കുളിക്കാതെ സ്കൂളില്‍ വന്നുവെന്ന കാരണത്താല്‍ കുട്ടികളെ പ്രിൻസിപ്പല്‍ തണുത്ത വെള്ളത്തില്‍ കുളിപ്പിച്ച വിഷയത്തില്‍ വിമര്‍ശനവുമായി രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും.
ഫരീദ് പൂരിലെ ബറേലീ (Bareilly) ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഛത്രപതി ശിവജി ഇന്റര്‍ കോളേജ് സ്കൂളിലാണ് സംഭവം. രാവിലെ കുളിക്കാതെ സ്കൂളില്‍ എത്തിയ അഞ്ച് വിദ്യാര്‍ത്ഥികളെയാണ് സ്കൂള്‍ പ്രിൻസിപ്പല്‍ തണുത്ത വെള്ളത്തില്‍ കുളിയ്ക്കാൻ നിര്‍ബന്ധിച്ചത്. കുട്ടികളെ നിര്‍ബന്ധിച്ചു യൂണിഫോം അഴിപ്പിക്കുകയും അവരെ വരിയായി നിര്‍ത്തിയ ശേഷം തണുത്ത വെള്ളത്തില്‍ കുളിയ്ക്കാൻ നിര്‍ബന്ധിക്കുകയുമായിരുന്നു.
ഈ ശിക്ഷാ നടപടി സ്കൂള്‍ പ്രിൻസിപ്പലായ റൻവിജയ് സിംഗ് ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. കുട്ടികള്‍ വ്യക്തി ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്താനാണ് ഇങ്ങനെ ഒരു നടപടിയെന്ന് പ്രിൻസിപ്പല്‍ വിശദീകരിച്ചു. ഈ വീഡിയോ പിന്നീട് മറ്റ് സ്കൂള്‍ ഗ്രൂപ്പുകളില്‍ പ്രചരിക്കുകയും ചെയ്തു. വീഡിയോയില്‍ കുട്ടികള്‍ തണുത്ത് വിറയ്ക്കുന്നത് കാണാൻ സാധിക്കും. എന്നാല്‍ കുട്ടികള്‍ക്ക് രസകരമായ അനുഭവമായിരുന്നു ഇതെന്നാണ് പ്രിൻസിപ്പല്‍ പറയുന്നത്.
തങ്ങള്‍ കുട്ടികളുടെ നഖങ്ങളും, ഷൂവും, യൂണിഫോമും എല്ലാം പരിശോധിച്ചിരുന്നു , അതിനിടയിലാണ് അഞ്ച് കുട്ടികള്‍ കുളിക്കാതെ വന്നത് ശ്രദ്ധയില്‍പ്പെട്ടത് തുടര്‍ന്ന് ഇന്റര്‍വല്‍ സമയത്ത് ഒരു പമ്ബ് സെറ്റ് കൊണ്ട് വരികയും അവരെ കുളിപ്പിക്കുകയുമായിരുന്നുവെന്ന് എന്ന് ഹിന്ദുസ്ഥാൻ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പ്രിൻസിപ്പല്‍ റൻവിജയ് സിംഗ് വ്യക്തമാക്കി. എന്നാല്‍ ഇത്ര തണുത്ത കാലാവസ്ഥയില്‍ വിദ്യാര്‍ത്ഥികളെ കുളിയ്ക്കാൻ നിര്‍ബന്ധിച്ചത് ശരിയായില്ല എന്നാണ് രക്ഷകര്‍ത്താകള്‍ പറയുന്നത്. ബറേലിയിലെ താപനില ഞായറാഴ്ച 3.5 ഡിഗ്രി സെല്‍ഷ്യസും തിങ്കളാഴ്ച 5.8 ഡിഗ്രി സെല്‍ഷ്യസും ആയിരുന്നു.