Home പ്രധാന വാർത്തകൾ ഒറ്റദിവസത്തിൽ ടിക്കറ്റ് തീർന്നു: ബെംഗളൂരു-എറണാകുളം വന്ദേഭാരതിൽ ക്രിസ്മസ്-പുതുവത്സര തിരക്ക്

ഒറ്റദിവസത്തിൽ ടിക്കറ്റ് തീർന്നു: ബെംഗളൂരു-എറണാകുളം വന്ദേഭാരതിൽ ക്രിസ്മസ്-പുതുവത്സര തിരക്ക്

by admin

ബെംഗളൂരു:കഴിഞ്ഞദിവസം പ്രധാനമന്ത്രി ഫ്ലാഗ്ഓഫ് ചെയ്ത് ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്‌പ്രസിൽ ക്രിസ്മസ്-പുതുവത്സര അവധിയോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ ടിക്കറ്റ് തീർന്നു. സർവീസിന്റെ ഉദ്ഘാടനച്ചടങ്ങ് നടന്ന ശനിയാഴ്ചയാണ് ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചത്. ഒരു ദിവസത്തിനുള്ളിൽ ക്രിസ്മസിനും പുതുവർഷത്തിനും അടുത്ത ദിവസങ്ങളിലെ സീറ്റ് ഉറപ്പുള്ള ടിക്കറ്റുകൾ തീരുകയായിരുന്നു. ക്രിസ്മസ്ദിനം അടക്കമുള്ള ദിവസങ്ങളിൽ റിസർവേഷൻനില വെയിറ്റിങ് ലിസ്റ്റാണ്.ഫ്ലാഗ് ഓഫ് ചടങ്ങിനോടനുബന്ധിച്ച് ഉദ്ഘാടന സ്പെഷ്യൽ സർവീസ് നടത്തിയെങ്കിലും വന്ദേഭാരത് പതിവ് സർവീസ് ചൊവ്വാഴ്ചയാണ് ആരംഭിക്കുന്നത്. എന്നാൽ, സർവീസിന്റെ ആദ്യ ദിവസങ്ങളിലെ ടിക്കറ്റിനെക്കാൾ വേഗം ക്രിസ്മസ്-പുതുവത്സര ദിനങ്ങളോട് അടുത്ത ദിവസങ്ങളിലേക്കായിരുന്നു ബുക്കിങ് നടന്നത്. ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളിൽ നൂറിൽപ്പരം ടിക്കറ്റുകൾ ബാക്കിയുണ്ട്. എന്നാൽ, ഡിസംബർ 20 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കുള്ള സർവീസുകളിൽ ചെയർകാറിലും എക്സിക്യുട്ടീവ് ചെയർകാറിലും റിസർവേഷൻ നില വെയിറ്റിങ് ലിസ്റ്റാണ്.ക്രിസ്മസിന് തൊട്ടുമുൻപ് ഏറ്റവും കൂടുതൽ തിരക്ക് ഡിസംബർ 20, 23-ന് ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന സർവീസിനാണ്. ക്രിസ്മസ് ദിനത്തിൽ പുറപ്പെടുന്ന സർവീസിലും ബുക്കിങ് അതിവേഗം തീർന്നു. ഇൗ ദിവസങ്ങളിൽ ചെയർകാറിലെ റിസർവേഷൻ നില വെയിറ്റിങ് ലിസ്റ്റ് 90-ന് അടുത്താണ്. ഡിസംബർ 20, 25 തീയതികളിൽ എക്സിക്യുട്ടീവ് ചെയർകാറിൽ റിസർവേഷൻതന്നെ അവസാനിച്ചു. ക്രിസ്മസിന്റെ അടുത്തദിവസം രാവിലെ പുറപ്പെടുന്ന സർവീസിലും സീറ്റ് ഉറപ്പുള്ള ടിക്കറ്റുകൾ തീർന്നു.ക്രിസ്മസിനുശേഷം എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്കുള്ള സർവീസിലും സീറ്റ് കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഡിസംബർ 27 മുതൽ 30 വരെ റിസർവേഷൻ നില വെയിറ്റിങ് ലിസ്റ്റാണ്. ക്രിസ്മസ്-പുതുവത്സര അവധിയോടനുബന്ധിച്ചുള്ള മറ്റ് പതിവ് തീവണ്ടികളിൽ ഇതിനകംതന്നെ ബെർത്തുറപ്പുള്ള ടിക്കറ്റുകൾ തീർന്നിരുന്നു. ഇതിനിടെ, വന്ദേഭാരത് സർവീസ് പ്രഖ്യാപിച്ചത് ബെംഗളൂരുവിലെ മലയാളികൾക്ക് അനുഗ്രഹമാകുകയായിരുന്നു.ബെംഗളൂരുവിൽനിന്ന് രാവിലെ 5.10-ന് പുറപ്പെടുന്ന തീവണ്ടി 11.28-ന് പാലക്കാട്ടും 12.28-ന് തൃശ്ശൂരും 1.50-ന് എറണാകുളത്തും എത്തും. അതിനാൽ രാത്രി തീവണ്ടി ലഭിക്കാത്തവർക്കുപോലും ഒരു പകൽ പൂർണമായും യാത്രയ്ക്കായി നഷ്ടപ്പെടുത്താതെ ബെംഗളൂരുവിൽനിന്ന് നാട്ടിലെത്താൻ സാധിക്കും. മറ്റ് തീവണ്ടികളിൽ ടിക്കറ്റ് കിട്ടാതെ വന്നതോടെ ക്രിസ്മസിന് കാറിലും ബസിലുമായി നാട്ടിൽ പോകാൻ പദ്ധതിയിട്ടിരുന്നവർ ഇപ്പോൾ വന്ദേഭാരതിലേക്ക് മാറിയതോടെയാണ് തിരക്ക് കൂടാൻ കാരണമെന്നാണ് വിലയിരുത്തൽ.റോഡ് മാർഗം 12 മണിക്കൂറിൽ കൂടുതൽ സമയം വേണ്ടിവരുമ്പോൾ വന്ദേഭാരതിൽ 8.40 മണിക്കൂറിൽ ബെംഗളൂരുവിൽനിന്ന് എറണാകുളത്ത് എത്താൻ സാധിക്കും. ഇതും വന്ദേഭാരത് തിരഞ്ഞെടുക്കാൻ യാത്രക്കാർക്ക് പ്രേരണയായി.

You may also like

error: Content is protected !!
Join Our WhatsApp Group