ബെംഗളൂരു: വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ബി.ജെ.പി. എം.പി.യും യുവമോർച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യയുടെ പേരിൽ കർണാടകത്തിലെ ഹാവേരി പോലീസ് കേസെടുത്തു. രണ്ട് കന്നഡ വാർത്താ പോർട്ടലുകളുടെ എഡിറ്റർമാരും കേസിൽ പ്രതികളാണ്. വഖഫ് ബോർഡ് ഭൂമിയേറ്റെടുത്തതിനെത്തുടർന്ന് ഹാവേരിയിലെ കർഷകൻ ജീവനൊടുക്കിയതായി വ്യാഴാഴ്ച തേജസ്വി സൂര്യ ‘എക്സി’ൽ കുറിച്ചതാണ് കേസിനിടയാക്കിയത്.കർഷകർ കൈവശംവെച്ചിരുന്ന ഭൂമി വഖഫ് ബോർഡ് ഏറ്റെടുക്കുന്നതിലുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു എക്സിലെ പോസ്റ്റ്.
ഇതേപ്പറ്റി കന്നഡ ന്യൂസ് പോർട്ടലിൽവന്ന വാർത്തയുടെ ലിങ്കും പങ്കുവെച്ചിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും വഖഫ് മന്ത്രി സമീർ അഹമ്മദ് ഖാനെയും പോസ്റ്റിൽ കുറ്റപ്പെടുത്തുകയുംചെയ്തു. ഇതിനുപിന്നാലെ ഇത് വ്യാജവാർത്തയാണെന്നു കാണിച്ച് ഹാവേരി ജില്ലാ പോലീസ് സൂപ്രണ്ട് പത്രക്കുറിപ്പിറക്കി. തേജസ്വി സൂര്യ പരാമർശിക്കുന്ന കർഷകൻ ആത്മഹത്യചെയ്തത് 2022 ജനുവരി ആറിനായിരുന്നെന്നും മഴയിൽ വിള നശിച്ചതിനാൽ ഏഴുലക്ഷം രൂപയുടെ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതിരുന്നതാണ് കാരണമെന്നും അദ്ദേഹം വിശദീകരിച്ചു.
ഇതേത്തുടർന്ന് ഹാവേരി സൈബർ ക്രൈം ആൻഡ് നർക്കോട്ടിക്സ് ഒഫെൻസ് പോലീസ് തേജസ്വി സൂര്യയുടെയും വാർത്ത പ്രസിദ്ധീകരിച്ച രണ്ട് ന്യൂസ് പോർട്ടലുകളുടെ എഡിറ്റർമാരുടെയും പേരിൽ കേസെടുക്കുകയായിരുന്നു. പോലീസ് സൂപ്രണ്ടിന്റെ ഓഫീസിൽ പ്രവർത്തിക്കുന്ന സാമൂഹികമാധ്യമ നിരീക്ഷണസെല്ലിലെ കോൺസ്റ്റബിളായ സുനിൽ ഹുച്ചണ്ണവർ നൽകിയ പരാതിയിലാണ് നടപടി. സമൂഹത്തിൽ ശത്രുത വളർത്തുന്ന രീതിയിൽ വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരായ ഭാരതീയ ന്യായ സംഹിതയിലെ 353(2) വകുപ്പുപ്രകാരമാണ് കേസ്.
കഴിഞ്ഞ ബി.ജെ.പി. സർക്കാരിന്റെ കാലത്താണ് തേജസ്വി സൂര്യയുടെ പോസ്റ്റിൽ പറയുന്ന കർഷകൻ ആത്മഹത്യ നടന്നത്. കേസെടുത്തതോടെ തേജസ്വി സൂര്യ എക്സിൽനിന്ന് പോസ്റ്റ് പിൻവലിച്ചു
ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കിടെ പൈപ്പ് വയറ്റില്‍ ഉപേക്ഷിച്ചു; സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി യുവതി
ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കിടെ 23 സെന്റീമീറ്റർ നീളമുള്ള പൈപ്പ് അടിവയറ്റില്‍ അവശേഷിച്ചെന്ന പരാതിയുമായി യുവതി.ഡല്‍ഹിയിലെ നോയിഡ സെക്ടർ 51ലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് കിരണ്‍ നേഗി എന്ന യുവതി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. 2023 ഫെബ്രുവരിയില്‍ താൻ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായെന്നും അന്ന് ഗുരുതരമായ ചികിത്സാപ്പിഴവ് സംഭവിച്ചു എന്നുമാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അടുത്തിടെ നടന്ന മറ്റൊരു ശസ്ത്രക്രിയയ്ക്കിടെയാണ് യുവതിയുടെ വയറ്റില്‍ 23 സെന്റീമീറ്റർ നീളമുള്ള പൈപ്പുണ്ടെന്ന് കണ്ടെത്തിയത്. 2023 ഫെബ്രുവരിയില്‍ ആശുപത്രിയില്‍ വച്ച് ഗർഭപാത്രത്തില്‍ വളരുന്ന മുഴകള്‍ നീക്കം ചെയ്യല്‍ ശസ്ത്രക്രിയക്ക് വിധേയയായ ശേഷം തനിക്ക് നിരന്തരമായ വേദന അനുഭവപ്പെട്ടിരുന്നതായി നേഗി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. തുടർചികിത്സകള്‍ നടത്തിയിട്ടും ആരോഗ്യ നില മെച്ചപ്പെട്ടില്ല. ഏഴു മാസങ്ങള്‍ക്കുശേഷം, സെക്ടർ 19ലെ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടി.
അവിടെ മറ്റൊരു ശസ്ത്രക്രിയ നടത്തി. ഈ പ്രക്രിയയ്ക്കിടെ, വയറില്‍ നിന്ന് 23 സെന്റീമീറ്റർ നീളമുള്ള പൈപ്പ് ഡോക്ടർമാർ കണ്ടെത്തി നീക്കം ചെയ്യുകയായിരുന്നു എന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്.സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്വകാര്യ ആശുപത്രിയോട് ആരോഗ്യ വകുപ്പ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ട ആശുപത്രി കൂടുതല്‍ വിവരങ്ങള്‍ ഉടനടി പരസ്യമാക്കാൻ കഴിയില്ലെന്നാണ് തങ്ങളുടെ വിശദീകരണത്തില്‍ പറയുന്നത്. എന്നാല്‍ ആശുപത്രിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ആരോപണം നിഷേധിച്ചു. ആരോഗ്യം ഭേദപ്പെട്ട ശേഷമാണ് രോഗിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്തതെന്ന് ആശുപത്രി അധികൃതർ പറയുന്നു. നഷ്ടപരിഹാരം തേടാനാണ് യുവതിയുടെ ശ്രമമെന്നും ആശുപത്രി അധികൃതർ ആരോപിച്ചു.