Home കർണാടക ഓഗസ്റ്റ് 13-ന് കര്‍ണാടക ബന്ദ്; എന്തെല്ലാം തടസപ്പെടും? ആരെല്ലാം പിന്തുണയ്ക്കും? സംസ്ഥാനം നിശ്ചലമാകുമെന്ന് കന്നഡ സംഘടനകള്‍

ഓഗസ്റ്റ് 13-ന് കര്‍ണാടക ബന്ദ്; എന്തെല്ലാം തടസപ്പെടും? ആരെല്ലാം പിന്തുണയ്ക്കും? സംസ്ഥാനം നിശ്ചലമാകുമെന്ന് കന്നഡ സംഘടനകള്‍

by ടാർസ്യുസ്

ബെംഗളൂരു: കാവേരി നദീജലത്തർക്കവുമായി ബന്ധപ്പെട്ട് കന്നഡ അനുകൂല സംഘടനകള്‍ പ്രഖ്യാപിച്ച കർണാടക ബന്ദിന് പിന്തുണ അറിയിച്ച്‌ വിവിധ സംഘടനകളും.ഓട്ടോ ടാക്സി, സ്കൂള്‍ ജീവനക്കാർ, സിനിമ മേഖലയിലെ ഫിലിം ചേംബർ തുടങ്ങിയവരാണ് ഓഗസ്റ്റ് 13-ലെ കർണാടക ബന്ദിന് പിന്തുണ അറിയിച്ചത്.3500 ഘനയടി വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കാനുള്ള കാവേരി ജല മാനേജ്മെന്റ് അതോറിറ്റി ഉത്തരവില്‍ പ്രതിഷേധിച്ചാണ് വിവിധ കന്നഡ അനുകൂല സംഘടനകള്‍ ഓഗസ്റ്റ് 13-ന് കർണാടക ബന്ദ് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച ബെംഗളൂരുവില്‍ ചേർന്ന വിവിധ സംഘടനകളുടെ സംയുക്ത യോഗത്തിന് പിന്നാലെ മുതിർന്ന നേതാവായ വാട്ടാള്‍ നാഗരാജാണ് ബന്ദിന്റെ പ്രഖ്യാപനം നടത്തിയത്.

ഓഗസ്റ്റ് 13-ന് രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ബന്ദ് ആചരിക്കുകയെന്നും ബന്ദില്‍ സംസ്ഥാനം പൂർണമായും നിശ്ചലമാകുമെന്നും അദ്ദേഹം പറഞ്ഞു. കേവലം ധാർമികമായ പിന്തുണയ്ക്കപ്പുറം എല്ലാ കന്നഡിഗരും ബന്ദിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ആശുപത്രി, ആംബുലൻസ് തുടങ്ങിയ അവശ്യസർവീസുകള്‍ ഒഴികെ എല്ലാ സേവനങ്ങളും തടസപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കർഷകരും സമരത്തിന്റെ ഭാഗമാകുമെന്നും നാഗരാജ് കൂട്ടിച്ചേർത്തു.കന്നഡ സംഘടനകള്‍ ബന്ദ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബന്ദിന് പിന്തുണ അറിയിച്ച്‌ കർണാടകയിലെ വിവിധ സംഘടനകളും രംഗത്തെത്തിയത്. കന്നഡ സിനിമാ മേഖല ബന്ദുമായി പൂർണമായും സഹകരിക്കുമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജയമാല അറിയിച്ചു.

ബന്ദ് ദിവസം തങ്ങളുടെ സംഘടനയില്‍ അംഗങ്ങളായ സ്കൂളുകള്‍ അടച്ചിടുമെന്ന് അസോസിയേറ്റഡ് മാനേജ്മെന്റ്സ് ഓഫ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍സ് ഇൻ കർണാടക(കെഎഎംഎസ്) ജനറല്‍ സെക്രട്ടറി ശശികുമാറും അറിയിച്ചു. ബന്ദിനെ പിന്തുണയ്ക്കുന്നതായി ആദർശ ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയനും പ്രഖ്യാപിച്ചു. മറ്റു ഓട്ടോ അസോസിയേഷനുകളും ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.അതേസമയം, ബന്ദിനെ പിന്തുണയ്ക്കാൻ താത്പര്യമില്ലെന്ന് ഹോട്ടല്‍ അസോസിയേഷനുകള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, പ്രതിഷേധം കണക്കിലെടുത്ത് മിക്ക ഹോട്ടലുകളും അടഞ്ഞുകിടക്കാനാണ് സാധ്യത. അതിനിടെ, ബന്ദിനെ പിന്തുണയ്ക്കുന്നതില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് ഓല, യൂബർ ഡ്രൈവേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് തൻവീർ പാഷ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group