമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. ജെൻസി വിഭാഗത്തിന്റെ അഭിപ്രായങ്ങള്‍ സജീവമായി കേള്‍ക്കാൻ അദ്ദേഹം സർക്കാരിനോടും നേതൃത്വത്തോടും ആഹ്വാനം ചെയ്തു. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഭാവി നിർണ്ണയിക്കുന്നതില്‍ യുവതലമുറയ്ക്കുള്ള നിർണ്ണായക പങ്ക് അദ്ദേഹം എടുത്ത് പറഞ്ഞു.തന്റെ പഴയകാല വിദ്യാർഥി ജീവിതത്തെ ഓർമ്മിപ്പിച്ചുകൊണ്ട് യുവജനങ്ങള്‍ മനസ്സില്‍ കാണുന്ന വലിയ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും ഭരണകൂടം സജീവമായി കേള്‍ക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
‘യങ് കർണാടക, ന്യൂ ഇന്ത്യ’ എന്ന ആശയത്തിലൂടെ യുവജനങ്ങള്‍ക്കായി മികച്ച നേതൃനിരയും വിശാലമായ അവസരങ്ങളും തുറന്നുനല്‍കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഓരോ യുവ മനസ്സിനും സ്വന്തം കഴിവുകള്‍ പൂർണമായി പ്രയോജനപ്പെടുത്താനും സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാനും സാധിക്കുന്ന ശക്തമായ ഒരു അന്തരീക്ഷം ഒരുക്കുകയാണ് ഇതിന്റെ ലക്ഷ്യം എന്ന് മുഖ്യമന്ത്രി പറയുന്നു.ഇതിന്റെ ഭാഗമായി ബാംഗ്ലൂർ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെഴുതുന്ന ബിദാദി ടൗണ്‍ഷിപ്പ് പദ്ധതിക്ക് പുതു ജീവൻ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
അത്യാധുനിക റോഡ് ശൃംഖലകള്‍, മെട്രോ കണക്റ്റിവിറ്റി, ആധുനിക സ്പോർട്സ് അരീനകള്‍, മനോഹരമായ പാർക്കുകള്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ട് ഈ പ്രദേശം ഒരു ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് നഗരമായി വികസിപ്പിക്കാനാണ് ഗ്രേറ്റർ ബെംഗളൂരു ഡെവലപ്മെന്റ് അതോറിറ്റി ലക്ഷ്യമിടുന്നത്.യുവതലമുറയുടെ സർഗാത്മകതക്കും കഴിവുകള്‍ക്കും അനുയോജ്യമായ രീതിയില്‍ നാടിനെ വാർത്തെടുക്കാനുള്ള ഈ പ്രയത്നം വരുംകാലങ്ങളില്‍ കർണാടകക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഈ പദ്ധതിയിലൂടെ ബെംഗളൂരു സൗത്ത് ജില്ലയുടെ മുഖച്ഛായ മാറ്റാൻ ഗ്രേറ്റർ ബെംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിക്ക് കഴിയുമെന്ന് ശിവകുമാർ ‘എക്സ്’ പോസ്റ്റില്‍ പറഞ്ഞു.