ബെംഗളൂരു: സെൻട്രല്‍ സില്‍ക്ക് ബോർഡ് ജങ്ഷനില്‍ നിന്ന് കെആർ പുരം വരെയുള്ള 17.01 കിലോമീറ്റർ നീളമുള്ള ഔട്ടർ റിങ് റോഡ് വികസന പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്.പദ്ധതി കേവലം റോഡ് നവീകരണത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. മഴവെള്ളം കാര്യക്ഷമമായി ഒഴുക്കിവിടാൻ ഡ്രെയിനേജ് സംവിധാനം പുനർനിർമിക്കുന്നതിനായി 78 കോടിയിലേറെ ചെലവഴിക്കാനാണ് അധികൃതരുടെ തീരുമാനം.ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ പ്രത്യേക സ്ഥാപനമായ ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് തയ്യാറാക്കിയ ആശയരേഖ പ്രകാരം, 31.30 കിലോമീറ്റർ ദൂരത്തില്‍ ഡ്രെയിനേജ് സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തും.
ഇതിനായി മാത്രം 78.16 കോടി വകയിരുത്തിയിട്ടുണ്ട്. പദ്ധതിയുടെ ആകെ നിർമാണച്ചെലവ് 358.32 കോടിയാണ്.പുതിയ ഡ്രെയിനേജ് സംവിധാനത്തില്‍ ഒരു മീറ്റർ വ്യാസമുള്ള പൈപ്പുകള്‍ ഉപയോഗിക്കാനാണ് നിർദ്ദേശം. ഇത് മഴവെള്ളം കാര്യക്ഷമമായി ഒഴുക്കാൻ പര്യാപ്തമാണെന്നാണ് ബി-സ്മൈലിന്റെ വിലയിരുത്തല്‍.ഇതിലൂടെ റോഡിന്റെ ഉപരിതലം കൂടുതല്‍ ഒരേ നിരപ്പില്‍ ആവുകയും വാഹനഗതാഗതം സുഗമമാകുകയും യാത്രക്കാർക്ക് കൂടുതല്‍ സൗകര്യപ്രദമായ റോഡായി മാറുകയും ചെയ്യുമെന്ന് രേഖയില്‍ പറയുന്നു.എന്നാല്‍ ഈ രൂപകല്പനയ്ക്ക് കൂടുതല്‍ മൂലധന ചെലവ് ആവശ്യമായിരിക്കുമെന്നും നിർമ്മാണം സങ്കീർണതയുള്ളതാണെന്നും രേഖയില്‍ വ്യക്തമാക്കുന്നു. മഴവെള്ള നിയന്ത്രണം കൂടുതല്‍ കാര്യക്ഷമമാക്കാൻ റോഡിന്റെ മധ്യഭാഗത്ത് ഹൈ ഡെൻസിറ്റി പോളി എത്തിലീൻ ച്യൂട്ടുകള്‍ സ്ഥാപിക്കാനും പദ്ധതി നിർദേശിക്കുന്നു. ഇതിലൂടെ പ്രധാന റോഡില്‍ വീഴുന്ന മഴവെള്ളം സർവീസ് റോഡിന്റെ ഡ്രെയിനേജ് സംവിധാനത്തിലേക്ക് ഒഴുക്കിവിടാനാകും.നിലവിലുള്ള പ്രധാന റോഡിനും സർവീസ് റോഡിനും ഇടയിലുള്ള ഡ്രെയിനുകള്‍ വൃത്തിയാക്കാനും പദ്ധതിയില്‍ നിർദ്ദേശമുണ്ട്. നിലവിലെ ഡ്രെയിനുകളുടെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ മോശം നിലയിലായതിനാല്‍ അവ മാറ്റി പുതിയ സ്ലാബുകള്‍ സ്ഥാപിക്കും.
പ്രധാന റോഡിലും സർവീസ് റോഡിലും ഓരോ 20 മീറ്റർ ഇടവിട്ട് മഴവെള്ളം ഡ്രെയിനിലേക്ക് ഒഴുകുന്നതിനുള്ള ഇൻലെറ്റുകള്‍ സ്ഥാപിക്കും. ഇവയ്ക്ക് സ്റ്റീല്‍ ഗ്രേറ്റിങ്ങുകളും നല്‍കും.റോഡ് വികസന പദ്ധതിയുടെ ഭാഗമായി മെട്രോ സ്റ്റേഷനുകളുമായുള്ള മികച്ച ബന്ധം, സംയോജിത ജങ്ഷനുകള്‍, ടെക് പാർക്കുകളിലേക്കുള്ള എളുപ്പമുള്ള പ്രവേശനവും പുറത്തുകടക്കാനുള്ള സംവിധാനവും, കൂടുതല്‍ മികച്ച ലൈറ്റിങ്, ആകർഷകമായ രൂപകല്പന, കാര്യക്ഷമമായ മഴവെള്ള നിർമ്മാർജന സംവിധാനം എന്നിവയും ഒരുക്കും.പദ്ധതിയില്‍ ഗിഗ് ഹബ് സ്ഥാപിക്കുന്നതും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ തണലുള്ള ഇരിപ്പിടങ്ങള്‍, മൊബൈല്‍ ചാർജിങ് ലോക്കറുകള്‍, സൗജന്യ വൈ-ഫൈ, കുടിവെള്ള സൗകര്യം എന്നിവ ലഭ്യമാകും.കൂടാതെ, സൗരോർജത്തില്‍ പ്രവർത്തിക്കുന്ന ചാർജിങ് സൗകര്യമുള്ള മൈക്രോ-മൊബിലിറ്റി ഡോക്കുകള്‍, ഡിജിറ്റല്‍ ക്യൂ സംവിധാനത്തോടുകൂടിയ ഓട്ടോറിക്ഷ സ്റ്റാൻഡുകള്‍, തണലുള്ള കാത്തിരിപ്പ് കേന്ദ്രങ്ങള്‍ എന്നിവയും ഒരുക്കും.
ഇതിലൂടെ യാത്രക്കാർക്കും കാല്‍നടയാത്രക്കാർക്കും കൂടുതല്‍ സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഔട്ടർ റിംഗ് റോഡിലെ ഓരോ ബസ് സ്റ്റോപ്പിലും ഇലക്ട്രോണിക് സിറ്റി ഇൻഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ് അതോറിറ്റി മാതൃകയില്‍ രണ്ട് ആധുനിക ബസ് ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.ഇതിനുപുറമെ, എല്ലാ പ്രായക്കാർക്കും ഉപയോഗിക്കാവുന്ന വിനോദകേന്ദ്രങ്ങള്‍, പൊതുഇരിപ്പിടങ്ങള്‍, വാരാന്ത്യ മാർക്കറ്റുകള്‍ എന്നിവയും ഔട്ടർ റിംഗ് റോഡിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കാൻ പദ്ധതിയുണ്ട്. പദ്ധതി പൂർത്തിയായാല്‍ ലക്ഷണക്കണക്കിന് ആളുകളുടെ ആശ്രയമായ ഔട്ടർ റിംഗ് റോഡിന്റെ മുഖം തന്നെ മാറുമെന്നാണ് വിലയിരുത്തല്‍.