ബെംഗളൂരു: വിഷുവിനെ വരവേൽക്കാനുള്ള തയ്യാറാടെപ്പിലാണ് മലയാളികൾ. മറുനാടൻ മലയാളികളാകട്ടെ വിഷു ആഘോഷിക്കാനായി നാട്ടിലേക്ക് വരാൻ ഒരുങ്ങുകയാണ്. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നവരാൻണ് നിങ്ങളെങ്കിൽ അധികം വൈകാതെ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടതുണ്ട്. ട്രെയിൻ ടിക്കറ്റ് ഇതിനോടകം തന്നെ വെയ്റ്റിങ് ലിസ്റ്റിൽ ആയ സ്ഥിതിയ്ക്ക് ഇനി ബസിനെയാണ് ആശ്രയിക്കാനുള്ളത്. കെഎസ്ആർടിസിയും കർണാടക ആർടിസിയിലെയും ടിക്കറ്റ് ബുക്കിങ്ങും അതിവേഗം പുരോഗമിക്കുകയാണ്.
ഒരു മാസം മുന്നേയാണ് കെഎസ്ആർടിസിയിൽ ടിക്കറ്റ് റിസർവേഷൻ ആരംഭിക്കുന്നത്. ഏപ്രിൽ 14നാണ് തിങ്കളാഴ്ചയാണ് ഇത്തവണ വിഷു. ഒക്ടോബർ 13 ഞായറാഴ്ചയും 12 രണ്ടാം ശനിയാഴ്ചയും ആയതിനാൽ വെള്ളിയാഴ്ച തന്നെ വിഷു ആഘോഷിക്കാൻ നാട്ടിലേക്ക് വരാൻ കഴിയും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ ബസുകളിൽ എല്ലാം വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ഒട്ടും വൈകാതെ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുണ്ട്.
കെഎസ്ആർടിസിയിൽ ഏപ്രിൽ 11ന് കണ്ണൂരിലേക്കുള്ള ഭൂരിഭാഗം ബസുകളിലെയും ടിക്കറ്റ് പൂർണ്ണമായും ബുക്കിങ്ങായി കഴിഞ്ഞു. അതേസമയം കോഴിക്കോടേക്കുള്ള സർവീസുകളിൽ നിലവിൽ ടിക്കറ്റുകൾ ബാക്കിയുണ്ട്. വെള്ളിയാഴ്ച കോഴിക്കോടേക്കുള്ള ചുരുക്കം ബസുകളിൽ മാത്രമേ ബുക്കിങ് പൂർണ്ണമായിട്ടുള്ളൂ.ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് സൂപ്പർ എക്സ്പ്രസ് എയർ ബസുകൾക്ക് 640 രൂപയും, സ്വിഫ്റ്റ് ഗരുഡ എസി സീറ്റർ ബസിന് 913 രൂപയും, സ്വിഫ്റ്റ് – ഹൈബ്രിഡ് നോൺ എസി സീറ്റർ കം സ്ലീപ്പർ ബസിന് 650 രൂപയും എസി മൾട്ടി ആക്സിലിന് 1053 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സ്വിഫ്റ്റ് ഡീലക്സ് എയർ ബസുകൾക്ക് 713 രൂപയും നൽകണം.
ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള കെഎസ്ആർടിസി ബസിൽ മൂന്ന് സർവീസുകളിൽ ഇപ്പോൾ തന്നെ ബുക്കിങ് പൂർത്തിയായിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ വൈകീട്ടുള്ള ബസുകളിലെ ബുക്കിങ്ങാണ് അതിവേഗം പൂർത്തിയാകുന്നത്. മറ്റ് സർവീസുകളിൽ ഏതാനം ടിക്കറ്റുകളാണ് ബാക്കിയുള്ളത്. ബെംഗളൂരുവിൽ നിന്ന് കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന കർണാടക ആർടിസി ബസുകളിലും ഇപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും.
സ്ഥിരം ബസുകളിലെ സീറ്റുളുടെ ബുക്കിങ് പൂർത്തിയായാൽ സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചേക്കും. വിഷു പോലെയുള്ള ഉത്സവ സീസണിൽ കെഎസ്ആർടിസിയും കർണാടക ആർടിസിയും സ്പെഷ്യൽ ബസ് സർവീസുകൾ നടത്താറുണ്ട്. വിഷു, ഈസ്റ്റർ സീസണിലെ തിരക്ക് പരിഗണിച്ച് റെയില്‍വേ പ്രത്യേക ട്രെയിൻ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.