ബംഗളൂരു: കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് കർണാടകയില്‍ ട്രെയിൻ സർവീസുകള്‍ താറുമാറായി. ട്രാക്കിലേക്ക് മണ്ണ് ഇടിഞ്ഞുവീണതോടെ മംഗളൂരുവിനും യശ്വന്ത്പുരയ്ക്കും ഇടയിലുള്ള ട്രെയിൻ ഗതാഗതം പൂർണമായും സ്തംഭിച്ചു.ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് ഹാസൻ, സുബ്രഹ്മണ്യ റോഡ്, ശിരിവാഗിലു, ബണ്ട്വാള്‍ സ്റ്റേഷനുകളില്‍ കുടുങ്ങിയ യാത്രക്കാർക്കായി ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി. ഞായറാഴ്ചയിലെ മംഗളൂരു ജംഗ്ൻ – യശ്വന്ത്പുര എക്സ്പ്രസും (16540), യശ്വന്ത്പുര – മംഗളൂരു ജംഗ്ൻ എക്സ്പ്രസും (16575) പൂർണമായി റദ്ദാക്കി.കൂടാതെ നിരവധി ട്രെയിനുകള്‍ സർവീസ് വെട്ടിച്ചുരുക്കി. എസ്‌എംവിടി ബംഗളൂരു – മുരുഡേശ്വർ എക്സ്പ്രസ്, കെഎസ്‌ആർ ബെംഗളൂരു – കോഴിക്കോട് എക്സ്പ്രസ്, വിജയപുര – മംഗളൂരു സെൻട്രല്‍ എക്സ്പ്രസ് എന്നിവ ഹാസനിലും, കെഎസ്‌ആർ ബംഗളൂരു – കാർവാർ എക്സ്പ്രസ് സക്ലേശ്പുരിലും യാത്ര അവസാനിപ്പിച്ചു.മുരുഡേശ്വർ – എസ്‌എംവിടി ബംഗളൂരു എക്സ്പ്രസ് സുബ്രഹ്മണ്യ റോഡിലും, കോഴിക്കോട് – കെഎസ്‌ആർ ബംഗളൂരു എക്സ്പ്രസ് കബകപുത്തൂരിലും സർവീസ് അവസാനിപ്പിച്ചു.