ബെംഗളൂരു: കാവേരി നദീജല വിതരണവുമായി ബന്ധപ്പെട്ട തർക്കം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയിയുടെ പുതിയ ചിത്രം ‘ജനനായകൻ’ കർണാടകയിലെ നിരവധി തിയേറ്ററുകളില്‍ പ്രദർശിപ്പിക്കുന്നത് താല്‍ക്കാലികമായി നിർത്തിവെച്ചു.തമിഴ്നാട്ടിലേക്ക് വെള്ളം തുറന്നുവിടണമെന്ന കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ നിർദേശത്തിനെതിരെ കന്നഡ അനുകൂല സംഘടനകളും കർഷക സംഘടനകളും ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് മുൻകരുതല്‍ നടപടികള്‍ സ്വീകരിച്ചത്.നിയമ-സമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി പല തിയേറ്ററുകളും സിനിമയുടെ എല്ലാ ഷോകളും റദ്ദാക്കി.
ചിലയിടങ്ങളില്‍ ‘ജനനായകൻ’ ചിത്രത്തിന്റെ പോസ്റ്ററുകള്‍ നീക്കം ചെയ്യുകയോ മറ്റ് സിനിമകളുടെ പോസ്റ്ററുകള്‍ ഉപയോഗിച്ച് മറയ്ക്കുകയോ ചെയ്തതായി റിപ്പോർട്ടുകളുണ്ട്.മാണ്ഡ്യയില്‍ പ്രതിഷേധക്കാർ തിയേറ്ററുകള്‍ക്ക് മുന്നില്‍ സംഘടിച്ച് മുദ്രാവാക്യം വിളിക്കുകയും സിനിമയുടെ പോസ്റ്ററുകള്‍ നശിപ്പിക്കുകയും ചെയ്തു. ബെംഗളൂരുവിലെ പ്രമുഖ തിയേറ്ററായ സമ്പംഗി ഉള്‍പ്പെടെ നിരവധി കേന്ദ്രങ്ങളില്‍ അന്നത്തെ എല്ലാ പ്രദർശനങ്ങളും റദ്ദാക്കിയിട്ടുണ്ട്.തമിഴ് വംശജർ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളില്‍ സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ അധിക സേനയെ വിന്യസിക്കുകയും വ്യാപകമായ പട്രോളിംഗ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
എച്ച്. വിനോദ് സംവിധാനം ചെയ്ത ‘ജനനായകൻ’ റിലീസിന് ശേഷം ആഗോളതലത്തില്‍ 260 കോടിയിലധികം രൂപയുടെ കളക്ഷൻ നേടിയതായി റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന് മികച്ച വരുമാനം ലഭിച്ച പ്രധാന വിപണികളിലൊന്നായിരുന്നു കർണാടക, പ്രത്യേകിച്ച് ബെംഗളൂരു. നിലവിലെ പ്രതിഷേധവും പ്രദർശന വിലക്കും ബോക്സ് ഓഫീസ് വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.പൂർണസമയ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പുള്ള വിജയിയുടെ അവസാന സിനിമയെന്ന പ്രത്യേകതയും ‘ജനനായകൻ’ എന്ന ചിത്രത്തിനുണ്ട്. പൂജ ഹെഗ്ഡെ, ബോബി ഡിയോള്‍, മമിത ബൈജു, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.