മുസ്ലീം പുരുഷന്മാര്‍ക്ക് വിവാഹമോചനം നേടാതെ തന്നെ വീണ്ടും വിവാഹിതന്‍ ആകാമെന്നും എന്നാല്‍ മുസ്ലീം സ്ത്രീകളുടെ കാര്യത്തില്‍ ഇത് ബാധകമല്ലെന്നും കോടതി. ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് മുസ്ലീം ദമ്ബതികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് ഇത്തരത്തില്‍ ഒരു നിരീക്ഷണം നടത്തിയത്.
ഇസ്ലാം വിശ്വാസികളായ പ്രായപൂര്‍ത്തിയായ പങ്കാളികളാണ് തങ്ങള്‍ എന്ന് വ്യക്തമാക്കിയായിരുന്നു ഇവര്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ‘നിക്കാഹ്നാമ’പ്രകാരം ഇക്കഴിഞ്ഞ ജനുവരി 19നാണ് നിക്കാഹ് നടന്നത്. എന്നാല്‍ ഇതിന് പിന്നാലെ ബന്ധുക്കള്‍ ഭീഷണിയുമായെത്തുന്നുവെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.
ഹര്‍ജി പ്രകാരം ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. സമ്മതം ഇല്ലാതിരുന്നിട്ട് കൂടി വീട്ടുകാര്‍ നിര്‍ബന്ധപൂര്‍വ്വമാണ് ആദ്യ വിവാഹം നടത്തിയതെന്നാണ് ഇരുവരും ആരോപിക്കുന്നത്. തന്‍റെ ആദ്യ ഭര്‍ത്താവിന്‍റെ കുടുംബത്തിനെതിരെ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സ്ത്രീ ഹര്‍ജിയില്‍ പറയുന്നു. ഈ പരാതിയിലാണ് കോടതി നിര്‍ണ്ണായക നിരീക്ഷണങ്ങള്‍ നടത്തിയത്.
മുസ്ലീം ആയതിനാല്‍, അപേക്ഷകര്‍ക്ക് രണ്ടാം വിവാഹത്തിന് പ്രശ്നങ്ങളൊന്നുമില്ലെന്നും അതുകൊണ്ട് തന്നെ ജീവനും സ്വത്തിനും സംരക്ഷണം തേടാമെന്നുമാണ് ദമ്ബതികളുടെ വൈവാഹിക നിലയെക്കുറിച്ചുള്ള ചോദ്യത്തില്‍ അഭിഭാഷകന്‍ കോടതിയില്‍ പ്രതികരിച്ചത്. എന്നാല്‍ സ്ത്രീയുടെ ആദ്യവിവാഹത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് മുന്‍ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം തേടാതെ സ്ത്രീക്ക് വീണ്ടും വിവാഹിതയാകാന്‍ കഴിയില്ലെന്ന കാര്യം കേസ് പരിഗണിച്ച ജസ്റ്റിസ് അല്‍ക്ക സരിന്‍ അറിയിച്ചത്.
–
‘പരാതിക്കാരി ഒരു മുസ്ലീം സ്ത്രീയാണ്. നേരത്തെ വിവാഹിതായാണെന്ന് അവര്‍ സമ്മതിച്ചിട്ടുമുണ്ട്. എന്നാല്‍ അത് എപ്പോള്‍ ആര്‍ക്കൊപ്പം എന്നത് സംബന്ധിച്ച് വിശദാംശങ്ങളൊന്നുമില്ല. അത് മാത്രമല്ല മുസ്‌ലിം വ്യക്തിഗത നിയമപ്രകാരമോ 1939 മുസ്‌ലിം വിവാഹ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചോ ഇവര്‍ ആദ്യഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല. ആ സാഹചര്യത്തില്‍ അവരുടെ ആദ്യവിവാഹം നിയമത്തിന്‍റെ കണ്ണില്‍ ഇപ്പോഴും നിലനില്‍ക്കുന്നതാണ്. ഒന്നാം കക്ഷി ആദ്യഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടാത്ത സാഹചര്യത്തില്‍ ദമ്ബതികളെന്ന നിലയില്‍ പരാതിക്കാര്‍ക്ക് എങ്ങനെ സംരക്ഷണം നല്‍കാനാകും. ആദ്യ ഭര്‍ത്താവില്‍ നിന്നും സ്ത്രീ നിയമപരമായ സാധുതയുള്ള വിവാഹമോചനം നേടിയിട്ടില്ല എന്നിരിക്കെയാണ് പരാതിക്കാര്‍ വിവാഹം ചെയ്തിരിക്കുന്നത്’
–
‘ഒരു മുസ്ലീം പുരുഷന്‍ തന്റെ മുന്‍ ഭാര്യയെ വിവാഹമോചനം ചെയ്യാതെ ഒന്നിലധികം തവണ വിവാഹം കഴിച്ചേക്കാം, പക്ഷേ ഇത് ഒരു മുസ്ലീം സ്ത്രീക്ക് ബാധകമല്ല. തന്റെ ആദ്യ ഭര്‍ത്താവിനെ മുസ്ലീം വ്യക്തിഗത നിയമപ്രകാരം അല്ലെങ്കില്‍ 1939 ലെ മുസ്ലീം വിവാഹ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം വിവാഹമോചനം നടത്തിയാല്‍ മാത്രമെ മുസ്ലീം സ്ത്രീക്ക് വീണ്ടും വിവാഹിതയാകാന്‍ കഴിയു. വാസ്തവത്തില്‍, ഹര്‍ജിക്കാരിയായ സ്ത്രീ ആദ്യ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടാതെയാണ് വീണ്ടും വിവാഹിത ആയത് എങ്കില്‍ ഹര്‍ജിക്കാര്‍ തമ്മിലുള്ള വിവാഹം നിയമവിരുദ്ധമായി കണക്കാക്കേണ്ടി വരും’ എന്നായിരുന്നു ജസ്റ്റിസ് അല്‍ക്കയുടെ വാക്കുകള്‍.
ദമ്ബതികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയെങ്കിലും രണ്ട് വ്യക്തികളായി ജീവനും സ്വത്തിനും സംരക്ഷണം തേടി പൊലീസിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.