Home Featured യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്യാൻ ടാസ്ക്; നഷ്ടമായത് 15 ലക്ഷം രൂപ

യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്യാൻ ടാസ്ക്; നഷ്ടമായത് 15 ലക്ഷം രൂപ

by admin

ന്യൂ‍ഡല്‍ഹി: യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്യുന്നതിന് പണം നല്‍കാമെന്ന വാട്‌സ്‌ആപ്പ് സന്ദേശത്തിലൂടെ ‍ഡല്‍ഹി സ്വദേശിക്ക് നഷ്ടമായത് 15 ലക്ഷം രൂപ. ഡല്‍ഹിയിലെ മഹാ ലക്ഷ്മി എൻക്ലേവില്‍ താമസിക്കുന്ന രാജേഷ് പാലിനെയാണ് വ്യാജസന്ദേശത്തിലൂടെ കബളിപ്പിച്ചത്. രാജേഷില്‍ നിന്ന് ഏകദേശം 15.2 ലക്ഷം രൂപ തട്ടിയെടുത്ത സൈബർ തട്ടിപ്പുകാരില്‍ ഒരാളായ ശുഭം മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തു.

മൂന്ന് വീഡിയോകള്‍ ലൈക്ക് ചെയ്തതിന് ശേഷം 150 രൂപ സംഘം പാലിന് കൈമാറിയിരുന്നു. തുടർന്ന് ടെലിഗ്രാം ഗ്രൂപ്പില്‍ ചേർത്തതിന് ശേഷം ഒരു ടാസ്‌കായി പണം നിക്ഷേപിക്കാൻ പാലിനോട് ആവശ്യപ്പെട്ടു. തുടക്കത്തില്‍ 5,000 രൂപയും പിന്നീട് 32,000 രൂപയും പിന്നീട് പല തവണകളിലായി തുക 15.20 ലക്ഷം രൂപയാകുന്നതുവരെ നിക്ഷേപം തുടരുകയായിരുന്നു. മുഴുവൻ തുകയും ഒറ്റയടിക്ക് തിരികെ നല്‍കാമെന്നായിരുന്നു വാഗ്ദാനം.

കാർ വില്‍പ്പനക്കാരനായി ജോലി ചെയ്തിരുന്ന മിശ്ര തൻ്റെ ബാല്യകാല സുഹൃത്തുക്കളുടെയും ക്ലാസ്മേറ്റ്സുകളുടെയും സഹായത്തോടെയാണ് ആളുകളെ കബളിപ്പിച്ചത്. പിടിക്കപ്പെടാതിരിക്കാൻ താമസസ്ഥലം നിരന്തരം മാറ്റി. രാജേഷിന് കൂടുതല്‍ പണം നല്‍കാൻ കഴിയില്ലെന്ന് തട്ടിപ്പുകാർ മനസ്സിലാക്കിയതോടെ പ്രതികള്‍ അയാളുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുകയായിരുന്നു. 2024 ജനുവരി 19ന് രാജേഷ് സൈബർ ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ഐ.പി.സി 420 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തെന്നും നോർത്ത്-ഈസ്റ്റ് ജില്ല ഡിസിപി ജോയ് ടിർക്കി പറഞ്ഞു.

വിവിധ അക്കൗണ്ടുകളിലായി തുക നിക്ഷേപിച്ചതായി പൊലീസ് കണ്ടെത്തി. ഈവിള്‍ കളക്ഷൻസ് എന്ന അക്കൗണ്ടില്‍ നിന്ന് ഒറ്റ ദിവസം കൊണ്ട് 1.5 കോടി രൂപയുടെ ഇടപാട് നടന്നതായി കണ്ടെത്തി. ഡല്‍ഹി, ബിഹാർ, മധ്യപ്രദേശ് എന്നീ പ്രദേശങ്ങള്‍ക്കിടയില്‍ അക്കൗണ്ട് ഉടമ നിരന്തരം താമസം മാറുകയായിരുന്നു. ഡല്‍ഹിയിലെ കപഷേര പ്രദേശത്ത് നിന്ന് പ്രസ്തുത അക്കൗണ്ടിൻ്റെ ഇടപാടുകളുടെ ഐപി ലോഗുകളുടെ സ്ഥാനം പൊലീസിന് ലഭിച്ചു.

ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡാണ് ഒടുവില്‍ മിശ്രയുടെ അറസ്റ്റിലേക്ക് നയിച്ചത്. അക്കൗണ്ടിലെ തട്ടിപ്പ് തുകയായ 49000 രൂപയും തട്ടിപ്പ് നടത്താൻ ഉപയോഗിച്ച ഫോണും കണ്ടെത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മിശ്രയുടെ കൂട്ടാളികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group