ബംഗളൂരു: കബ്ബണ്‍ ഉദ്യാനത്തിലെ വൃക്ഷങ്ങള്‍ കൂട്ടത്തോടെ മുറിച്ചു മാറ്റുന്നു. ഉണങ്ങിയ ശിഖരങ്ങള്‍ വീണതിനെത്തുടർന്നാണിത്. എന്നാല്‍ ശിഖരങ്ങള്‍ ഉണങ്ങിയതിന് മരങ്ങള്‍ മൊത്തം മുറിക്കുന്നതിലുള്ള ആശങ്കയുമായി പരിസ്ഥിതിവാദികളും ഉദ്യാനം ഉപയോക്താക്കളും രംഗത്തെത്തി.
ഉദ്യാനം യന്ത്രവാള്‍ ശബ്ദമുഖരിതമാണെന്ന് ഇവിടെ സായാഹ്നം ചെലവിടാറുള്ള ഇന്ദിര നഗറിലെ സെയ്ഷാ അല്‍മാനി പറഞ്ഞു. ഉദ്യാന സവാരിക്കാരനായ ഒരാളുടെ തലയില്‍ മരക്കൊമ്ബ് പൊട്ടിവീണതിന്റെ തുടർനടപടി എന്നാണ് ലഭിച്ച വിശദീകരണമെന്ന് അവർ കൂട്ടിച്ചേർത്തു.ശിഖരങ്ങള്‍ പൊട്ടിവീണതിന് മരങ്ങള്‍ മുറിക്കുന്നത് ശരിയായ രീതിയല്ലെന്ന് ഊർജ-ചതുപ്പ് നിലം ഗവേഷണ വിഭാഗത്തിലെ ടി.വി. രാമചന്ദ്ര അഭിപ്രായപ്പെട്ടു. മുറിക്കുന്ന മരങ്ങള്‍ക്ക് പകരം നട്ടുപിടിപ്പിച്ച അനുഭവം ഇവിടെ ഇല്ല. മണ്ണിന് ചേർന്ന നാടൻ ഇനം വൃക്ഷത്തൈകള്‍ നടണമെന്ന് അദ്ദേഹം നിർദേശിച്ചു.തീരുമാനങ്ങളില്‍ സുതാര്യത ഇല്ലെന്ന് കബ്ബൻ ഉദ്യാനം നടത്തിപ്പുക്കാരുടെ അസോസിയേഷൻ പ്രസിഡന്റ് കെ. ഉമേഷ് കുമാർ ആരോപിച്ചു.
ജനങ്ങളുടെ അഭിപ്രായം തേടുന്ന രീതി അധികൃതർ സ്വീകരിക്കുന്നില്ല. ഹോർട്ടികള്‍ച്ചർ വകുപ്പ് മതിയായ ജീവനക്കാരെ നിയമിച്ച് പ്രശ്നം പരിഹരിക്കുന്നതിന് പകരം മരംമുറി എന്ന എളുപ്പവഴി തേടുകയാണെന്ന് കർണാടകയിലെ പരിസ്ഥിതി സംഘടന എകോ-വാച്ച് ഡയറക്ടർ അക്ഷയ് ഹെബിലികർ പറഞ്ഞു. വൃക്ഷങ്ങള്‍ക്ക് കൃത്യമായ പരിചരണം നല്‍കുകയും അപകട സൂചനയുള്ള ശിഖരങ്ങള്‍ അറുക്കുകയും ചെയ്യാൻ ആവശ്യമായ ജീവനക്കാർ ഇല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കർണാടക ഹൈകോടതിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന കബ്ബണ്‍ പാർക്കിലെ 10 ഏക്കറില്‍ 10 നിലകളുള്ള കർണാടക ഹൈക്കോടതി അനക്സ് കെട്ടിടം നിർമിക്കാൻ സർക്കാർ തീരുമാനമെടുത്തിരുന്നു. കഴിഞ്ഞ ഫെബ്രുവരി-മാർച്ച് മാസങ്ങളില്‍ ഇതിനെതിരെ കബ്ബണ്‍ പാർക്ക് വാക്കേഴ്സ് അസോസിയേഷൻ, ഹെറിറ്റേജ് ബേകു, വി ലവ് കബ്ബണ്‍ പാർക്ക് എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തുടർച്ചയായ പ്രതിഷേധത്തെത്തുടർന്ന് സർക്കാർ തല്‍ക്കാലം പിൻവാങ്ങിയതാണ്. മരങ്ങള്‍ക്ക് കോടാലി വീഴുമ്ബോള്‍ ആ പദ്ധതി വീണ്ടും വരുമോ എന്ന ആശങ്കയാണ് ഉയരുന്നത്.