നന്തി ഇന്‍ഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ എന്റര്‍പ്രൈസ് (NICE) നടപ്പിലാക്കിയ ബെംഗളൂരു-മൈസൂരു ഇന്‍ഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ പദ്ധതി സംസ്ഥാനത്തെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്ന് ആയേക്കാമെന്ന് കര്‍ണാടക ഹൈക്കോടതി.രണ്ട് പതിറ്റാണ്ടിലേറെയായിട്ടും നഷ്ടപരിഹാരം നിശ്ചയിക്കാത്തതിനെത്തുടര്‍ന്ന് കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി റദ്ദാക്കിക്കൊണ്ടുള്ള സിംഗിള്‍ ബെഞ്ച് വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീലില്‍ ആണ് ബെഞ്ചിന്റെ നിരീക്ഷണം.നൈസും കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയാസ് ഡെവലപ്മെന്റ് ബോര്‍ഡും ആണ് അപ്പീല്‍ നല്‍കിയത്. ‘ബെംഗളൂരു-മൈസൂരു ഇന്‍ഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ പദ്ധതി സംസ്ഥാനത്തെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നായേക്കാമെന്ന് തോന്നുന്നു. പൗരന്മാര്‍ക്ക് വേണ്ടി പ്രകൃതിവിഭവങ്ങളുടെ ട്രസ്റ്റിയായി പ്രവര്‍ത്തിക്കേണ്ട ഒരു ഭരണകൂടം, ഭരണഘടനാപരമായ വ്യവസ്ഥകളെ പൂര്‍ണ്ണമായും ലംഘിച്ചുകൊണ്ട് സ്വകാര്യ താല്‍പ്പര്യങ്ങളെ എങ്ങനെ വളരാന്‍ അനുവദിക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്,’ കോടതി പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടനയുടെ 300എ അനുച്ഛേദപ്രകാരം നിര്‍ബന്ധമായും നല്‍കേണ്ടിയിരുന്ന നഷ്ടപരിഹാരം നല്‍കാതെ കര്‍ഷകരുടെ ഭൂമിയും തലമുറകളായി അവര്‍ക്കുണ്ടായിരുന്ന ഉപജീവനമാര്‍ഗ്ഗവും തട്ടിയെടുക്കപ്പെട്ടു എന്നതാണ് നൈസ് പദ്ധതിയില്‍ ആകെ കാണാനാകുന്നത് എന്ന് കോടതി പറഞ്ഞു. ഭൂവുടമകളുടെയും പൊതുതാല്‍പ്പര്യത്തിന്റെയും ചെലവില്‍ പദ്ധതിയുടെ വക്താക്കള്‍ക്ക് വന്‍തോതില്‍ നേട്ടമുണ്ടാക്കിക്കൊടുക്കുക എന്നതല്ലാതെ മറ്റൊന്നും ഈ പദ്ധതി ചെയ്തിട്ടില്ല എന്ന് കോടതി വിലയിരുത്തി.1997 ഏപ്രിലില്‍ കര്‍ണാടക സര്‍ക്കാരും നൈസ് കമ്പനിയും തമ്മിലുണ്ടാക്കിയ കരാറിന് കീഴില്‍ ഒരു സംയോജിത അടിസ്ഥാന സൗകര്യ വികസന പദ്ധതിയായാണ് ബെംഗളൂരു-മൈസൂരു ഇന്‍ഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ പദ്ധതി വിഭാവനം ചെയ്തത്. 111 കിലോമീറ്റര്‍ എക്‌സ്പ്രസ്വേ, 41 കിലോമീറ്റര്‍ പെരിഫറല്‍ റോഡ്, 9.8 കിലോമീറ്റര്‍ ലിങ്ക് റോഡ്, സ്വയംപര്യാപ്തമായ അഞ്ച് ടൗണ്‍ഷിപ്പുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെട്ടിരുന്നു.1998-നും 2009-നും ഇടയില്‍ ‘കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയാസ് ഡെവലപ്മെന്റ് ആക്റ്റ്, 1966’ പ്രകാരം ഏകദേശം 20193 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 2003-നും 2009-നും ഇടയിലാണ് അന്തിമ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചത്. എന്നാല്‍, 23 വര്‍ഷം പിന്നിട്ടിട്ടും ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരം നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടില്ല.ഹര്‍ജിക്കാരുടെ ഭൂമിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ മാത്രം, ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ കഴിഞ്ഞ വര്‍ഷം സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായിട്ടും നഷ്ടപരിഹാരം നിശ്ചയിക്കുന്നതില്‍ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തിയ കോടതി, നടപടികള്‍ അനിശ്ചിതകാലത്തേക്ക് നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന് വ്യക്തമാക്കി.
ബെംഗളൂരു-മൈസൂരു ഇന്‍ഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ പദ്ധതിയുടെയോ സുപ്രീം കോടതി നേരത്തെ ശരിവെച്ച ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങളുടെയോ സാധുതയെ ചോദ്യം ചെയ്യുകയല്ല ഭൂവുടമകള്‍ ചെയ്യുന്നതെന്ന് കോടതി വ്യക്തമാക്കി.സ്വര്‍ണവില വീണ്ടും മുകളിലേക്ക്..! ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് കൊടുക്കേണ്ടത് ഇത്രയും രൂപ!നഷ്ടപരിഹാരം നിശ്ചയിക്കുന്നതില്‍ അധികൃതര്‍ക്കുണ്ടായ വീഴ്ചയാണ് അവര്‍ക്ക് നിയമനടപടിക്കുള്ള പുതിയ സാഹചര്യം ഒരുക്കിയത്. കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയാസ് ഡെവലപ്മെന്റ് ആക്റ്റിലെ സെക്ഷന്‍ 28 പ്രകാരം ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമായിക്കഴിഞ്ഞാല്‍ ആ ഏറ്റെടുക്കല്‍ നടപടി റദ്ദാക്കാനാവില്ലെന്ന വാദം ഡിവിഷന്‍ ബെഞ്ച് തള്ളി. നിയമപരമായ നടപടിയിലൂടെ ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമായി എന്നത്, ന്യായമായ സമയത്തിനുള്ളില്‍ നഷ്ടപരിഹാരം നിശ്ചയിച്ചു നല്‍കാനുള്ള സര്‍ക്കാരിന്റെ ബാധ്യതയില്‍ നിന്ന് അവരെ ഒഴിവാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.നഷ്ടപരിഹാരം പാസാക്കുന്നതിന് കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയാസ് ഡെവലപ്മെന്റ് ആക്റ്റ്, നിയമം കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ബെഞ്ച് അംഗീകരിച്ചു. എന്നിരുന്നാലും, നിയമപരമായ സമയപരിധി ഇല്ലെന്നത് നഷ്ടപരിഹാരം നല്‍കുന്നത് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനുള്ള പരിധിയില്ലാത്ത അനുമതിയായി കണക്കാക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
നഷ്ടപരിഹാരം നിശ്ചയിക്കുന്നതിലുണ്ടായ തുടര്‍ച്ചയായ വീഴ്ച, ഭൂവുടമകളെ അവരുടെ ഭൂമി കൈമാറ്റം ചെയ്യുന്നതില്‍ നിന്നോ, വികസിപ്പിക്കുന്നതില്‍ നിന്നോ, കൃഷി ചെയ്യുന്നതില്‍ നിന്നോ, പണയം വെക്കുന്നതില്‍ നിന്നോ അല്ലെങ്കില്‍ മറ്റ് രീതിയില്‍ വിനിയോഗിക്കുന്നതില്‍ നിന്നോ തടഞ്ഞുവെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം സാഹചര്യം തുടരാന്‍ അനുവദിക്കുന്നത്, ഭരണഘടനാപരമായ സ്വത്തവകാശത്തെ കേവലം ഒരു നടപടിക്രമം മാത്രമാക്കി ചുരുക്കുമെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.ബെംഗളൂരു-മൈസൂരു ഇന്‍ഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ പദ്ധതിയെയും അതിനു പിന്നിലെ പൊതുതാല്‍പ്പര്യത്തെയും ശരിവെച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ മുന്‍കാല വിധികള്‍ നിലവിലെ നടപടികള്‍ക്ക് തടസ്സമാണെന്ന നൈസിന്റെ വാദവും കോടതി തള്ളി.ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ആന്‍ഡ് ഇക്കണോമിക് ചേഞ്ച് റിപ്പോര്‍ട്ട്, വില്‍പ്പന ആധാരങ്ങള്‍, സംയുക്ത വികസന കരാറുകള്‍, നൈസിന്റെ സാമ്പത്തിക രേഖകള്‍ എന്നിവയുള്‍പ്പെടെ പദ്ധതി നടപ്പാക്കലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബെഞ്ച് പരിശോധിച്ചു. കഴിഞ്ഞ 25-26 വര്‍ഷത്തിനിടയില്‍, നിര്‍ദ്ദിഷ്ട 111 കിലോമീറ്റര്‍ എക്‌സ്പ്രസ്വേയില്‍ 5 കിലോമീറ്റര്‍ ദൂരം മാത്രമേ നൈസ് നിര്‍മ്മിച്ചിട്ടുള്ളൂ എന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നതായി കോടതി ചൂണ്ടിക്കാട്ടി.554 ഏക്കര്‍ അധിക ഭൂമി നൈസിന് കൈമാറിയതായി സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെക്കുറിച്ചും കോടതി പരാമര്‍ശിച്ചു.
പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി സ്വകാര്യ ഡെവലപ്പര്‍മാരുമായുള്ള വാണിജ്യ ഇടപാടുകള്‍ക്ക് വിധേയമാക്കിയതായും കോടതി കണ്ടെത്തി.വികസിപ്പിച്ച ഭൂമി വിറ്റതിലൂടെയുള്ള വരുമാനം, സംയുക്ത വികസന കരാറുകള്‍ പ്രകാരം ലഭിച്ച മുന്‍കൂര്‍ തുകകള്‍, പൂര്‍ത്തിയായ റോഡ് ഭാഗങ്ങളെ കമ്പനിയുടെ ആസ്തികളായി കണക്കാക്കല്‍ എന്നിവ നൈസിന്റെ വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ വെളിപ്പെടുത്തിയിരുന്നു. ഈ വസ്തുതകള്‍ പരിഗണിച്ചുകൊണ്ട്, പൊതു അടിസ്ഥാന സൗകര്യ വികസന പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി വലിയ തോതിലുള്ള വാണിജ്യ ഇടപാടുകളുമായി ബന്ധപ്പെട്ട് കിടക്കുന്ന അവസ്ഥയിലാണെന്ന് കോടതി നിരീക്ഷിച്ചു.’ഞങ്ങളുടെ കാഴ്ചപ്പാടില്‍, ഇതൊരു നിയമ-ഭരണഘടനാ ലംഘനവും വഞ്ചനയുമാണ്. ഇതില്‍ സര്‍ക്കാര്‍ അധികൃതരും പങ്കാളികളാണ്,’ ബെഞ്ച് പറഞ്ഞു. നൈസിന്റെ കണക്കുകള്‍ സംബന്ധിച്ച് സ്വതന്ത്രമായ വിലയിരുത്തലും അന്വേഷണവും ഫോറന്‍സിക് ഓഡിറ്റും നടത്താന്‍ അനുയോജ്യമായ കേസാണിതെന്ന് കോടതി നിരീക്ഷിച്ചു.