ബംഗളൂരു: ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണക്കും പിതാവും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണക്കും സമൻസ് അയച്ച് പ്രത്യേക അന്വേഷണ സംഘം.
അച്ഛനോടും മകനോടും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജോലിക്കിടെ പിതാവും മകനും ചേർന്ന് ബാലത്സംഗം ചെയ്തുവെന്ന് കാണിച്ച് ഇരുവരുടെയും വീട്ടിലെ മുൻ പാചകക്കാരി നല്‍കിയ പരാതിയില്‍ രജിസ്റ്റർ ചെയ്ത കേസിലാണ് നോട്ടീസ്.
ജെ.ഡി.എസ് എം.പിയും ഹാസനിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയുടെ നിരവധി ലൈംഗികാക്രമണ വീഡിയോകള്‍ ഉള്‍പ്പെട്ട കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിന് പിന്നാലെയാണ് പാചകക്കാരിയുടെ പരാതിയിലെ കേസില്‍ സമൻസ് അയച്ചിരിക്കുന്നത്.
ഏപ്രില്‍ 26ന് വോട്ടെടുപ്പ് നടക്കും മുമ്ബാണ് പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാക്രമണ വീഡിയോകള്‍ ഹാസനില്‍ വ്യാപകമായി പ്രചരിച്ചത്. തുടർന്ന് അന്വേഷണത്തിനായി കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതിനുപിന്നാലെ പ്രജ്വല്‍ ജർമനിയിലേക്ക് രക്ഷപ്പെട്ടു. പ്രജ്വലിനെ പാർട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്തു.
പ്രജ്വലിന്‍റെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് നേരത്തെ തന്നെ പാർട്ടി നേതാക്കള്‍ അറിഞ്ഞിട്ടും മൗനം പാലിക്കുകയായിരുന്നു. പ്രജ്വലിന്‍റെ ലൈംഗികാതിക്രമങ്ങളുടെ 2976 വിഡിയോ ക്ലിപ്പുകള്‍ അടങ്ങിയ പെന്‍ഡ്രൈവ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ഹാസനില്‍ ജെ.ഡി.എസിന് സീറ്റ് നല്‍കിയാല്‍ തിരിച്ചടിയാകുമെന്നും 2023 ഡിസംബര്‍ എട്ടിന് കര്‍ണാടകയിലെ ബി.ജെ.പി നേതാവ് ദേവരാജ ഗൗഡ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് കത്തയച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം രേവണ്ണക്കൊപ്പം വേദി പങ്കിടുകയും ചെയ്തിരുന്നു.
രേവണ്ണയുടെ വീട്ടിലെ സ്റ്റോർ റൂമില്‍ വെച്ചാണ് വിഡിയോകള്‍ ചിത്രീകരിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ലൈംഗികാതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന പെൻഡ്രൈവുകള്‍ ഫോറൻസിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്.