Home Featured കാത്തിരിപ്പിന് വിരാമം :സുനിത വില്യംസും വില്‍മോറും ഭൂമിയിലെത്തി, ഡ്രാഗണ്‍ പേടകം ‘കടല്‍തൊട്ടു’

കാത്തിരിപ്പിന് വിരാമം :സുനിത വില്യംസും വില്‍മോറും ഭൂമിയിലെത്തി, ഡ്രാഗണ്‍ പേടകം ‘കടല്‍തൊട്ടു’

by admin

കാത്തിരിപ്പിന് വിരാമം, സുനിതാ വില്യംസും സംഘവും സഞ്ചരിച്ച ക്രൂ- 9 ബഹിരാകാശ പേടകം മെക്സിക്കൻ ഉള്‍ക്കടലില്‍ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലില്‍ ലാൻഡ് ചെയ്തു.സ്പേസ് എക്സിന്റെ എംവി മേഗൻ എന്ന കപ്പല്‍ പേടകത്തെ കടലില്‍ നിന്ന് വീണ്ടെടുത്ത് യാത്രക്കാരെ കരയ്ക്കെത്തിക്കാനുള്ള ശ്രമം തുടരുന്നു. അങ്ങനെ മാസങ്ങള്‍ നീണ്ട ദൗത്യത്തിന് ശേഷം ക്രൂ 9 സംഘം ഭൂമിയിലെത്തി.ചൊവ്വാഴ്ച ഇന്ത്യൻ സമയം രാവിലെ 10:35നാണ് ഫ്രീഡം ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തത്.

നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച്‌ വില്‍മോർ, പിന്നെ റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോ‍ർബുനോവ് എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാര്‍. സ്റ്റാർലൈനർ പ്രതിസന്ധി കാരണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യ കാലാവധി നീട്ടേണ്ടി വന്ന സുനിത വില്യംസും ബുച്ച്‌ വില്‍മോറും നീണ്ട 9 മാസത്തെ ദൗത്യം ആവേശകരമായി പൂര്‍ത്തിയാക്കിയാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്. 2024 ജൂണ്‍ അഞ്ചിനായിരുന്നു ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പരീക്ഷണ പേടകത്തില്‍ സുനിത വില്യംസും ബുച്ച്‌ വില്‍മോറും ഐഎസ്‌എസിലേക്ക് കുതിച്ചത്. വെറും എട്ട് ദിവസം മാത്രമായിരുന്നു ദൗത്യ കാലയളവ്. എന്നാല്‍ സാങ്കേതിക തകരാര്‍ കാരണം സ്റ്റാര്‍ലൈനറില്‍ സുനിതയ്ക്കും ബുച്ചിനും മടങ്ങിവരാനായില്ല. ഇരുവരുമില്ലാതെ പേടകത്തെ ലാന്‍ഡ് ചെയ്യിക്കുകയാണ് ബോയിംഗും നാസയും ചെയ്തത്.

ഡ്രാഗണ്‍ പേടകത്തില്‍ നിന്ന് സോളാർ പാനലുകള്‍ അടങ്ങിയ ട്രങ്ക് എന്ന ഭാഗം ഇന്ന് (ബുധനാഴ്ച) പുലർച്ചെ 2.36-ഓടെ വേർപ്പെടുത്തി. തൊട്ടുപിന്നാലെ 2.41ഓടെ ഡ്രാഗണ്‍ പേടകം ഭൂമിയിലേക്ക് പ്രവേശിക്കാനായുള്ള അവസാനവട്ട എഞ്ചിൻ ജ്വലനം നടത്തുകയും ലാന്‍ഡിംഗ് പാത ഉറപ്പിക്കുകയും ചെയ്തു. മൂന്നരയോടെ പേടകം മെക്സിക്കൻ ഉള്‍ക്കടലില്‍ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് ലാൻഡ് ചെയ്തു. സ്പേസ് എക്സിന്‍റെ എംവി മേഗൻ എന്ന കപ്പല്‍ പേടകത്തെ കടലില്‍ നിന്ന് വീണ്ടെടുത്ത് സുനിതയെയും ബുച്ചിനെയും ഹേഗിനെയും ഗോര്‍ബുനോവിനെയും കരയിലെത്തിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group