ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങള്‍ വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാർത്തകളും തെറ്റായ അവകാശവാദങ്ങളും പ്രചരിപ്പിക്കുകയാണ് പാകിസ്ഥാനിലെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍.പാകിസ്ഥാൻ നാവികസേന ‘ബെംഗളൂരു തുറമുഖം’ ആക്രമിച്ചതായുള്ള വ്യാജ അവകാശവാദങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇല്ലാത്ത തുറമുഖത്തെ ആക്രമിച്ചെന്ന അവകാശവാദത്തെ പരിഹസിച്ച് നിരവധി ഇന്ത്യക്കാരാണ് രംഗത്തെത്തിയിരിക്കുന്നത്.
ബെംഗളൂരു തുറമുഖം പാകിസ്ഥാൻ നാവികസേന ‘നശിപ്പിച്ചത്’ ആഘോഷിച്ച പാകിസ്ഥാൻ അക്കൗണ്ടിലെ അവകാശവാദത്തെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ അരുണ്‍ ബോത്ര പരിഹസിച്ചു. ‘ബെംഗളൂരു തുറമുഖം പാകിസ്ഥാൻ നാവികസേന നശിപ്പിച്ചു’ എന്നായിരുന്നു ഫവാദ് ഉർ റഹ്മാൻ എന്ന വ്യക്തിയുടെ പോസ്റ്റ്. ‘ബെംഗളൂരുവില്‍ യുഎസ്ബി പോർട്ടുകള്‍ മാത്രമേയുള്ളൂ’ എന്നായിരുന്നു അരുണ്‍ ബോത്രയുടെ പരിഹാസം. തുറമുഖമില്ലാത്ത, കരയാല്‍ ചുറ്റപ്പെട്ട ഒരു നഗരമാണ് കർണാടകയുടെ തലസ്ഥാനമായ ബെംഗളൂരു എന്ന വസ്തുത മറച്ചുവെച്ചാണ് പാകിസ്ഥാനികള്‍ ഇത്തരത്തിലുള്ള വ്യാജ അവകാശവാദങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. തീരത്ത് നിന്ന് കുറഞ്ഞത് 300 കിലോമീറ്റർ എങ്കിലും അകലെയാണ് ബെംഗളൂരു.
ഫവാദ് ഉർ റഹ്മാന്റെ പോസ്റ്റ് പെട്ടെന്ന് തന്നെ വ്യാപകമായ ട്രോളിന് കാരണമായി. ഇന്ത് – പാകിസ്ഥാൻ സംഘർഷത്തിന്റെ സമയത്ത് സോഷ്യല്‍ മീഡിയയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ഇത് മാറി. ഇതിന് പുറമെ ‘പാട്ന തുറമുഖം’ നശിപ്പിച്ചെന്ന് അവകാശപ്പെടുന്ന മറ്റൊരു സ്ക്രീൻഷോട്ടിനെ പരിഹസിച്ചുകൊണ്ട് അവാനിഷ് ശരണ്‍ ഐഎഎസ് തന്റെ എക്സ് പോസ്റ്റിലൂടെ പൊട്ടിച്ചിരിക്കുന്ന സ്മൈലിയിലൂടെ മറുപടി നല്കി. ബെംഗളൂരുവിനെ പോലെ തന്നെ ബീഹാറിലെ പാട്നയും കരയാല്‍ ചുറ്റപ്പെട്ട മറ്റൊരു ഇന്ത്യൻ നഗരമാണ്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തെറ്റായ അവകാശവാദങ്ങള്‍ പൊളിച്ചെഴുതാൻ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് യൂണിറ്റ് ഫലപ്രദമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യാ പാകിസ്ഥാൻ സംഘർഷത്തിന്റെ യഥാർത്ഥ വീഡിയോ ക്ലിപ്പുകള്‍ എന്ന നിലയില്‍ നിരവധി കോംബാറ്റ് ഗെയിമിംഗ് വീഡിയോകള്‍ ഓണ്‍ലൈനില്‍ പങ്കിടുന്നുണ്ടെന്ന് പിഐബി ഫാക്ട് ചെക്ക് അടുത്തിടെ പുറത്തിറക്കിയ ഒരു പോസ്റ്റില്‍ ഉപയോക്താക്കളെ അറിയിച്ചു.