പാമ്ബുകടിയേറ്റ് മരിച്ച യുവാവിനെ വീണ്ടും ജീവിപ്പിക്കാൻ മൃതദേഹം ഗംഗാനദിയില്‍ കെട്ടിയിറക്കി കുടുംബം. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. ഏപ്രില്‍ 26ന് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറില്‍ നടന്ന രണ്ടാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങിയതായിരുന്നു ഇരുപതുകാരനായ മോഹിത് കുമാർ. തുടർന്ന് കൃഷിയിടത്തില്‍ ജോലിചെയ്യുന്നതിനിടെ പാമ്ബുകടിയേല്ക്കുകയായിരുന്നു. വിവരമറിഞ്ഞ വീട്ടുകാർ മോഹിത്തിനെ നാട്ടുവൈദ്യന്റെ അടുത്തേക്കാണ് കൊണ്ടുപോയത്. പോകുംവഴി തന്നെ ഇയാള്‍ ബോധരഹിതനായിരുന്നു.
പാമ്ബ് കടിച്ച ഭാഗത്ത് തുണി മുറുകെക്കെട്ടിയാണ് യുവാവിനെ ചികിത്സക്കായി കൊണ്ടുപോയത്. വഴിമധ്യേ ഇയാള്‍ സംസാരിക്കുന്നത് നിർത്തിയതായി നാട്ടുകാർ പറയുന്നു. തുടർന്ന്, റാണ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. എന്നാല്‍, ഡോക്ടർമാരും മോഹിത് മരിച്ചതായി വിധിയെഴുതുകയായിരുന്നു.
എന്നാല്‍, സംസ്കാര ചടങ്ങുകള്‍ നടത്താതെ മോഹിതിന്റെ മൃതദേഹവുമായി കുടുംബം നേരെ പോയത് ഗംഗാനദിയുടെ തീരത്തേക്കാണ്. ഗംഗാ നദിയിലെ ഒഴുകുന്ന വെള്ളത്തില്‍ മൃതദേഹം മുക്കിവെച്ചാല്‍ വിഷമിറങ്ങി മരിച്ചയാള്‍ പോലും ജീവിച്ചുവരുമെന്ന അന്ധവിശ്വാസമായിരുന്നു കാരണം. തുടർന്ന്, കയറില്‍ കെട്ടി മോഹിതിന്റെ മൃതദേഹം ഗംഗാനദിയിലേക്ക് ഇറക്കി. രണ്ടുദിവസമാണ് മൃതദേഹം ഇങ്ങനെ നദിയില്‍ കയറില്‍ കെട്ടിത്തൂക്കിയിട്ടത്. അത്ഭുതങ്ങള്‍ ഒന്നും സംഭവിക്കാത്തതിനാല്‍ ഗംഗയുടെ തീരത്ത് തന്നെ സംസ്കരിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിവിധ ഭാഗങ്ങളില്‍ നിന്ന് വിമർശനങ്ങളും ശക്തമാണ്.