മാനന്തവാടി: കർണാടക-കേരള അതിർത്തിയിൽ 54.39 ഗ്രാം എം.ഡി.എം.എയുമായി കണ്ണൂർ സ്വദേശികളായ രണ്ടു യുവാക്കൾ അറസ്റ്റിൽ. കണ്ണൂർ മാട്ടൂൽ സ്വദേശികളായ വാടിക്കൽ കടവ് റോഡ് എ.ആർ മൻസിൽ നിയാസ് (30), മാട്ടൂൽ സെൻട്രൽ ഇട്ട പുരത്ത് വീട്ടിൽ മുഹമ്മദ് അമ്രാസ് (24) എന്നിവരാണ് പിടിയിലായത്.
ബംഗളൂരുവിൽ നിന്ന് കാറിൽ കണ്ണൂരിലേക്ക് ചില്ലറ വിൽപ്പനക്കായാണ് മയക്കുമരുന്ന് കടത്തിയിരുന്നതെന്ന് പിടിയിലായ യുവാക്കൾ പറഞ്ഞതായി എക്സൈസ് അറിയിച്ചു.കേസിൽ ഒന്നാം പ്രതിയായ നിയാസിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 52.34 ഗ്രാം എം.ഡി.എം.എയും ഇയാളുടെ തന്നെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് കാറിന്റെ ഹാൻഡ് റെസ്റ്റിന്റെ താഴെ ഭാഗത്ത് ഒളിപ്പിച്ച നിലയിലുമായിരുന്നു 2.05 ഗ്രാം എം.ഡി.എം.എ.
കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകാമെന്നാണ് എക്സൈസിൻ്റെ നിഗമനം. പ്രതികളെ മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.