ബെംഗളൂരു: കർണാടകയിലെ ബെല്ലാരിയില്‍ ദാരുണമായ ഇരട്ടക്കൊലപാതകം. ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെയും ഏഴു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് ഭർത്താവ് കൊലപ്പെടുത്തി.കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതി പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ബെല്ലാരി സ്വദേശിയായ ഹൊന്നൂർ സ്വാമിയാണ് ഭാര്യ രാജേശ്വരി, 7 മാസം പ്രായമുള്ള കുഞ്ഞ് എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയത്.ജൂലൈ 30 വ്യാഴാഴ്ച രാത്രി രാജേശ്വരിയും കുഞ്ഞും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ഹൊന്നൂർ സ്വാമി വലിയ ചുറ്റിക ഉപയോഗിച്ച് ഇവരുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. അഞ്ച് വർഷം മുമ്പ് വിവാഹിതരായ ഇവർ തമ്മില്‍ ഇതിന്റെ പേരില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു.
കൊലപാതകത്തിനു ശേഷം ഓടി രക്ഷപ്പെട്ട പ്രതി, കൊല്ലപ്പെട്ട രാജേശ്വരിയുടെ ബന്ധുക്കളുടെ ആക്രമണം ഭയന്നാണ് ബെല്ലാരി എ.പി.എം.സി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പോലീസുകാർ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്തുവരികയാണ്.സംഭവമറിഞ്ഞ് ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയ രാജേശ്വരിയുടെ ബന്ധുക്കള്‍ വലിയ പ്രതിഷേധം ഉയർത്തി. വിവാഹം കഴിഞ്ഞ നാള് മുതല്‍ ഇയാള്‍ സ്ത്രീധനം ആവശ്യപ്പെട്ടും സംശയത്തിന്റെ പേരിലും രാജേശ്വരിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ ആരോപിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ദമ്പതികള്‍ക്ക് മറ്റ് രണ്ട് കുട്ടികള്‍ കൂടിയുണ്ടായിരുന്നു. സംഭവം നടക്കുമ്പോള്‍ ഈ കുട്ടികള്‍ മറ്റ് ബന്ധുക്കളുടെ വീട്ടിലായിരുന്നതിനാല്‍ വൻ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.