ബെംഗളൂരു : ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയ്ക്ക് കർണാടകത്തിന്റെ ‘നന്ദിനി’യും. കർണാടക സഹകരണ പാൽ ഉത്പാദക ഫെഡറേഷന്റെ (കെ.എം.എഫ്.) നന്ദിനി പാൽ മേളക്കെത്തുന്നവർക്ക് ചായയുടെ പുതുരുചി പകരും. ഇതിനായി പ്രമുഖ ചായ-കാപ്പി ബ്രാൻഡായ ചായ് പോയിന്റുമായി കെ.എം.എഫ്. കരാറൊപ്പിട്ടു. കുംഭമേളവേദിയിൽ ചായ് പോയിന്റ് തുറക്കുന്ന പത്ത് സ്റ്റോറുകളിൽ നന്ദിനിപ്പാലുകൊണ്ടുണ്ടാക്കുന്ന ചായയാകും വിതരണംചെയ്യുക. ഇത്തവണ കുംഭമേളയിൽ ഒരു കോടി കപ്പ് ചായ വിൽക്കാനാണ് ചായ് പോയിന്റ് ലക്ഷ്യമിടുന്നത്.
ഒരു പരിപാടിക്ക് വിൽക്കുന്ന ഏറ്റവും കൂടുതൽ ചായ എന്ന നിലയിൽ ഗിന്നസ് റെക്കോഡിൽ ഇടം പിടിക്കാനാണ് ലക്ഷ്യം. ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേള. സ്റ്റോറുകളിൽ ‘നന്ദിനി’യുടെ പലഹാരങ്ങളും മിൽക്ക് ഷെയ്ക്കും ഉൾപ്പെടെയുള്ള മറ്റ് ഉത്പ ന്നങ്ങളും വിൽപ്പനക്ക് വെക്കുമെന്ന് കെ.എം.എഫ്. അറിയിച്ചു. ഉത്തരേന്ത്യൻ മാർക്കറ്റിലേക്ക് കടന്നുകയറാനുള്ള നന്ദിനിയുടെ ശ്രമത്തിന്റെ ഭാഗമായാണ് കുംഭമേളയിൽ സാന്നിധ്യമുറപ്പിച്ചത്. നന്ദിനിക്ക് ഇതിലൂടെ അപൂർവമായ അവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് കെ.എം.എഫ്. മാനേജിങ് ഡയറക്ടർ ബി. ശിവസ്വാമി പറഞ്ഞു.
മകര സംക്രാന്തി, പൊങ്കല്‍; ജനുവരി 15ന് നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റി
മകര സംക്രാന്തി, പൊങ്കല്‍ എന്നിവയുള്‍പ്പെടെയുള്ള ഉത്സവങ്ങള്‍ കണക്കിലെടുത്ത് ജനുവരി 15 ന് നടത്താൻ നിശ്ചയിച്ചിരുന്ന യുജിസി-നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) മാറ്റിവച്ചതായി നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പ്രഖ്യാപിച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.മറ്റു ദിവസങ്ങളിലെ പരീക്ഷ തിയ്യതികളില്‍ മാറ്റമുണ്ടാകില്ല. ജനുവരി 15ലെ പരീക്ഷ മറ്റൊരു ദിവസം നടക്കുമെന്നും പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു.അസിസ്റ്റന്‍റ് പ്രൊഫസർ നിയമനം, പിഎച്ച്‌ഡി പ്രവേശനം, ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് എന്നിവയുമായി ബന്ധപ്പെട്ടുള്ള പരീക്ഷകള്‍ നടന്നു വരുകയായിരുന്നു.
പൊങ്കല്‍, മകരസംക്രാന്തി ഉള്‍പ്പെടെയുള്ള ഉത്സവങ്ങള്‍ കണക്കിലെടുത്ത് ജനുവരി 15 ന് നടത്താനിരുന്ന പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എൻടിഎയ്ക്ക് ഉദ്യോഗാർത്ഥികളില്‍ നിന്നടക്കം നിവേദനങ്ങള്‍ ലഭിച്ചു. ഉദ്യോഗാർത്ഥികളുടെ താല്‍പ്പര്യാർത്ഥം പരീക്ഷ മാറ്റിവച്ചതായും പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും എൻടിഎ ഡയറക്ടർ (പരീക്ഷകള്‍) രാജേഷ് കുമാർ പറഞ്ഞു