തിരുവല്ല : തിരുവല്ല നഗരസഭ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതിന്റെ പേരില്‍ എട്ടു ഉദ്യോഗസ്ഥർക്ക് നഗരസഭ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ വനിതകള്‍ അടക്കം ഉദ്യോഗസ്ഥർക്കാണ് സെക്രട്ടറി നോട്ടീസ് നല്‍കിയത്.
മൂന്നു ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. വിശദീകരണം തൃപ്തികരം അല്ലെങ്കില്‍ കർശന അച്ചടക്ക നടപടി ഉണ്ടാകുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ച പെയിൻറിംഗ് ഉണ്ടായിരുന്ന ഫയല്‍ ജോലികള്‍ തീർക്കുന്നതിനായി എത്തിയ ജീവനക്കാരാണ് ജോലിക്കിടെ റീല്‍സ് എടുത്തത്.
ഇത് ജീവനക്കാരില്‍ ഒരാള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. ഇതോടെ പല കോണില്‍ നിന്നും ആശംസകളും ഒപ്പം തന്നെ വിമർശനങ്ങളും ഉയർന്നു. ഇതേ തുടർന്നാണ് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.