ബംഗളൂരു: വാലൈന്‍റന്‍സ് ദിനമായ ചൊവ്വാഴ്ച പ്രണയിനികളുടെ സ്നേഹപ്രകടനങ്ങള്‍ തടയുമെന്ന് ശ്രീരാമസേന. ഇതിനായി ഹോട്ടലുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തുമെന്ന് ദേശീയ പ്രസിഡന്‍റ് പ്രമോദ് മുത്തലിക് മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.പ്രണയദിന ആഘോഷങ്ങള്‍ക്കെതിരായ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായാണിത്. എല്ലാ വര്‍ഷവും തങ്ങള്‍ പ്രണയദിനത്തിലെ പരിപാടികളെ എതിര്‍ക്കാറുണ്ട്. ഇത്തവണയും അത് ചെയ്യും.
കര്‍ക്കള മണ്ഡലത്തില്‍നിന്ന് ഇത്തവണ മത്സരിക്കുമെന്ന് മുത്തലിക് നേരത്തേ അറിയിച്ചിരുന്നു. നിലവില്‍ ഈ മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്നത് ഉൗര്‍ജ-കന്നട-സാംസ്കാരിക വകുപ്പ് മന്ത്രി വി. സുനില്‍ കുമാര്‍ ആണ്. സംഘ്പരിവാറിന്‍റെ ഇഷ്ടക്കാരനാണ് സുനില്‍കുമാര്‍. എന്നാല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുത്തലിക് പ്രതികരിച്ചു.
ചൂലാണ് പരിഹാരം’ ആം ആദ്മി കാമ്ബയിന്‍ നാളെ മുതല്‍
ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആം ആദ്മി പാര്‍ട്ടി കാമ്ബയിന്‍ ഫെബ്രുവരി 15ന് ആരംഭിക്കും. ‘ചൂലാണ് പരിഹാരം’ എന്ന പ്രമേയത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണ യാത്രയോടെയാണ് കാമ്ബയിന്‍ തുടങ്ങുകയെന്ന് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്‍റ് മോഹന്‍ ദസരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ക്രാന്തി വീര സങ്കൊള്ളി രായണ്ണ റെയില്‍വേ സ്റ്റേഷന് മുന്നില്‍നിന്ന് ഫെബ്രുവരി 15നാണ് യാത്ര തുടങ്ങുക.
ശുചിത്വം, വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളാണ് കര്‍ണാടക നേരിടുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ ആശയങ്ങളും നയനിലപാടുകളും കൊണ്ടേ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ. ഇക്കാര്യങ്ങള്‍ ജനങ്ങളെ ബോധവത്കരിക്കാനാണ് ഈ പ്രമേയം സ്വീകരിച്ചത്. ബി.ജെ.പി, കോണ്‍ഗ്രസ്, ജനതാദള്‍ എസ് എന്നിവയുടെ ഭരണത്തിന് കീഴില്‍ ജനങ്ങള്‍ പൊറുതിമുട്ടി. ഡല്‍ഹിയിലെ ആം ആദ്മി ഭരണ നേട്ടങ്ങള്‍ കര്‍ണാടക ജനങ്ങള്‍ അറിയണമെന്നും ഭാരവാഹികള്‍ പറഞ്ഞു