Home Featured ചല്ലഘട്ടെ-വൈറ്റ്ഫീല്‍ഡ് റൂട്ടില്‍ ഇനി തടസ്സമില്ലായാത്ര

ചല്ലഘട്ടെ-വൈറ്റ്ഫീല്‍ഡ് റൂട്ടില്‍ ഇനി തടസ്സമില്ലായാത്ര

by admin

ബംഗളൂരു: യാത്രക്കാരുടെ ഏറെ നാളായുള്ള മുറവിളി ഒടുവില്‍ ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പറേഷൻ (ബി.എം.ആര്‍.സി.എല്‍) കേട്ടു.

നമ്മ മെട്രോയുടെ പര്‍പ്പിള്‍ ലൈനില്‍ ഇനി പൂര്‍ണമായി ഒറ്റ സ്ട്രച്ചില്‍ സഞ്ചരിക്കാം. പര്‍പ്പിള്‍ ലൈനിലെ ബൈയപ്പനഹള്ളി-കെ.ആര്‍ പുരം, ചല്ലഘട്ട-കെങ്കേരി പാതകള്‍ തിങ്കളാഴ്ച പുലര്‍ച്ച അഞ്ചിന് തുറന്നുകൊടുത്തതോടെയാണിത്. ചല്ലഘട്ടെ മുതല്‍ കാടുഗൊഡി (വൈറ്റ്ഫീല്‍ഡ്) വരെ 42.49 കിലോമീറ്റര്‍ ദൂരം ഒറ്റ ട്രെയിനില്‍ സഞ്ചരിക്കാൻ സഹായിക്കുന്നതാണ് ഇരുപാതകളും.

നിലവില്‍ കെങ്കേരി ഭാഗത്തുനിന്ന് വൈറ്റ്ഫീല്‍ഡിലേക്ക് പോകുന്നവര്‍ ബൈയ്യപ്പനഹള്ളിയില്‍ ഇറങ്ങി മറ്റ് മാര്‍ഗങ്ങളിലൂടെ കെ.ആര്‍ പുരത്തെത്തി വീണ്ടും മെട്രോ യാത്ര തുടങ്ങേണ്ടിയിരുന്നു. ഈ അവസ്ഥയാണ് തിങ്കളാഴ്ചേയാടെ മാറിയത്. ബൈയപ്പനഹള്ളിയില്‍ ഇറങ്ങി പുറത്തുവന്ന് പിന്നീട് മറ്റ് വാഹനങ്ങളില്‍ കെ.ആര്‍ പുരം സ്റ്റേഷനില്‍ എത്തി മെട്രോയില്‍ തുടര്‍യാത്ര നടത്തുമ്ബോള്‍ 30 മിനിറ്റിലധികം സമയം യാത്രക്കാര്‍ക്ക് പാഴാകുമായിരുന്നു.

എന്നാല്‍, പുതിയ പാതകളില്‍ സര്‍വിസ് തുടങ്ങിയതോടെ മിനിറ്റുകള്‍ക്കുള്ളില്‍ കെ.ആര്‍ പുരവും താണ്ടി വൈറ്റ്ഫീല്‍ഡില്‍ എത്താനാകും. ഇതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 75,000ത്തില്‍നിന്ന് 80,000 ആയി ഉയരുമെന്ന് ബി.എം.ആര്‍.സി.എല്‍ എം.ഡി അഞ്ജും പര്‍വേസ് പറഞ്ഞു.

ഇരുപാതകളും തുറന്നത് സ്ഥിരം മെട്രോ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമായിട്ടുണ്ട്. പ്രത്യേക ഉദ്ഘാടന ചടങ്ങുകള്‍ ഒന്നുമില്ലാതെയാണ് ബി.എം.ആര്‍.സി.എല്‍ പാതകള്‍ തുറന്നുകൊടുത്തത്. ഇതാദ്യമായാണ് ഉദ്ഘാടന ചടങ്ങുകളോ വി.ഐ.പികളുടെ പ്രാതിനിധ്യമോ ഇല്ലാതെ പുതിയ പാതകളില്‍ സര്‍വിസ് തുടങ്ങുന്നത്. സ്ഥിരം യാത്രക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും വൻസമ്മര്‍ദം ഉയര്‍ന്നതോടെയാണ് ചടങ്ങുകള്‍ ഇല്ലാതെ പെട്ടെന്നുതന്നെ സര്‍വിസ് തുടങ്ങാൻ ബി.എം.ആര്‍.സി.എല്ലിനെ പ്രേരിപ്പിച്ചത്.

ദിവസങ്ങള്‍ക്ക് മുമ്ബാണ് പാതയില്‍ റെയില്‍വേ സുരക്ഷ കമീഷണറുടെ പരിശോധന പൂര്‍ത്തിയായത്. നേരത്തേ സെപ്റ്റംബര്‍ അവസാനത്തോടെ സര്‍വിസ് തുടങ്ങാനാണ് മെട്രോ റെയില്‍ കോര്‍പറേഷൻ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നത് വൈകിയതോടെയാണ് നീണ്ടുപോയത്. തിങ്കളാഴ്ച ഉദ്ഘാടനം ചെയ്ത പാതകള്‍ ആകെ 4.15 കിലോമീറ്ററാണുള്ളത്. ഇതോടെ നമ്മ മെട്രോയുടെ ആകെ ദൂരം 69.66 കിലോമീറ്ററില്‍നിന്ന് 73.81 കിലോമീറ്ററായി.

43 കിലോമീറ്റര്‍, ടിക്കറ്റ് നിരക്ക് 60 രൂപ

ചല്ലഘട്ട മുതല്‍ കടുഗോഡി (വൈറ്റ്ഫീല്‍ഡ്) വരെ 43 കിലോമീറ്ററാണുള്ളത്. 80 മിനിറ്റാണ് യാത്രാസമയം. 60 രൂപയാണ് ടിക്കറ്റ് നിരക്ക്. പര്‍പ്പിള്‍ ലൈനില്‍ ആകെ 37 സ്റ്റേഷനുകളാണുള്ളത്. വൈറ്റ്ഫീല്‍ഡ് സ്റ്റേഷനില്‍ നിന്നുള്ള അവസാന ട്രെയിൻ രാത്രി 10.45നാണ് പുറപ്പെടുക.

സെൻട്രല്‍ സില്‍ക്ക് ബോര്‍ഡിലേക്ക് ഫീഡര്‍ ബസുകള്‍

കെ.ആര്‍ പുരം മെട്രോ സ്റ്റേഷനില്‍നിന്ന് സെൻട്രല്‍ സില്‍ക്ക് ബോര്‍ഡിലേക്ക് ബി.എം.ടി.സി ഫീഡര്‍ ബസ് സര്‍വിസുകള്‍ തുടങ്ങിയിട്ടുണ്ട്. ഇതിനായി 15 ബസുകളാണുള്ളത്. നേരത്തേ ബൈയപ്പനഹള്ളിക്കും കെ.ആര്‍ പുരത്തിനും ഇടയിലായിരുന്നു ഫീഡര്‍ ബസുകള്‍ ഓടിയിരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group