Home Featured തിരുപ്പതി ദുരന്തം: തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ മലയാളിയും

തിരുപ്പതി ദുരന്തം: തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ മലയാളിയും

by admin

തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരില്‍ മലയാളിയും. പാലക്കാട് വണ്ണാമട വെള്ളാരംകല്ല് മേടിലെ നിർമ്മലയാണ് മരിച്ചത്.നിർമ്മല ഉള്‍പ്പടെയുള്ള ആറംഗ സംഘം ചൊവ്വാഴ്ചയാണ് തിരുപ്പതിയിലെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി ബന്ധുക്കള്‍ അറിയിച്ചു.നിർമല കർണാടക സ്വദേശിയാണെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകള്‍. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മലയാളിയെന്ന് തിരിച്ചറിഞ്ഞത്. തമിഴ്നാട് സേലം സ്വദേശിനി മല്ലിക (49), ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശികളായ ലാവണ്യ (40), രജനി (47), ശാന്തി (34), ആന്ധ്രാപ്രദേശിലെ നരസിപ്പട്ടണം സ്വദേശി നായിഡു ബാബു (51) എന്നിവരാണ് മരിച്ച മറ്റുള്ളവർ.

20 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ റൂയ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.വൈകുണ്ഠ ഏകാദശി കൂപ്പണ്‍ വിതരണ കൗണ്ടറിന് മുന്നിലേക്ക് ആളുകള്‍ ഉന്തി തള്ളി കയറുകയായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ അപകടം ഉണ്ടാവുകയായിരുന്നു. തിരക്കില്‍പ്പെട്ട് ആളുകള്‍ പരിഭ്രാന്തരായി സ്ഥലത്ത് നിന്ന് ഓടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.കൂപ്പണ്‍ വിതരണ കൗണ്ടർ തുറക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്നാളുകള്‍ തള്ളി കയറിയതാണ് അപകടകാരണമായത്.

ജനുവരി പത്തിന് തിരുപ്പതിയില്‍ നടക്കുന്ന വൈകുണ്ഠ ഏകാദശിയുടെ ഭാഗമായി വൈകുണ്ഠ ദ്വാര ദര്‍ശനത്തിനുള്ള കൂപ്പണ്‍ വിതരണത്തിനായി 90 കൗണ്ടറുകളാണ് തുറന്നിരുന്നത്. സ്ഥിതി ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല. തിരക്ക് നിയന്ത്രിക്കാൻ സംവിധാനം ഉണ്ടായിരുന്നില്ല.തിരുപ്പതിയിലുണ്ടായത് അതീവ ദുഃഖകരമായ സംഭവമാണെന്നും, മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനമറിയിക്കുന്നതായും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.മരിച്ച ആറ് പേർക്കും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും അനുശോചനം രേഖപ്പെടുത്തി.

You may also like

error: Content is protected !!
Join Our WhatsApp Group