നഗരത്തിലെ ട്രാഫിക് വിവരങ്ങളെല്ലാം തത്സമയം അറിയാൻ കഴിയുകയും ഒരു റോഡ് ബ്ലോക്കാണെന്നറിഞ്ഞു മറ്റൊരു റൂട്ടിലൂടെ നീങ്ങാനും കഴിഞ്ഞാലോ?, ഇതാ ഇത്തരമൊരു സൂപ്പര് ആപ് അവതരിപ്പിക്കാൻ ബെംഗളൂരു ട്രാഫിക് പൊലീസ് ഒരുങ്ങുന്നു. ആക്സിഡന്റ് റിപ്പോർട്ടിങ് , ട്രാഫിക് അപ്ഡേറ്റുകൾ, പിഴ പേമന്റ് ഓപ്ഷനുകൾ എന്നിവ നൽകുന്നതിനായി രണ്ട് മാസത്തിനുള്ളിൽ (ആക്ഷനബിൾ ഇന്റലിജൻസ് ഫോർ സസ്റ്റൈനബിൾ ട്രാഫിക് മാനേജ്മെന്റ്(ASTraM) സംവിധാനം അവതരിപ്പിക്കും.
ഈ ആപ് തത്സമയ ട്രാഫിക് തിരക്ക് സംബന്ധിച്ച അപ്ഡേറ്റുകൾ നൽകുകയും അപകടങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുകയും ചെയ്യും. ട്രാഫിക് വിവരങ്ങൾക്കായി ഒന്നിലധികം നാവിഗേഷൻ ആപ്പുകളെയോ സോഷ്യൽ മീഡിയയെയോ ആശ്രയിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുകയാണ് ആപ് ലക്ഷ്യമിടുന്നത്. ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്താതെ ചിത്രങ്ങൾ സമർപ്പിച്ച് ഈ ആപ്പിലെ നിയമലംഘനങ്ങളും അപകടങ്ങളും റിപ്പോർട്ട് ചെയ്യാൻ കഴിയും.
5 കിലോമീറ്റർ ചുറ്റളവിൽ തത്സമയ ഗതാഗതക്കുരുക്ക് സംബന്ധിച്ച മുന്നറിയിപ്പുകൾ ഉൾപ്പെടെ യാത്രക്കാർക്ക് ഉപയോഗപ്രദമായ നിരവധി ഫീച്ചറുകൾ പുതിയ വൺ-സ്റ്റോപ്പ് സൂപ്പർ ആപ്ളിക്കേഷനിൽ ലഭിക്കുമെന്നാണ് റിപ്പോർട്ട്.
തത്സമയ ട്രാഫിക് അപ്ഡേറ്റുകൾ: 5 കിലോമീറ്റർ ചുറ്റളവിൽ തത്സമയ ട്രാഫിക്ക് തിരക്ക് സംബന്ധിച്ച അപ്ഡേറ്റുകൾ നൽകും, ഇത് ഉപയോക്താക്കളെ മുൻകരുതലെടുക്കാൻ സഹായിക്കുന്നു.
അപകട റിപ്പോർട്ടിങ്: ചിത്രങ്ങളും ലൊക്കേഷൻ വിശദാംശങ്ങളും നൽകിക്കൊണ്ട് ഉപയോക്താക്കൾക്ക് ആപ്പിലൂടെ നേരിട്ട് അപകടങ്ങളോ ട്രാഫിക് ലംഘനങ്ങളോ അജ്ഞാതമായി റിപ്പോർട്ട് ചെയ്യാം.
ഫൈൻ പേയ്മെന്റ്: ട്രാഫിക് പൊലീസ് സ്റ്റേഷനുകളിലേക്കുള്ളസന്ദർശനങ്ങളുടെ ആവശ്യകത ഒഴിവാക്കിക്കൊണ്ട് ട്രാഫിക് പിഴകൾ നേരിട്ട് കാണാനും അടയ്ക്കാനും ആപ്പ് ഉപയോക്താക്കളെ അനുവദിക്കും.ട്രാഫിക് സിമുലേഷനും മാനേജ്മെന്റും: ട്രാഫിക് ഫ്ലോ ഡിസ്പ്ലേ ചെയ്യാനും ട്രാഫിക് അധികാരികളെ തീരുമാനങ്ങൾ എടുക്കാനും ആപ് ഒരു ഡിജിറ്റൽ മാപ്പ് ഉപയോഗിക്കും.