രാജ്യത്തെ ധനികരായ മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മൂന്നാമത്. ടി.ഡി.പി പാർട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു (931 കോടി രൂപ), അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു (332 കോടി) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.52.59 കോടി രൂപയാണ് സിദ്ധരാമയ്യയുടെ ആസ്തി. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.കൂടുതല്‍ ബാധ്യതകളുള്ള മുഖ്യമന്ത്രിമാരുടെ ലിസ്റ്റിലും സിദ്ധരാമയ്യ രണ്ടാമതുണ്ട്.
റിപ്പോർട്ടനുസരിച്ച് 10 മുഖ്യമന്ത്രിമാർക്കെതിരെ കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, കൈക്കൂലി, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ഗുരുതരമായ ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റിയുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യക്കെതിരെയും അഴിമതിയാരോപണം നിലനില്‍ക്കുന്നുണ്ട്.
മകളെ മോചിപ്പിക്കാൻ സഹായിക്കണം’ കണ്ണീരോടെ നിമിഷപ്രിയയുടെ അമ്മ
യമനിലെ ജയിലില്‍ കഴിയുന്ന തന്റെ മകളുടെ വധശിക്ഷ ഒഴിവാക്കി മോചിപ്പിക്കാൻ എല്ലാവരും സഹായിക്കണമെന്ന് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി.യമനില്‍നിന്ന് ‘മാധ്യമ’ത്തോട് ഫോണില്‍ സംസാരിക്കുകയായിരുന്നു അവർ. അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ യമൻ പ്രസിഡന്റ് അംഗീകരിച്ചെന്നും ഇതിന്റെ രേഖകള്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ കൈയിലാണുള്ളതെന്നും മോചനശ്രമവും നിയമസഹായവും യമനില്‍ ഏകോപിപ്പിക്കുന്ന സാമുവല്‍ ജെറോം ‘മാധ്യമ’ത്തോട് പറഞ്ഞു. യമൻ പ്രസിഡന്റ് റഷാദ് അല്‍ അലിമിയാണ് നിമിഷപ്രിയയുടെ വധശിക്ഷക്ക് കഴിഞ്ഞ ദിവസം അനുമതി നല്‍കിയത്. യമൻ പൗരൻ തലാല്‍ അബ്ദുമഹ്ദിയെ വധിച്ച കേസില്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നഴ്സ് നിമിഷപ്രിയ 2017 മുതല്‍ യമൻ തലസ്ഥാനമായ സൻആയിലെ ജയിലിലാണ്.
2020ലാണ് വധശിക്ഷക്ക് വിധിച്ചത്. 2023 നവംബറില്‍ യമൻ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ ശിക്ഷ ശരിവെച്ചു. തലാലിന്റെ കുടുംബത്തിന് ദയാധനം (ബ്ലഡ്മണി) നല്‍കി മോചനം സാധ്യമാക്കാൻ ശ്രമം നടത്തിയിരുന്നു.ചർച്ച തുടങ്ങാൻ 19,871 യു.എസ് ഡോളർ സമാഹരിച്ചു നല്‍കി. എന്നാല്‍, 40,000 ഡോളർ വേണമെന്നായിരുന്നു ആവശ്യം. 2015 സൻആയില്‍ തലാലിന്റെ സ്പോണ്‍സർഷിപ്പില്‍ നിമിഷപ്രിയ ക്ലിനിക് തുടങ്ങിയിരുന്നു. സഹപ്രവർത്തകയുമായി ചേർന്ന് തലാലിനെ വധിച്ചെന്നാണ് കേസ്. നിമിഷയുടെ മോചനവുമായി ബന്ധപ്പെട്ട് മാതാവ് പ്രേമകുമാരി 2024 ഏപ്രിലിലാണ് യമനിലേക്ക് പോയത്. ഇവർ രണ്ടുതവണ ജയിലില്‍ മകളെ സന്ദർശിച്ചിരുന്നു.