ജയ്പൂര്‍: സിഗരറ്റ് ചോദിച്ചപ്പോള്‍ തരാതിരുന്നതിലുള്ള വൈരാഗ്യത്തില്‍ സുഹൃത്തുക്കള്‍ യുവാവിനെ കുത്തിക്കൊന്നു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. നെഹ്‌റു ബസാര്‍ സ്വദേശി രോഹിത് സിങ് (20) ആണ് മരിച്ചത്. മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ മുഖ്യപ്രതി ജിതേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തു.
സുഹൃത്തുക്കളായ ജിതേന്ദ്രയ്ക്കും സുമിത് സിങ്ങിനുമൊപ്പം മദ്യപിക്കുന്നതിനിടെ ജിതേന്ദ്ര രോഹിത്തിനോട് സിഗരറ്റ് ചോദിച്ചു. രോഹിത്ത് കൊടുക്കാന്‍ തയ്യാറിയില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ ഇരുവരും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുകയും കത്തി ഉപയോഗിച്ച് നെഞ്ചില്‍ പല തവണ കുത്തുകയുമായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി. ചികിത്സക്കിടെയാണ് രോഹിത് മരിച്ചത്. സംഭവത്തിന് ശേഷം പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ടാമത്തെ പ്രതിക്കായി തെരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.