Home Featured മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികള്‍ സിനിമാ ചിത്രീകരണത്തില്‍ പാടില്ലെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ

മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികള്‍ സിനിമാ ചിത്രീകരണത്തില്‍ പാടില്ലെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ

മൂന്ന്മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ച്‌ ദേശീയ ബാലാവകാശ കമ്മീഷന്‍.കുട്ടികളെ അഭിനിയിപ്പിക്കുന്നതിനായി കമ്മീഷന്‍ പുറത്തിറക്കിയ കരട് മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ആറ് വയസില്‍ താഴെയുള്ള കുട്ടികളെ ശക്തമായ വെളിച്ചത്തിന്‍റെ കീഴില്‍ കൊണ്ടുവരികയോ തീവ്രമായ മേക്കപ്പുകള്‍ ഉപയോഗിക്കുകയോ ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.

ഷൂട്ടിങ് സെറ്റുകളില്‍ കുട്ടികള്‍ നിരന്തരം ചൂഷണം ചെയ്യപ്പെടുന്നു എന്ന് കാട്ടി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.സിനിമ സിരീയല്‍ എന്നിവയക്ക് പുറമെ ഒടിടി, സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങളുടെ ചിത്രീകരണത്തിനും മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങള്‍ ബാധകമാണ്. കുട്ടികളെ ചിത്രീകരണത്തിന് ഉപയോഗിക്കുന്നതിനായി ജില്ലാ മജിസ്ട്രേറ്റില്‍ നിന്നും നിര്‍മ്മാതാവ് അനുമതി വാങ്ങണം.

സെറ്റിലെ അന്തരീക്ഷം പരിശോധിച്ച ശേഷം മജിസ്ട്രേറ്റ് നല്‍കുന്ന ആറുമാസം കാലാവധിയുള്ള പെര്‍മിറ്റ് ഉപയോഗിച്ച്‌ കുട്ടികളെ ചിത്രീകരണത്തില്‍ പങ്കെടുപ്പിക്കാം.കുട്ടികളുടെ മാനസീകാരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള രംഗങ്ങളില്‍ അവര്‍ അഭിനയിക്കുന്നില്ല എന്നത് നിര്‍മ്മാതാവ് ഉറപ്പുവരുത്തിയിരിക്കണം. കൂടാതെ കുട്ടികളുടെ മുന്നില്‍ വച്ച്‌ മദ്യപാനം, പുകവലി മറ്റ് ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതിനും നഗ്നത പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കുണ്ട്.

മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ മുലയൂട്ടല്‍, പ്രതിരോധ ബോധവത്ക്കരണ പരിപാടികളുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മാത്രം ഉപയോഗിക്കാമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.ചിത്രീകരണ സ്ഥലം കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണം, സെറ്റിലെ അംഗങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ ഇല്ല എന്ന് ഉറപ്പുവരുത്തണം. പോഷകഗുണമുള്ള ആഹാരം കുട്ടികള്‍ക്ക് നല്‍കണമെന്നും നിര്‍ദേശമുണ്ട്.

കുട്ടികളുമായി കരാറില്‍ ഏര്‍പ്പെടരുത്. 27 ദിവസം കൊണ്ട് ഷൂട്ടിങ് അവസാനാപ്പിക്കണം, 6 മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി കുട്ടികളെ ഷൂട്ടിങ്ങിന് ഉപയോഗിക്കരുത് , ഓരോ മൂന്ന് മണിക്കൂറിനിടയിലും ഇടവേളകള്‍ അനുവദിക്കണം.രാത്രി 7 മണി മുതല്‍ രാവിലെ 8 മണി വരെ ഇവരെ ജോലി ചെയ്യിപ്പിക്കാന്‍ പാടില്ലെന്നും കരട് മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

ഷൂട്ടിങ്ങിനിടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കാതിരിക്കേണ്ടത് നിര്‍മ്മാതാവിന്റെ കടമയാണെന്നും, സ്‌കൂള്‍ വിട്ട് പോകുന്ന സമയത്ത് ഇത്തരം കുട്ടികള്‍ക്ക് സ്വകാര്യ അദ്ധ്യാപകരെ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കുമെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group