ബെംഗളൂരു: പ്രമുഖ ഫുഡ് ഡെലിവറി ആപ്പുകളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവയുമായുള്ള സഹകരണം അവസാനിപ്പിക്കാനൊരുങ്ങി ബെംഗളൂരുവിലെ ആയിരത്തിലധികം ഹോട്ടലുകള്‍.അമിത കമ്മീഷൻ, അനാവശ്യ ഡിസ്‌കൗണ്ടുകള്‍, ഏകപക്ഷീയമായ പണം വെട്ടിക്കുറയ്ക്കല്‍ എന്നിവയില്‍ സഹികെട്ടാണ് ഹോട്ടലുടമകളുടെ തീരുമാനം. ഓഗസ്റ്റ് 15-നകം തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സേവനങ്ങള്‍ പൂർണ്ണമായും നിർത്തിവെക്കുമെന്ന് റെസ്റ്റോറന്റ് അസോസിയേഷൻ മുന്നറിയിപ്പ് നല്‍കി.കെട്ടിട വാടകയും സാധനങ്ങളുടെ വിലക്കയറ്റവും മൂലം ഹോട്ടല്‍ മേഖല പ്രതിസന്ധിയിലായിരിക്കെ, പ്ലാറ്റ്‌ഫോമുകള്‍ ഈടാക്കുന്ന ഭീമമായ തുക തങ്ങളെ വൻ സാമ്പത്തിക നഷ്ടത്തിലേക്ക് തള്ളിയിടുകയാണെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു.
ഹോട്ടലുടമകളുടെ വ്യക്തമായ അനുവാദമില്ലാതെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഓഫറുകളുടെയും പ്രൊമോഷനുകളുടെയും ചെലവ് ഹോട്ടലുകളില്‍ നിന്ന് ഈടാക്കുന്നു. ഉപഭോക്താക്കള്‍ പരാതിപ്പെട്ടാല്‍ ഹോട്ടലുകളുടെ ഭാഗം കേള്‍ക്കാതെ തന്നെ വരുമാനത്തില്‍ നിന്ന് പണം വെട്ടിക്കുറയ്ക്കുന്നു. ഭക്ഷണം തയ്യാറാക്കിയ ശേഷം ഉപഭോക്താക്കള്‍ ഓർഡർ റദ്ദാക്കിയാല്‍ ഉണ്ടാകുന്ന മുഴുവൻ നഷ്ടവും ഹോട്ടലുകള്‍ തന്നെ സഹിക്കേണ്ടി വരുന്നുവെന്നും ഹോട്ടലുടമകള്‍ പറയുന്നു.ഓഗസ്റ്റ് 15ന് മുൻപായി സ്വിഗ്ഗിയും സൊമാറ്റോയും ഈ പറയുന്ന കാര്യങ്ങളില്‍ വ്യക്തമായ എഴുതി തയ്യാറാക്കിയ മറുപടി നല്‍കണമെന്നാണ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.
പരാതികളില്‍ ഹോട്ടലുകളുടെ വിശദീകരണം കേള്‍ക്കാതെ തുക വെട്ടിക്കുറയ്ക്കരുത്. തയ്യാറാക്കിയ ശേഷം റദ്ദാക്കുന്ന ഓർഡറുകളുടെ നഷ്ടപരിഹാരം നല്‍കണം. അനുമതിയില്ലാതെ പ്രൊമോഷണല്‍ പരസ്യ നിരക്കുകള്‍ ഈടാക്കരുത്. മാസാമാസം വെട്ടിക്കുറയ്ക്കുന്ന തുകയുടെ കൃത്യമായ റിപ്പോർട്ട് നല്‍കണം. പ്രശ്നങ്ങള്‍ പരിഹരിക്കാൻ ഓരോ ഹോട്ടലിനും പ്രത്യേക ‘റിലേഷൻഷിപ്പ് മാനേജരെ’ നിയമിക്കണം എന്നിങ്ങനെയാണ് ഹോട്ടലുടമകളുടെ പ്രധാന ആവശ്യങ്ങള്‍. പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കില്‍ ബെംഗളൂരു നഗരത്തിലെ ഓണ്‍ലൈൻ ഭക്ഷണ വിതരണത്തെ അത് സാരമായി ബാധിക്കും.