ബെംഗളൂരു : കാവേരി നദീജല തർക്കം വീണ്ടും രൂക്ഷമാകുന്നതിനിടെ കർണാടക തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിട്ടു. മൈസൂരുവിലെ കബനി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയർത്തിയത്. സെക്കൻഡില്‍ 10,000 ഘനയടി വെള്ളമാണ് തമിഴ്‌നാട്ടിലേക്ക് ഒഴുക്കിവിടുന്നത്. വയനാട് അടക്കമുള്ള കേരളത്തിലെ മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കബനി അണക്കെട്ടിലേക്ക് സെക്കൻഡില്‍ 15,500 ഘനയടിയോളം വെള്ളം ഒഴുകിയെത്തിയതോടെയാണ് അണക്കെട്ട് തുറക്കാൻ അധികൃതർ നിർബന്ധിതരായത്.നേരത്തെ, തമിഴ്‌നാട്ടിലെ കുറുവായ് കൃഷിക്കായി അടുത്ത 15 ദിവസത്തേക്ക് പ്രതിദിനം 3,500 ക്യുസെക്സ് വീതം ജലം വിട്ടുനല്‍കാൻ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി (CWRC) നിർദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് മഴക്കുറവും വരള്‍ച്ചയും നിലനില്‍ക്കുന്നുണ്ടെന്നും വെള്ളം വിട്ടുനല്‍കാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി കർണാടക അപ്പീല്‍ നല്‍കിയെങ്കിലും കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റി (CWMA) ഇത് തള്ളുകയായിരുന്നു.
ഇതിനിടെ, തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കുന്നതിനെതിരെ കർണാടകയില്‍ പ്രതിഷേധം ആളിപ്പടരുകയാണ്. വിഷയം ചർച്ച ചെയ്യാൻ തമിഴ്‌നാട് മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗങ്ങള്‍ക്ക് മറുപടിയായി, തമിഴ്‌നാടുമായി ചർച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷമല്ല നിലവിലുള്ളതെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി. പ്രശ്നങ്ങള്‍ തണുക്കുന്നതുവരെ കൂടിക്കാഴ്ച നീട്ടിവെക്കാനും ബംഗളൂരു സന്ദർശനം ഒഴിവാക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.മാണ്ഡ്യ, മൈസൂരു, ശ്രീരംഗപട്ടണം എന്നിവിടങ്ങളില്‍ കർഷകരുടെയും കന്നഡ സംഘടനകളുടെയും നേതൃത്വത്തില്‍ വൻ പ്രതിഷേധ പ്രകടനങ്ങളാണ് നടക്കുന്നത്. തമിഴ്‌നാട് പ്രതിനിധികള്‍ കർണാടകയില്‍ എത്തിയാല്‍ ശക്തമായി തടയുമെന്ന് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. പ്രതിഷേധങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 13-ന് സംസ്ഥാനവ്യാപകമായി ബന്ദിനും കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.