ദില്ലി: അപകീർത്തികരമായ പരാമർശം നടത്തിയ കുട്ടികള്‍ക്ക് താൻ മാപ്പ് നല്‍കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പുതിയ വീഡിയോയില്‍ ആദ്യമായി ജന്തർ മന്തർ പരാമർശം നടത്തിയിരിക്കുകയാണ് പ്രധാനമന്ത്രി. ജന്തർ മന്തറില്‍ എന്തൊക്കെ സംഭവിച്ചു എന്ന് രാജ്യം മുഴുവൻ കണ്ടതാണ്. സംസ്കാരസമ്പന്നമായ ഒരു സമൂഹത്തിലും സ്ഥാനമില്ലാത്ത ഭാഷയാണ് ചില യുവാക്കള്‍ ഉപയോഗിച്ചത്. തനിക്കെതിരെ മാത്രമല്ല, അന്തരിച്ച തന്റെ അമ്മയ്ക്കെതിരെയും അധിക്ഷേപങ്ങള്‍ ഉയർന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ചെറിയ പ്രായത്തില്‍ തെറ്റുകള്‍ സംഭവിക്കാം. അത് തിരുത്താൻ ഇനി അവസരം ഉണ്ട്. കുട്ടികളെ നേരായ വഴി നടത്തേണ്ടത് നമ്മളാണ്. രാജ്യത്തെ മുന്നോട്ടു നയിക്കാൻ ചേർന്നു നില്‍ക്കാമെന്ന് കുട്ടികളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചെന്ന പരാതിയില്‍ 25കാരിയായ നോയിഡ സ്വദേശിനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാല്‍ ഇത്തരം അധിക്ഷേപങ്ങള്‍ക്ക് കോപമോ പ്രതികാരമോ അല്ല മറുപടിയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. അതിനുപകരം തങ്ങളുടെ തെറ്റുകളില്‍ നിന്ന് പഠിക്കാൻ ശേഷിയുള്ളവരാണ് യുവാക്കള്‍. കുട്ടികളെ ചേർത്തുപിടിച്ച് ശരിയായ വഴി കാണിച്ചുകൊടുക്കേണ്ട സമയമാണെന്നും കോടതി കയറ്റി ശിക്ഷിക്കുന്നതും വേട്ടയാടുന്നതുമല്ല പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി. അധിക്ഷേപം നടത്തിയവരോട് ക്ഷമിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും സമൂഹവും ഇത് സ്വീകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ‘ഞാൻ നിങ്ങള്‍ക്ക് വേണ്ടിയാണ്, നിങ്ങളുടെ ഭാവിക്കു വേണ്ടിയാണ് ജീവിക്കുന്നത്’ എന്നും പ്രധാനമന്ത്രി പറഞ്ഞു.