ബെംഗളൂരു: ബെംഗളൂരുവിൽ ദേശസാല്‍കൃത ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാതായതായി പരാതി.24 ലക്ഷത്തിലേറെ വില വരുന്ന സ്വര്‍ണാഭരണങ്ങളാണ് കാണാതായത്. ആര്.എം.വി എക്സ്റ്റന്‍ഷനില്‍ താമസിക്കുന്ന 57 വയസുകാരിയായ ഡോക്ടറാണ് പരാതിക്കാരി. തന്റെ 24 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് നഷ്ടപ്പെട്ടതെന്ന് ഇവര്‍ പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. പ്രദേശത്തെ ഒരു ബാങ്ക് ശാഖയിലാണ് ഈ സംഭവം നടന്നത്. മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി 27-നാണ് ഇവര്‍ ലോക്കറില്‍ നിന്ന് ആഭരണങ്ങള്‍ എടുത്തത്.വിവാഹ ചടങ്ങുകള്‍ക്ക് ശേഷം മാര്‍ച്ച് മൂന്നിന് രാവിലെ ആഭരണങ്ങള്‍ തിരികെ വെക്കാനായി ഇവര്‍ ബാങ്കിലെത്തി. മാല, സ്വര്‍ണ്ണ ചെയിന്‍, ഒരു ജോഡി ജിമിക്കി, രണ്ട് വളകള്‍ എന്നിവയുള്‍പ്പെടെ ഏകദേശം 150 മുതല്‍ 160 ഗ്രാം വരെ തൂക്കം വരുന്ന ആഭരണങ്ങള്‍ ഒരു സുതാര്യമായ പ്ലാസ്റ്റിക് ബോക്സിലാക്കിയാണ് ഇവര്‍ ലോക്കറില്‍ വെച്ചത്. ഇതിനെല്ലാം കൂടി 24 ലക്ഷത്തോളം രൂപ വരും. ഇതിനു ശേഷം ലോക്കര്‍ കൃത്യമായി പൂട്ടിയാണ് വീട്ടിലേക്കു മടങ്ങിയതെന്നും ഇവര്‍ പറയുന്നു. എന്നാല്‍ മാര്‍ച്ച് 12-ന് ബാക്കിയുള്ള ആഭരണങ്ങള്‍ കൂടി ലോക്കറില്‍ വെക്കാനായി വീണ്ടും ബാങ്കിലെത്തിയപ്പോഴാണ് ആദ്യം വച്ച സ്വര്‍ണമടങ്ങിയ പ്ലാസ്റ്റിക് ബോക്സ് ലോക്കറില്‍ നിന്ന് കാണാതായ വിവരം ഇവര്‍ തിരിച്ചറിഞ്ഞത്.തുടര്‍ന്ന് ഡോക്ടര്‍ ബാങ്ക് അധികൃതരെ വിവരമറിയിക്കുകയും അവര്‍ മാര്‍ച്ച് മൂന്നിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു.
ഇവര്‍ ഒരു പ്ലാസ്റ്റിക് ബോക്സും ബ്രൗണ്‍ നിറത്തിലുള്ള ചെറിയ ബാഗുമായി ലോക്കര്‍ റൂമിലേക്ക് പ്രവേശിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ തിരികെ വരുമ്പോള്‍ ഇവരുടെ കയ്യില്‍ ബ്രൗണ്‍ ബാഗ് മാത്രമാണുണ്ടായിരുന്നത്.ബാങ്ക് ജീവനക്കാരുടെ ഭാഗത്തുനിന്ന് തൃപ്തികരമായ പ്രതികരണം ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബാങ്ക് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കായി ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.സര്‍ണം വയ്ക്കാന്‍ ബാങ്ക് ലോക്കറുകള്‍ സുരക്ഷിതമാണെന്ന് നമ്മള് കരുതുമ്പോഴും, ചില മുന്‍കരുതലുകള്‍ എടുക്കുന്നത് ഇത്തരം വലിയ നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ബാങ്ക് ലോക്കര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:ലോക്കര്‍ അനുവദിച്ചു കിട്ടുമ്പോള്‍ തന്നെ അതിന്റെ വാതിലുകള്‍ക്കും പൂട്ടുകള്‍ക്കും എന്തെങ്കിലും തകരാറുണ്ടോ എന്ന് കൃത്യമായി പരിശോധിക്കുക. തുരുമ്പിച്ചതോ പഴയതോ ആയ ലോക്കറുകള്‍ ഒഴിവാക്കി സുരക്ഷിതമായവ ആവശ്യപ്പെടാം.ലോക്കറില്‍ വെക്കുന്ന ഓരോ സാധനത്തിന്റെയും കൃത്യമായ വിവരങ്ങളും ഫോട്ടോയും ഒരു ഡയറിയിലോ ഫോണിലോ രേഖപ്പെടുത്തി വെക്കുക. ഓരോ തവണ ലോക്കര്‍ തുറക്കുമ്പോഴും എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്ന് ഈ പട്ടികയുമായി ഒത്തുനോക്കുക.ലോക്കര്‍ മാസങ്ങളോളം തുറക്കാതെ ഇരിക്കുന്നത് ഒഴിവാക്കുക. കുറഞ്ഞത് മൂന്ന് മാസത്തിലൊരിക്കലെങ്കിലും ലോക്കര്‍ തുറന്ന് സാധനങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക.